Foto

സിനിമയുടെ സുവിശേഷം - THE BICYCLE THIEVES

ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ,

1948 ല്‍ പുറത്തിറക്കിയ ഇറ്റാലിയന്‍ നിയോ റിയലിസ്റ്റ് ചലച്ചിത്രമാണ് ബൈസിക്കിള്‍ തീവ്സ്. വിത്തോ റിയോ ഡിസികയാണ് സംവിധായകന്‍. ലൂയിജി ബര്‍തോലിനിയുടെ ഇതേ പേരിലുള്ള നോവലിന് ചേസരെ സവാറ്റിനി ഒരുക്കിയ തിരക്കഥ. ഇദ്ദേഹം ഒരുപാട് കാലം ഡിസിക്കയോടൊപ്പം പ്രവര്‍ത്തിച്ചു. കൂടാതെ റൊബെര്‍ത്തോ റൊസല്ലിനി, മൈക്കളാഞ്ചലോ അന്‍തോണിയോണി, ഫെഡറിക്കോ ഫെല്ലിനി എന്നീ വിശ്വപ്രസിദ്ധ ചലച്ചിത്രകാരന്മാരൊടൊപ്പവും സിനിമകളൊരുക്കി. 1945 ല്‍ റൊസ്സലിനിയുടെ 'റോമ ചിത്താ അപ്പെര്‍ത്ത' (റോം, ഓപ്പണ്‍ സിറ്റി) എന്ന സിനിമയിലൂടെ തുടങ്ങിയ ചലച്ചിത്രധാരയാണ് നിയോ റിയലിസം. 1940 കളുടെ അവസാനത്തോടെ ഉയര്‍ന്നുവന്ന ചലച്ചിത്ര പ്രതിഭാസമാണിത്. ഡിസിക്കാ, റോസല്ലിനി, ജൂസപ്പേ ഡെ സാന്റിസ് തുടങ്ങിയ സംവിധായകര്‍ ക്യാമറയുമായി തെരുവിലേക്കിറങ്ങി. സ്വാഭാവിക വെളിച്ചം മാത്രമുപയോഗിച്ചും പ്രൊഫഷണല്‍ അല്ലാത്ത നടന്മാരെ ഉപയോഗിച്ച് ബജറ്റ് കുറച്ചും ഇവര്‍ അടിസ്ഥാന ജനതയുടെ ജീവിതം പ്രത്യേകിച്ച് മഹായുദ്ധാനന്തരമുള്ള ജീവിതം വിവരിക്കുന്ന ചലച്ചിത്രം നിര്‍മ്മിച്ചു. യുദ്ധാനന്തര രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിന്റെ ദുരവസ്ഥയുടെ വിവരണമാണ് ബൈസിക്കിള്‍ തീവ്സ്. ഒരു വ്യക്തിയുടെ ജീവിതത്തിലൂടെ സാര്‍വത്രിക വ്യവസ്ഥയിലേക്ക് - ഡിസിക്കാ നയിക്കുന്നു. റോമന്‍ ജീവിതത്തിന്റെ കാഴ്ച്ചയിലൂടെ സംവിധായകന്‍ കണ്ണാടി തിരിക്കുന്നത് ലക്ഷകണക്കായ മനുഷ്യ ജീവിതങ്ങളിലേക്കാണ്. ദരിദ്രര്‍ നേരിടുന്ന അനീതിയുടെ കഥ പറയാന്‍ അനേകം സംവിധായകരെ ഈ സിനിമ പ്രേരിപ്പിച്ചിട്ടുണ്ട്.

