Foto

സ്‌കൂള്‍ കുട്ടികള്‍ക്കിടയിലുള്ള ലഹരിമരുന്നുപയോഗം


ലഹരിയില്‍ മയങ്ങി കേരളം
(അന്വേഷണ പരമ്പര)

ജോബി ബേബി,

സ്‌കൂള്‍ വിദ്യയാര്‍ത്ഥികളില്‍ ലഹരി മരുന്നുപയോഗം വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകളില്‍ കാണുന്നത്.കാരണങ്ങളിലേക്ക് വരുമ്പോള്‍ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവരെ മാത്രം ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പിരിമുറുക്കം(academic stress)ആണ് ഏറ്റവും വലിയ പ്രശ്‌നം.ധാരാളം പഠിക്കുവാനും പരീക്ഷകള്‍ നിരവധി എഴുതുവാനും ആകര്‍ഷകമായ മാര്‍ക്കുകള്‍ വാങ്ങാനും തല്‍സ്ഥിതി നിലനിര്‍ത്തി മുന്നോട്ട് പോകാനും കുട്ടികള്‍ മാനസീകമായി അനുഭവിക്കുന്ന പിരിമുറുക്കം വളരെയധികം കൂടുതലാണ്.പഠനത്തിന്റെ ഭാഗമായി ധാരാളം ട്യൂഷന്‍ ക്ലാസുകള്‍ ഈ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും ഉല്ലാസങ്ങളോ വിനോദങ്ങളോ വിശ്രമമോ പൂര്‍ണ്ണമായി ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.ഇന്ത്യയില്‍ പല സംസ്ഥാനങ്ങളെയും അപേക്ഷിച്ചു ട്യൂഷന്‍ സമ്പ്രദായം ഏറ്റവുമധികം നിലവിലുള്ളത് കേരളത്തിലാണെന്ന് ഇതു സംബന്ധിച്ച പാഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി സമൂഹമോ സര്‍ക്കാരോ മാതാപിതാക്കളോ യാതൊരുവിധ നടപടിയും കൈക്കൊള്ളുന്നില്ല എന്നതാണ് മറ്റൊരു കാരണം.കുട്ടികള്‍ക്കുണ്ടാകേണ്ട ആത്മവിശ്വാസം,മാനസികാരോഗ്യം എന്നിവ പഠനകാലത്ത് അവര്‍ക്ക് നല്‍കാനും ശ്രദ്ധിക്കുന്നില്ല.കുട്ടികളെ അനാവശ്യമായി പിന്തുടരുന്ന ഒരു തരം അനോരോഗ്യകരമായ പേരന്റിംഗ് രീതി ഇപ്പോള്‍ കണ്ടു വരുന്നുണ്ട്.അവര്‍ക്ക് യാതൊരു സ്വാതന്ത്ര്യവും കൊടുക്കാതെ അവരുടെ എല്ലാ കാര്യങ്ങളിലും ഏതു സമയവും മാതാപിതാക്കള്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രവണത നമ്മുടെ നാട്ടിലുണ്ട്.ഇതിനെ ഹെലികോപ്റ്റര്‍ പേരന്റിംഗ് എന്നു വിശേഷിപ്പിക്കുന്നു.ഇതും കുട്ടികളുടെ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.എല്ലാ കുട്ടികളും ഒരുപോലെ പഠനത്തില്‍ മികവുള്ളവരാവുകയില്ല.ചിലര്‍ക്ക് സാങ്കേതിക കാര്യങ്ങളായിരിക്കും താത്പര്യം.നൈപുണ്യവും താത്പര്യവും അനുസരിച്ചു വ്യത്യസ്തമായ കഴിവുള്ളവരാണ് കുട്ടികള്‍.ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ കഴിയാത്തതാണ് നമ്മുടെ സമൂഹത്തിന്റെ ദൗര്‍ഭാഗ്യകരമായ പോരായ്മ.താത്പര്യമില്ലാത്ത വിഷയങ്ങള്‍ വളരെ വിഷമിച്ചു പഠിക്കുന്ന കുട്ടികള്‍ക്ക് തങ്ങള്‍ കഴിവില്ലാത്തവരും ഒന്നിനും കൊള്ളാത്തവരുമാണെന്നുള്ള ചിന്ത ഉണ്ടാവുകയും അത് ലഹരി ഉപയോഗത്തിലേക്ക് എളുപ്പം വഴുതി മാറുകയും ചെയ്യുന്ന അവസ്ഥ വളരെ സാധാരണമാണ്.

