തിരുവനന്തപുരം : കേരള സഭ നവീകരണ വര്‍ഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മേജര്‍ അതിരൂപത നടത്തിയ ദിവ്യകാരുണ്യ സംഗമം ആയൂരില്‍ സമാപിച്ചു. രാവിലെ 9 മണിക്ക് സമൂഹബലിയോടെ സംഗമം ആരംഭിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായ ക്രിസ്തീയ ജീവിതത്തിലൂടെ വ്യക്തികളുടെയും സഭയുടെയും സമൂഹത്തിന്റെയും നവീകരണത്തിനായി വിശ്വാസികളെ ബാവ ആഹ്വാനം ചെയ്തു. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും മറികടക്കുന്നതിന് വിശുദ്ധ കുര്‍ബാന സഹായിക്കുന്നു. പൂനാ കഡ്കി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മാര്‍ പക്കോമിയോസ്, തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ് മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, വികാരി ജനറല്‍മാര്‍, റമ്പാന്മാര്‍, കോര്‍ എപ്പിസ്‌കോപ്പാമാര്‍, മേജര്‍ അതിരൂപതയിലെ 150-ഓളം വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. റവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ദിവ്യകാരുണ്യ പ്രബോധനം നല്‍കി. ദൈവാലയാങ്കണത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. ഇതിനോടനുബന്ധിച്ച് മേജര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ പൂനാ കഡ്കി രൂപതയുടെ നിയുക്ത ബിഷപ്പ് മാത്യൂസ് മാര്‍ പക്കോമിയോസിന് സ്വീകരണം നല്‍കി. മേജര്‍ അതിരൂപത എപ്പിസ്‌കോപ്പല്‍ വികാര്‍ റവ. ഫാ. ജോസ് കിഴക്കേടത്ത്, മേജര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജോ കെ. എബ്രഹാം, ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 217 ഇടവകകളില്‍ നിന്ന് ആയിരത്തോളം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.
ചിത്രം : ആയൂരില്‍ നടന്ന തിരുവനന്തപുരം മേജര്‍ അതിരൂപത ദിവ്യകാരുണ്യ സംഗമത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പൂനാ കഡ്കി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മാര്‍ പക്കോമിയോസിനെ ആശംസകള്‍ നേരുന്നു. തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് സമീപം
Comments