അതിജീവിക്കാനും ജീവിതം തിരികെപ്പിടിക്കാനും ധര്‍മബോധത്തെ അല്പം മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന ദുര്‍ബല മനുഷ്യരുടെ കഥയിതിലുണ്ട്. ഇത്തരം മനുഷ്യരുടെ ലോകം ഒരാളില്‍ ചുരുങ്ങുന്നില്ല. മനുഷ്യ ജീവിതത്തെ സത്യസന്ധമായി അവതരിപ്പിക്കുന്നു ഇത് എന്ന് ചലച്ചിത്ര പണ്ഡിതന്‍ ആന്ദ്രേ ബാസിന്‍ ഇതേക്കുറിച്ച് പറഞ്ഞു 'no more action, no more story, no more sets, which is to say in the perfect aesthetic illusion of reality '' വളരെക്കുറച്ച് കഥാപാത്രങ്ങളിലൂടെ കഥ പറയാന്‍ കഴിയുന്നു. അന്തോണിയോ റിച്ചി ബ്രൂണോ എന്ന മകന്‍, (മരിയ ഭാര്യ) കള്ളന്‍, വൃദ്ധന്‍, പോലീസുകാരന്‍, സ്നേഹിതന്‍, ഉപദേശകന്‍, കള്ളന്റെ അമ്മ, ഡ്രൈവര്‍ ഇത്രയും പേരിലൂടെ കഥ വികസിക്കുന്നു. അന്തോണിയോ റിച്ചിയായി അഭിനയിച്ച ലാബെര്‍ട്ടോ മജോറാനി non-Professional ആയിരുന്നു. ഫാക്ടറി തൊഴിലാളി ആയിരുന്ന അയാളെ ഡിസി ക്ക നേരിട്ട് കണ്ടെത്തിയതാണ്. ബ്രൂണോ ആയി മാറിയ എന്‍സോ സ്റ്റേയോളയെയും മരിയയുടെ വേഷം ചെയ്ത ലിയോനെല്ലയെയും സംവിധായകന്‍ കണ്ടെത്തിയതാണ്. പത്രപ്രവര്‍ത്തക ആയിരുന്ന ലിയോനെല്ല ഡിസിക്കയുടെ നിര്‍ബന്ധത്തിലാണ് മരിയയുടെ വേഷം ചെയ്തത്.

ഒരു സൈക്കിള്‍ ഉണ്ടെങ്കില്‍ മാത്രം അന്തോണിയോ റിച്ചിക്ക് ജോലി തരപ്പെടും.  ആ വീട്ടില്‍ ആകെയുള്ള ഒരു ലിനന്‍പുതപ്പ് വില്‍ക്കാന്‍ മരിയ തീരുമാനിക്കുന്നു. Holywood icon Rita hayworth ന്റെ poster പതിച്ചുകൊണ്ടാണ് അയാള്‍ ജോലിക്കുള്ള ഒരുക്കം നടത്തുന്നത്. 1940 കള്‍ക്കുശേഷം അമേരിക്കന്‍ ചലച്ചിത്രം യൂറോപ്യന്‍ സിനിമകള്‍ക്കു മീതെ ആധിപത്യം ഉറപ്പിച്ചുതുടങ്ങി. ഈ പോസ്റ്റര്‍ പതിക്കുന്ന ജോലിക്കിടയില്‍ അയാളുടെ ജീവിതത്തിലുള്ള ഏക ആശ്രയമായ സൈക്കിള്‍ ആരോ മോഷ്ടിച്ചു. മോഷ്ടാവിനെ അയാള്‍ തന്നത്താന്‍ കണ്ടെത്താന്‍ പോലീസ് പറയുന്നു. റോമില്‍ മുഴുവന്‍ തിരയണം? പിന്നെയെന്തിനാണ് പരാതി നല്കുന്നത്? piazza vittoria യായിലും തുടര്‍ന്ന് Porta Portese യിലും തിരച്ചില്‍. അവിടെ മോഷ്ടാവിനെ കാണുന്നു. കൂടെ ഒരു വൃദ്ധനും. മോഷ്ടാവ് ഓടി. വൃദ്ധന്‍ ഓടി പള്ളിയില്‍ക്കയറുന്നു. അയാളില്‍ നിന്ന് ബലമായി അഡ്രസു വാങ്ങുന്നു. കുഞ്ഞ് ബ്രൂണോയും ഒപ്പം ഉണ്ട്. ഇടയ്ക്ക് അവനോട് ദേഷ്യപ്പെടുന്നു. പിന്നീട് ധനികര്‍ക്കു മാത്രം കയറാന്‍ കഴിയുന്നതാണ് ചില റസ്റ്റോറന്റുകള്‍ എന്ന ബോധ്യത്തില്‍ അവിടെ നിന്നും നിരാശരായി പുറത്തിറങ്ങുന്നു. ഭാവി പ്രവചിക്കുന്ന ആളെ കാണാന്‍ കയറുന്നു. ''ഒന്നുങ്കില്‍ ഇപ്പോള്‍ കാണും, അല്ലെങ്കില്‍ ഒരിക്കലുമില്ല.'' 
മോഷ്ടാവിനെ കാണുന്നു. ബലമായി പിടികൂടുന്നു.എന്നാല്‍ പോലീസും നാട്ടുകാരും മോഷ്ടാവിനനുകൂലമായതോടെ നിരാശരായി പിന്മാറേണ്ടിവരുന്നു. കാരണം കയ്യില്‍ തെളിവില്ല. അങ്ങനെ മടങ്ങുമ്പോള്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിനുപുറത്ത് ധാരാളം സൈക്കിള്‍ നിരത്തിവച്ചിരിക്കുന്നു.  അതിജീവനമോഹത്തില്‍ അത്രനാള്‍നടന്ന ധര്‍മ്മബോധത്തിന്റെ വഴിയില്‍ നിന്ന് അന്റോണിയോ മാറിനിന്നു. 
ഒരു സൈക്കിള്‍ മോഷ്ടിക്കാന്‍ തീരുമാനിച്ചു. പിടിക്കപ്പെടുന്നു. വലിയ അപമാനം നേരിടുന്നു. ബ്രൂണോ കരഞ്ഞുകൊണ്ട് അന്റോണിയയുടെ അടുക്കല്‍. സൈക്കിള്‍ ഉടമസ്ഥന്‍ അവരെ വെറുതെ വിടാന്‍ തീരുമാനിക്കുന്നു. സൈക്കിള്‍ തീവ്സ് ഉയര്‍ത്തുന്ന പ്രമേയങ്ങള്‍ എക്കാലത്തും പ്രസക്തമാണ്

