Foto

കേരള റീജ്യൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ ആർ എൽ സി സി) 45 -ാം ജനറൽ അസംബ്ലി സമാപിച്ചു

കൊച്ചി: ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ  കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന കേരള റീജ്യൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ ആർ എൽ സി സി) 45 -ാം ജനറൽ അസംബ്ലി സമാപിച്ചു . കേരള ലത്തീൻ സഭയിലെ ബിഷപ്പുമാരും അല്‌മായ നേതാക്കളും സന്ന്യാസസഭാ മേധാവികളും അസംബ്ലിയിൽ പങ്കെടുത്തു. 44-ാമത് ജനറൽ അസംബ്ലിയുടെ റിപ്പോർട്ട് കെആർഎൽസിസി സെക്രട്ടറി പ്രബലദാസും കെആർഎൽസിസി പ്രവർത്തനറിപ്പോർട്ട് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറയും ട്രഷറർ ബിജു ജോസി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സമാപന സന്ദേശം നൽകി. വിശ്വാസപരിശീലന വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പുകളും വിവിധ മത്സര പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ വർക്കുമുള്ള പുരസ്‌കാരങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്തു ആസന്നമായ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇതര തീരദേശ സമൂഹങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെൻ്ററിൽ നടന്ന കേരള റിജ്യൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 45-ാം ജനറൽ അസംബ്ലി തീരുമാനിച്ചു.കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയാണ് കെആർഎൽസിസി. കെഎൽസിഎ, സിഎസ്എസ്, കെസിവൈഎം ലാറ്റിൻ, കെഎൽസിഡബ്ല്യുഎ, ഡിസിഎംസ്, തുടങ്ങിയ അല്‌മായ സംഘടനകൾ കെആർഎൽസിസിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ സംഘടനകൾക്കെല്ലാം ജനറൽ അസംബ്ലിയിൽ പ്രാതിനിധ്യമുണ്ട്. കെആർഎൽസിസിയുടെ രാഷ്ട്രീയ കാര്യസമിതി ചർച്ച ചെയ്‌താണ് തിരഞ്ഞെടുപ്പുകളിലെ നിലപാടുകൾ സംബന്ധിച്ച തീരുമാനമെടുത്തത്. കേരളത്തിലെ ലത്തീൻ കത്തോലിക്ക ജനസമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും ആവർത്തിച്ചുന്നയിച്ചിട്ടുള്ള ആവശ്യങ്ങളോട് സർക്കാർ പുലർത്തുന്ന നിസംഗതയിലും നിഷേധാത്മക സമീപനവുമാണ് പുതിയ കൂട്ടുകെട്ടുകൾ തേടാൻ സമുദായത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.സമദൂര സിദ്ധാന്തമായിരുന്നു കെആർഎൽസിസി എല്ലാ മുന്നണികളോടും ഇതുവരെ സ്വീകരിച്ചിരുന്നത്. തീരദേശത്തെ അലട്ടുന്ന നിരവധി പ്രശ്നങ്ങൾക്കു നേരെ പ്രമുഖമുന്നണികൾ സ്വീകരിക്കുന്ന നിലപാടിൽ കെആർഎൽസിസി അസംതൃപ്‌തരാണ്

മുനമ്പത്തെ ഭൂമി പ്രശ്‌നമോ, വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളോ, മുതലപ്പൊഴി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളോ, കണ്ണമാലിയിലെ കടലേറ്റം തടയാനുള്ള നടപടികളോ മാറിമാറി വന്ന മുന്നണികൾ നടത്തിയിട്ടില്ല എന്നത് തിരഞ്ഞെടുപ്പ് കാലത്ത് നിർണായകമാണ്. തീരദേശപാത, ബ്ലു ഇക്കണോമി വിഷയങ്ങളിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിൽ നിന്ന് തീരദേശജനതയ്ക്ക് അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ല. ഈ സാഹചര്യത്തിൽ ഭരണത്തിൽ നിർണായകസ്വാധീനം വേണമെന്നാണ് പൊതുവേ ഉള്ള അഭിപ്രായം. ജനാധികാരം നിർവ്വഹിക്കപ്പെടുന്ന ഭരണ സംവിധാനങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലും ലത്തീൻ കത്തോലിക്കർക്ക് അർഹമായ പ്രാതിനിധ്യം ഇനിയും ഉണ്ടായിട്ടില്ലെന്ന് ജനറൽ അസംബ്ലി കുറ്റപ്പെടുത്തി. ആസന്നമായ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ, കെആർഎൽസിസി സുവ്യക്തമായ രാഷ്ട്രീയ സമീപനം കൈകൊള്ളുമെന്ന മുന്നറിയിപ്പും നൽകി. ഇതിനായി സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും നിലവിൽ നടത്തിവരുന്ന മുന്നൊരുക്കം ഊർജ്ജിതമാക്കാൻ സമ്മേളനം നിശ്ചയിച്ചു. തീരദേശം നിരന്തരമായി അവഗണിക്കപ്പെടുന്ന സാഹചര്യത്തിൽ ഇതര തീരദേശ സമൂഹങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് സമ്മേളനത്തിൻ്റെ തീരുമാനം.
 

Comments

leave a reply

Related News