Foto

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് വിട.

ജോഷി ജോര്‍ജ്
 

പോപ്പ് എമിരറ്റസ്  ബെനഡിക്ട് പതിനാറാമന്‍ എന്ന അനുഗ്രഹീത വ്യക്തിത്വം ഇനി എക്കാലവും വിശ്വാസസമൂഹത്തിന്റെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുകതന്നെ ചെയ്യും. 
2005-ല്‍ തന്റെ 78-ാം വയസ്സിലാണ് അദ്ദേഹം മാര്‍പാപ്പയായി  ആ മഹനീയസ്ഥാനത്തെത്തുന്നത്. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായംകൂടിയ മാര്‍പാപ്പയായിരുന്നു അദ്ദേഹം. സ്വജീവിതം പരമയാഗമായി  സമൂഹത്തിനു സമര്‍പ്പിക്കാനുള്ള ആത്മീയ സൗന്ദര്യവും തീവ്രതയും എന്നും കൈമുതലായുള്ളയാളായിരുന്നു  മുന്‍പാപ്പാ ബനഡിക്ട് പതിനാറാമന്‍.   
തൊണ്ണൂറ്റഞ്ചുകാരനായ ബനഡിക്ട് മാര്‍പാപ്പ, നല്ല ഇടയനായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്റെ  പിന്‍ഗാമിയായി . വി. പത്രോസിന്റെ സിഹാസനത്തില്‍ വാണരുളി.  കേവലം എട്ട് സംവത്സരങ്ങള്‍ക്കു ശേഷം    2013ഫെബ്രുവരിയില്‍  അദ്ദേഹം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. 600 വര്‍ഷത്തിനിടെ കത്തോലിക്ക സഭയില്‍ സ്ഥാനത്യാഗം ചെയ്ത ഏകമാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വിശ്രമകേന്ദ്രത്തിലാണ് ഇ ക്കണ്ട കാലമത്രയും  കഴിഞ്ഞത്. പ്രായംകൊണ്ട് ക്ഷീണിതനെങ്കിലും അനുദിന കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചിരുന്ന ബെനഡിക്ട് 16-മന്‍ പാപ്പായുടെ പ്രഖ്യാപനം ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. 2013 ഫെബ്രുവരി 28 ന് രാത്രി എട്ടുമണിക്ക് താന്‍ സ്ഥാനത്യാഗംചെയ്യുമെന്ന് അതേ മാസം 11-തിയതി രാവിലെ വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ സമ്മേളനത്തിലാണ് പാപ്പാ പ്രഖ്യാപിച്ചത്.
സഭയിലെ മൂന്നു വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുുള്ള നടപടിക്രമങ്ങളുടെ അവസാനത്തിലാണ് തികച്ചും ആകസ്മികമായി പാപ്പാ ഇതറിയിച്ചത്. 
അങ്ങ് ജര്‍മ്മനിയിലെ ബവേറിയായിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ റാത്സിങ്കറിന്റെ  മൂന്നു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു ജോസഫ് റാത്സിങ്കര്‍. 1927-ല്‍ ഏപ്രില്‍ 16-തിയതി ഈസ്റ്റര്‍ പ്രഭാതത്തിലാണ് മേരിക്കും ജോസഫ് റാത്സിങ്കറിനും  മൂന്നാമത്തെ കുഞ്ഞു പിറന്നത്. പഴയ ചട്ടപ്രകാരം അന്നുതന്നെ അവന് ജ്ഞാനസ്നാനം നല്കുകയും ജോസഫ് എന്ന് പിതാവിന്റെ പേരിടുകയും ചെയ്തു.1932-ല്‍ ജൂണ്‍ മാസത്തെ ആദ്യ ഞായറാഴ്ച. തെക്കെ ജര്‍മ്മനിയിലെ ഫ്രെയ്സിങ് ഇടവകയില്‍ അന്നൊരു സവിശേഷ ദിനമായിരുന്നു. മ്യൂനിക്ക് ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മൈക്കിള്‍ ഫ്ലെയ്ബര്‍ ഇടവക സന്ദര്‍ശിക്കുകയായിരുന്നു. പൂച്ചെണ്ടുകളുമായി കര്‍ദ്ദിനാളിനെ സ്വീകരിക്കാന്‍ നിരന്ന കുട്ടികളില്‍ നീണ്ടു മെലിഞ്ഞ അഞ്ചു വയസ്സുകാരന്‍ ജോസഫ് റാത്സിങ്കറും ഉണ്ടായിരുന്നു. സ്വീകരണ പരിപാടി കഴിഞ്ഞ് ജോസഫ് വീട്ടിലേയ്ക്ക് ഓടി. പിതാവ് റാത്സിങ്കറിനോടും അമ്മ മേരിയോടും പറഞ്ഞു, ''എനിക്കൊരു കര്‍ദ്ദിനാളായാല്‍ മതി.'' തങ്ങളുടെഏറ്റവും ഇളയ പുത്രന്റെ കൗതുകം കര്‍ദ്ദിനാളിന്റെ വസ്ത്രത്തിലായിരിക്കുമെന്നു പറഞ്ഞ് മാതാപിതാക്കള്‍  ആ സംഭവം ചിരിച്ചു തള്ളി. എന്നാല്‍ പില്‍ക്കാലത്ത് അതുമാത്രമല്ല, മാര്‍പ്പാപ്പമാരില്‍ ഒരാളാകാനും അദ്ദേഹത്തിന് സാധിച്ചു എന്നത് ദൈവനിശ്ചയം..! 
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോസഫ് 1943-ല്‍ 16-ാമത്തെ വയസ്സില്‍ രൂപതാ സെമിനാരിയില്‍ച്ചേര്‍ന്നു. എന്നാല്‍ ആ വര്‍ഷം തന്നെ  
രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയിലെ ആന്റി എയര്‍ക്രാഫ്റ്റ് കോര്‍പ്സ് വിഭാഗത്തില്‍ സഹായിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന്  ജര്‍മന്‍ കാലാള്‍പടയില്‍ പരിശീലനം നേടി.  
രണ്ടു വര്‍ഷക്കാലത്തോളം പട്ടാളപരിശീലനത്തില്‍ കഴിഞ്ഞ ജോസഫ് 1945-ല്‍ സഖ്യ കക്ഷികള്‍ ജര്‍മ്മനി ആക്രമിക്കാന്‍ തുടങ്ങിയതോടെ ഉണ്ടായ കലാപത്തിനിടെ പട്ടാളത്തില്‍നിന്നും ഒളിച്ചോടേണ്ടിവന്നു. ഒടുവില്‍  ട്രസ്റ്റെയിനിലെ പിതൃഭവനത്തില്‍ അഭയംതേടുകയായിരുന്നു.  എന്നാല്‍ സൈനിക സേവനം പൂര്‍ത്തിയാക്കാതെ പോയ ജോസഫിനെ ഹിറ്റലറിന്റെ കിങ്കരന്മാര്‍ ബന്ധിയാക്കി. രണ്ടു മാസത്തിലേറെ ജയിലില്‍ നരകയാതന   അനുഭവിക്കേണ്ടിവന്നു.   ഒടുവില്‍ ഹിറ്റ്ലര്‍ പരാജയമറിയാന്‍ തുടങ്ങിയതോടെ ജോസഫും കൂട്ടരും ജയില്‍ വിമുക്തരാക്കപ്പെട്ടു. 1945-ല്‍ ഒരു പുരോഹിതനാകാന്‍ വേണ്ടി  സെന്റ് മൈക്കിള്‍ രൂപതാ സെമിനാരിയില്‍  ചേര്‍ന്നു.  തുടര്‍ന്ന് മ്യൂനിക്കിലെ ഗ്രിഗോരിയന്‍ സെമിനാരിയിലും ലൂഡുവിക്ക്- മാക്സ്മീല്യന്‍ യൂണിവേഴ്സിറ്റിയിലുമായി തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി ജോസഫ് റാത്സിങ്കര്‍ 1959-ല്‍ ബോണ്‍ സര്‍വകലാശാലയില്‍ അധ്യാപകനായി. 1963-ല്‍ മുന്‍സ്റ്റെര്‍ സര്‍വകലാശാലയിലെത്തി. ചുരുങ്ങിയ കാലം കൊണ്ട് ദൈവശാസ്ത്ര പണ്ഡിതനെന്ന നിലയില്‍ പ്രശസ്തനായിക്കഴിഞ്ഞിരുന്നു ഫാ. ജോസഫ് റാറ്റ്സിംഗര്‍. 1963 വരെ ബോണില്‍ അദ്ധ്യാപകനായിരുന്നു. 1963 മുതല്‍ 1966 വരെ മുന്‍സ്റ്റെറിലും 1966 മുതല്‍ 1969 വരെ തുബിന്‍ഗെനിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. 1969-ല്‍ റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ ഗവേഷണ മേധാവിയായും സര്‍വകലാശാലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
1969-ല്‍ റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ സേവനമാരംഭിച്ച റാറ്റ്സിംഗര്‍ ഹാന്‍സ് ഉര്‍സ വോണ്‍ ബല്‍ത്തസര്‍, ഹെന്റി ഡേ ലുബാക്, വാള്‍ട്ടര്‍ 

