സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ പകര്‍ന്ന് നല്‍കുക
ഫരിദാബാദ് രൂപതയുടെ വിശ്വാസ പരിശീലനത്തിന്റെ പുതിയ ആപ്തവാക്യം
ഫരിദാബാദ്: ഫരിദാബാദ് രൂപതയില്‍ 2021-22 വിശ്വാസ പരിശീലന അദ്ധ്യായന വര്‍ഷം ആരംഭം കുറിച്ച പശ്ചാത്തലത്തില്‍ വിശ്വാസ പരിശീലനത്തിന്റെ പുതിയ ആപ്തവാക്യം അടങ്ങിയ ലോഗൊ ഫരീദാബാദ് രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രകാശനം ചെയ്തു. 'സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ പകര്‍ന്ന് നല്‍കുക' എന്നതാണ് പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ആപ്ത വാക്യം.കരോള്‍ബാഗിലുള്ള രൂപത കാര്യാലയത്തില്‍ വച്ചാണ് ലോഗൊ പ്രകാശനം നടന്നത്. രൂപത ക്യാറ്റികിസം ഡയറക്ടര്‍ ഫാദര്‍ ബാബു ആനിത്താനം, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ ജോമോന്‍ കപ്പലുമാക്കല്‍, ക്യാറ്റകിസം ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റ് ഭാരവാഹികളും ലോഗൊ പ്രകാശന വേളയില്‍ സന്നിഹിതരായിരുന്നു. നവ മാധ്യമങ്ങളുടെ ഉപയോഗം ജീവിതത്തിന്റെ വിവിധ മേഖലകളില്‍ അനിവാര്യമായി മാറിയ ഈ കാലഘട്ടത്തില്‍ ഇവയെ പക്വതയോടു കൂടി കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ ഉള്‍പടെ എല്ലാവരും പ്രാവിണ്യം നേടണമെന്ന് ആര്‍ച്ച്ബിഷപ്പ് ലോഗൊ പ്രകാശന വേളയില്‍ പറഞ്ഞു. അസത്യം പ്രചരിപ്പിക്കുന്നതും സത്യം വളചൊടിക്കുന്നതും നവ മാധ്യമ ശൈലിയായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ നവ മാധ്യമങ്ങളിലൂടെ ക്രിസ്തു എന്ന സത്യത്തെ പകര്‍ന്നു കൊടുക്കുക എന്നത് വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികളുടെയും വിശ്വാസ ജീവിതം നയിക്കുന്ന എല്ലാ വരുടെയും കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അതുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവും സ്വാധീനവും വര്‍ദ്ധിച്ച ഈ സാഹചര്യത്തില്‍ 'സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ പകര്‍ന്ന് നല്‍കുക' എന്ന ആപ്തവാക്യം പുതിയ അദ്ധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓണ്‍ലൈനായിട്ടായിരിക്കും ക്യാറ്റകിസം നടക്കുക എന്നും അടുത്ത ആഴ്ച മുതല്‍ എല്ലാ ഞായറാഴ്ചകളിലും രൂപതയുടെ എല്ലാ ഇടവകകളിലും ഓണ്‍ലൈന്‍ ക്യാറ്റകിസം ഉണ്ടായിരിക്കുമെന്നും ക്യാറ്റികിസം ഡയറക്ടര്‍ ഫാദര്‍ ബാബു ആനിത്താനം അറിയിച്ചു.

Comments