ഞായറാഴ്ച (31/01/21) വത്തിക്കാനിൽ ദൃശ്യമാദ്ധ്യമങ്ങളിലൂടെ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ പ്രഖ്യാപനം നടത്തിയത്.
പ്രതിവർഷം ജൂലൈ 26-ന് ആചരിക്കപ്പെടുന്ന യേശുവിൻറെ മുത്തശ്ശീമുത്തശ്ശന്മാരായ വിശുദ്ധരായ ജൊവാക്കിമിൻറെയും അന്നയുടെയും തിരുന്നാളിനോടടുത്ത്, ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ആയിരിക്കും അനുവർഷം ആഗോളസഭയിൽ ഈ ദിനം ആചരിക്കുകയെന്നും പാപ്പാ വെളിപ്പെടുത്തി.
വാർദ്ധക്യം ഒരു ദാനമാണെന്നും, ജീവിതത്തിൻറെയും വിശ്വാസത്തിൻറെയും അനുഭവം യുവജനത്തിനു പകർന്നു നല്കുന്നതിന് മുത്തശ്ശീമുത്തശ്ശന്മാർ തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നും വൃദ്ധജനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.
മുത്തശ്ശീ മുത്തശ്ശമ്മാരെയും, വേരുകൾ കാത്തുസൂക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നതിലടങ്ങിയിരിക്കുന്ന സമ്പന്നതയും നാം പലപ്പോഴും മറന്നുപോകുന്നുണ്ടെന്നും ഇക്കാരണത്താലാണ് താൻ മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനും വേണ്ടിയുള്ള ഒരു ലോക ദിനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും പാപ്പാ വെളിപ്പെടുത്തി.
ഫെബ്രുവരി 2-ന് (02/02/21) തിരുസഭ യേശുവിൻറെ സമർപ്പണത്തിരുന്നാൾ ആചരിക്കുന്നതും പാപ്പാ അനുസ്മരിച്ചു.
യേശുവിനെ ദേവാലയത്തിൽ സമർപ്പിച്ച ആ ദിവസത്തിലാണ്, വൃദ്ധരായ ശിമയോനും അന്നയും പരിശുദ്ധാത്മാവിനാൽ പ്രബുദ്ധരായി, യേശുവിൽ മിശിഹായെ തിരിച്ചറിഞ്ഞതെന്ന് പപ്പാ പറഞ്ഞു.
വൃദ്ധജനങ്ങളിൽ ഇന്നും പരിശുദ്ധാരൂപി ജ്ഞാന ചിന്തകളും വചനങ്ങളും ഉണർത്തുണ്ടെന്നും അവരുടെ സ്വരം ദൈവസ്തുതി ആലപിക്കുന്നതിനാലും ജനതകളുടെ വേരുകൾ കാത്തുസൂക്ഷിക്കുന്നതിനാലും അമൂല്യങ്ങളാണെന്നും പാപ്പാ പ്രസ്താവിച്ചു.
മുത്തശ്ശീമുത്തശ്ശന്മാർ കൊച്ചുമക്കളുമായും പേരക്കുട്ടികൾ മുത്തശ്ശീമുത്തശ്ശന്മാരുമായും കൂടിക്കാഴ്ച നടത്തേണ്ടത് സുപ്രധാനമാണെന്ന് പറയുന്ന പാപ്പാ ഫെബ്രുവരി 2 വാസ്തവത്തിൽ മുത്തശ്ശീമുത്തശ്ശന്മാരും കൊച്ചുമക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഉത്സവദിനമാണെന്ന് കൂട്ടിച്ചേർത്തു.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
Comments