കാസ്പെര്‍ തുട
ങ്ങിയവര്‍ക്കൊപ്പം കമ്യൂണോ എന്ന ദൈവശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ പ്രസാധനത്തിന് മുന്‍കൈ എടുത്തു. 1972ലാണ് കമ്യൂണോയുടെ ആദ്യപ്രതി പുറത്തിറങ്ങിയത്. 1977 മാര്‍ച്ച് 25-ന് പോള്‍ ആറാമന്‍ മാര്‍പാപ്പ ജോസഫ് റാറ്റ്സിംഗറെ മ്യൂണിക്ക് ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. എണ്‍പതു വര്‍ഷത്തിനിടെ ബവേറിയയിലെ ഏറ്റവും വിഖ്യാതമായ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പാകുന്ന ആദ്യ സ്വദേശിയായിരുന്നു അദ്ദേഹം. അതേ വര്‍ഷം ജൂണ്‍ 27-ന് പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ആര്‍ച്ച് ബിഷപ്പ് ജോസഫ് റാറ്റ്സിഗറെ കര്‍ദ്ദിനാളായി ഉയര്‍ത്തി.

1981 നവംബര്‍ 25-ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ റാറ്റ്സിംഗറെ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ട് ആയും രാജ്യാന്തര ദൈവശാസ്ത്ര കമ്മീഷന്റെ
യും പ്രസിഡന്റായും നിയമിച്ചു. 1998 നവംബര്‍ ആറിന് കര്‍ദ്ദിനാള്‍ സംഘത്തിന്റെ വൈസ് ഡീനായും 2002 നവംബര്‍ 30ന് ഡീനായും ഉയര്‍ത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തെത്തുടര്‍ന്ന് 2005 ഏപ്രില്‍ 19 ന് എഴുപത്തെട്ടാം വയസ്സില്‍ 265-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ഫെബ്രുവരി 28-ന് പാപ്പ
പദവി ഒഴിഞ്ഞ് പോപ്പ് എമിരറ്റ്‌സായി. ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവര്‍ത്തിച്ചതിനാല്‍ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമര്‍ശകര്‍ വിശേഷിപ്പിച്ചിരുന്നത്.
നിലപാടുകളുടെ കാര്‍ക്കശ്യം കൊണ്ട് പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് ബനഡിക്ട് പതിനാറാമന്‍. സ്ത്രീകള്‍ വൈദികരാകുന്നതിനും ഗര്‍ഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങള്‍ക്കുമെതിരെ അദ്ദേഹം ശക്തമായിത്തന്നെ നിലപാടെടുത്തിരുന്നു. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കണമെന്നു വിശ്വാസികളോട് ആഹ്വാനം ചെയ്ത അദ്ദേഹം, അതേസമയം പുതുതലമുറയുമായി സംവദിക്കാന്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളും ഉപയോഗിച്ചിരുന്നു വെന്നുകൂടി ഓര്‍ക്കണം.
സിറോ മലബാര്‍ സഭയിലും സിറോ മലങ്കര സഭയിലും രണ്ടു കര്‍ദിനാള്‍മാരെ വാഴിച്ചുകൊണ്ട് കേരളസഭയ്ക്കു വത്തിക്കാനില്‍ ഉചിതമായ പ്രാതിനിധ്യവും നല്‍കി.
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്നെയായിരുന്നു ഭാരതസഭയിലെ ആദ്യവിശുദ്ധയായി   നമ്മുടെ സ്വന്തം സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ നാമകരണം ചെയ്തതും.
 

Comments

leave a reply

Related News