1. വ്യക്തിയും ആള്‍ക്കൂട്ടവും
അന്റോണിയോ എന്ന വ്യക്തി ആള്‍ക്കൂട്ടത്തെ കണ്ടുമുട്ടുന്നത് നാം കാണുന്നു. ചിലപ്പോഴൊക്കെ അത് ഏറ്റുമുട്ടലാണ്. അന്റോണിയോ എന്ന വ്യക്തിയും അധികാരവും നേര്‍ക്കുനേര്‍ വരുന്നതുകാണാം. മനുഷ്യവ്യക്തി എന്ന പരിഗണന നേടാനാണ് ഇതില്‍ ഏറെയും. ആള്‍ക്കൂട്ടത്തോട് ഏറ്റുമുട്ടി പരാജിതനാകുന്നത്, സൈക്കിള്‍ നഷ്ടമായത്, പോലീസില്‍ പരാതി നല്കി നിരാശനാകുന്നത്, തൊഴിലാളിവര്‍ഗപാര്‍ട്ടിയുടെ തിരസ്‌കാരം ഇതെല്ലാം അന്റോണിയോയെ ഒരു കാര്യം പഠിപ്പിച്ചു. സമൂഹത്തിലെ ഭൂരിപക്ഷശക്തികളോട് വ്യക്തിക്ക് ഏറ്റുമുട്ടാന്‍ കഴിയില്ല. കാരണം, അവയ്ക്ക് നിങ്ങളെ പട്ടിണിക്കിടാന്‍ കഴിയും, ചിലപ്പോള്‍ കള്ളനാക്കാനും സാധിക്കും. 

എല്ലാ സംവിധാനങ്ങളും വ്യക്തിയുടെ അടിസ്ഥാനപ്രശ്നങ്ങളെ പരിഹരിക്കുന്നതിന് അപര്യാപ്തമാകുന്നു. അന്തോണിയോയുടെ അശ്രദ്ധയാണ് സൈക്കിള്‍ നഷ്ടപ്പെടുന്ന തിന് കാരണം എന്നാരോപിക്കുന്നതില്‍ കഴമ്പില്ല. മറ്റുള്ളവരുടെ ധര്‍മ്മബോധം ഒരാളുടെ ജീവിതത്തെ നിര്‍ണയിക്കുന്നു. മനുഷ്യനെ കൂടുതല്‍ ദരിദ്രനാക്കുന്നത് സംവിധാനങ്ങളുടെ കഴിവുകേടാണ്. ഒരുപാട് സംവിധാനങ്ങളിലൂടെ അന്തോണിയോ സഹായം തേടിപ്പോകുന്നു. പോലീസ്, തൊഴില്‍ വകുപ്പ്, പാര്‍ട്ടി അങ്ങനെ. പക്ഷെ വിശക്കുന്ന തൊഴില്‍രഹിതനായ ജീവനോപാധി മോഷ്ടിക്കപ്പെട്ടവനുവേണ്ടി ഒരു സംവിധാനവും ഉപയോഗപ്പെടുന്നില്ല.

2. കുടുംബത്തെ സംരക്ഷിക്കാനുള്ള തീവ്രശ്രമങ്ങളാണ് അന്തോണിയോയില്‍. ആകെയുള്ള പുതപ്പ് വിറ്റ് സൈക്കിള്‍ വാങ്ങാന്‍ ഉപദേശിക്കുന്നത് ഭാര്യ മരിയ ആണ്. ഒടുവില്‍ സൈക്കിള്‍ മോഷണത്തില്‍ പിടിക്കപ്പെടുമ്പോള്‍ അപമാനിതനായി കരയുന്ന പിതാവിനെ ബ്രൂണോ എന്ന മകന്‍ കൈപിടിച്ചാ ശ്വസിപ്പിക്കുന്നു. തകര്‍ന്നു പോകുമായിരുന്ന അന്തോണിയോയെന്ന കുടുംബനാഥന്റെ ജീവിതത്തില്‍ പ്രതീക്ഷ മടക്കി നല്കുന്നത് ബ്രൂണോയുടെ സ്പര്‍ശമാണ്.

3. ദാരിദ്ര്യം മറ്റൊരു വിഷയമാണ് സിനിമയില്‍. യുദ്ധാനന്തര യൂറോപ്പ് പ്രത്യേകിച്ച് ഇറ്റലി ദരിദ്രമാണ്. ദാരിദ്ര്യത്തിന്റെ വ്യത്യസ്തമുഖങ്ങള്‍ സിനിമയിലുണ്ട്. വൃദ്ധര്‍, തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍, പണം യാചിക്കുന്ന കുട്ടി, അങ്ങനെ ധാരാളം ചിത്രങ്ങളിലൂടെ അക്കാലത്തെ സാമൂഹ്യസാഹചര്യങ്ങള്‍ വ്യക്തമാക്കുന്നു. ഷീറ്റുപകരം പണം വാങ്ങുന്ന അന്തോണിയോ കാണുന്നത് അത്തരം ധാരാളം ഷീറ്റുകള്‍ അവിടെ കിടക്കുന്നതാണ്. അന്തോണിയോയെപ്പോലെ അനേകം ആളുകള്‍ വീട്ടിലെ ദാരിദ്രം മൂലം വീട്ടുസാധനങ്ങള്‍ വില്ക്കുന്നതിന്റെ വിളംബരമാണത്. കാറുകള്‍ കുറയുകയും സൈക്കിളുകള്‍ കൂടുകയും ചെയ്യുന്ന റോം അക്കാലത്തെ ദാരിദ്രത്തിന്റെ അടയാളമാണ്.

4. സൈക്കിളിന് പുതിയ ചില അര്‍ത്ഥസാധ്യതകള്‍ കൈവരുന്നു. പ്രതീക്ഷ, അഭിമാനം, സഞ്ചാരസ്വാതന്ത്ര്യം എന്നിങ്ങനെ പലതും. സുഖകരമായ ഉറക്കത്തെക്കാള്‍ മരിയ വിലമതിച്ചത് ഇവയാണ്. അതിനാലാണ് 'We can sleep  without sheets' എന്ന് മരിയ പറയുന്നത്.

സൈക്കിള്‍ നഷ്ടമായത് പരാതിപ്പെടാന്‍ എത്തിയ അന്തോണിയോയോട് സ്വയം അന്വേഷിക്കാനാണ് പോലീസ് ആവശ്യപ്പെടുന്നത്. ''പിന്നെ എന്തിന് പരാതി പറയണം?'' ഇതായിരുന്നു അന്തോണിയോയുടെ മറുപടി.

അന്തോണിയോ സൈക്കിള്‍ മോഷ്ടാവിനെ തേടിയെത്തിയപ്പോള്‍ അയാളുടെ അയല്‍ക്കാര്‍ സംഘടിക്കുകയും അന്തോണിയോയെ നേരിടുകയും ചെയ്യുന്നു. അശക്തനായ വ്യക്തിയോട് ഏറ്റുമുട്ടുന്ന ചിന്തയില്ലാത്ത ആള്‍ക്കൂട്ടം. സംഘടിത സ്വഭാവമുള്ള എല്ലാറ്റില്‍ നിന്നും ജീനോപാധി പോലും നഷ്ടമായ മനുഷ്യന് അവഗണനയും അനീതിയും നേരിടുകയാണ്. കള്ളനെ സംരക്ഷിക്കാനും അന്തോണിയോയെ എതിര്‍ക്കാനും ഈ സംഘടിതരൂപം പരിശ്രമിക്കുകയാണ്. ഇത് ഇന്നും നമുക്ക് കാണാം. എല്ലായിടത്തും എന്നത് ഈ സിനിമയെ കാലാതിവര്‍ത്തി യാക്കുന്നു. ബൈസിക്കിള്‍ തീവ്സ് മികച്ച ക്ലാസിക്കാണ്. നിയോ റിയലിസ്റ്റിക് ചലചിത്രരൂപത്തിലെയും ലോകസിനിമയിലെയും മികച്ച സൃഷ്ടിയായി എന്നും വാഴ്ത്തപ്പെടും.

ബൈസിക്കിൽ തീവ്സ് സിനിമ കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 
https://www.youtube.com/watch?v=wpj52n7onK4&t=195s
 

Comments

leave a reply