രക്ഷകര്‍ത്താക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം കുറഞ്ഞുവരുന്നതായി കാണുന്നു.സ്‌കൂള്‍ കുട്ടികളോട് എന്തെങ്കിലും അങ്ങോട്ട് ചോദിച്ചാല്‍ മാത്രമേ അവര്‍ മനസ്സുതുറന്നു കാര്യങ്ങള്‍ പറയുകയുള്ളൂ.അതിന് സമയം കണ്ടെത്താത്ത ഒരു പ്രവണത ഇന്ന് രക്ഷകര്‍ത്താക്കളുടെ ഭാഗത്തു നിന്ന് കാണുന്നു.കുട്ടികളെ തങ്ങള്‍ സ്‌നേഹിക്കുന്നു എന്നും അവര്‍ തങ്ങള്‍ക്ക് എത്രെയും പ്രീയപ്പെട്ടവരാണെന്നും പ്രകടമാക്കുന്ന ഒരു ശാരീരിക ഭാഷയാണ് കെട്ടിപ്പിടിക്കല്‍(hugging).അത് ഇന്ന് എത്ര രക്ഷകര്‍ത്താക്കള്‍ ചെയ്യുന്നുണ്ട്?അതും ഒരു പോരായ്മയാണ്.സുരക്ഷിതബോധവും സ്‌നേഹിക്കപ്പെടുന്നുവെന്ന ബോധവും ഇല്ലാതെ വളരുന്ന കുട്ടികള്‍ വീടു വിട്ട് അന്യദേശങ്ങളിലേക്ക് ഒളിച്ചോടുന്ന പ്രവണതയും ഉണ്ട്. 

ലക്ഷണങ്ങള്‍

സ്‌കൂളില്‍ മുടങ്ങുക, സ്‌കൂളില്‍ പോവുകയാണെന്ന ഭാവത്തില്‍ മറ്റെവിടെയെങ്കിലും പോകുക, കുട്ടിയുടെ ശരീരത്തില്‍ നിന്നോ, വസ്ത്രങ്ങള്‍, മുറി എന്നിവിടങ്ങളില്‍ നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍. ദേഷ്യം, അമര്‍ഷം, പൊട്ടിത്തെറി, നിരാശ എന്നിവ അനിയന്ത്രിതമാവുക. വിക്കല്‍, സംസാരിക്കുമ്പോള്‍ തപ്പിത്തടയല്‍ എന്നിവ ഉണ്ടാവുക.ആവശ്യങ്ങള്‍ ഏറിവരിക, ആവശ്യത്തിന് പണം കിട്ടിയില്ലെങ്കില്‍ ചോദിക്കാതെ എടുത്തുകൊണ്ടു പോകുക, പോക്കറ്റിലോ ബാഗിലോ മുറിയിലോ ആവശ്യത്തില്‍ കൂടുതല്‍ പണം കാണപ്പെടുക, ചോദിച്ചാല്‍ കള്ളം പറയുക.

മുറിയില്‍ കയറി അധികനേരം വാതിലടച്ചിരിക്കുക, മണിക്കൂറുകളോളം കുളിക്കുക, ശരീരഭാരം അമിതമായി കുറയുകയോ കൂടുകയോ ചെയ്യുക, മറ്റു വിനോദോപാധികള്‍ ത്യജിക്കുക, ഇഷ്ടപ്പെട്ട ഹോബീസ്, ഹാബിറ്റ്സ് എന്നിവയില്‍ താത്പര്യം ഇല്ലാതാവുക. ഉറക്കം, ഭക്ഷണം എന്നിവ ഒന്നുകില്‍ വളരെ കുറഞ്ഞു പോവുക, അല്ലെങ്കില്‍ വളരെ കൂടുക, വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വരിക, വീട്ടില്‍ ആര്‍ക്കും മുഖം നല്‍കാതെ ഒഴിഞ്ഞു മാറുക, പുതിയ കൂട്ടുകെട്ടുകള്‍ തുടങ്ങുക, പഴയ ചങ്ങാതിമാരെക്കുറിച്ച് ചോദിച്ചാല്‍ അവരെ കുറ്റം പറയുക, ദേഷ്യപ്പെടുക. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് പഠനത്തില്‍ പിന്നാക്കം പോകുക, വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ താത്പര്യം കാട്ടുക.കുട്ടികള്‍ സ്‌കൂളില്‍ നിന്നോ പുറത്തുപോയിട്ടുവരുമ്പോള്‍ അവരുടെ വസ്ത്രങ്ങള്‍,ബാഗ്,ലഞ്ച് ബോക്‌സ്,വസ്ത്രങ്ങളില്‍ എന്തെങ്കിലും അസാധാരണമായ ഗന്ധം,കുട്ടികളുടെ പെരുമാറ്റം എന്നിവ പരിശോധിച്ചാല്‍ തന്നെ മാതാപിതാക്കള്‍ക്കു കുട്ടികള്‍ ലഹരികള്‍ക്ക് അടിമയാണോ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.ഇത് എല്ലാ മാതാപിതാക്കളും പതിവായി ചെയ്യേണ്ട കാര്യമാണ്.

സ്‌കൂള്‍ കുട്ടികള്‍ക്കിടയിലുള്ള ലഹരിമരുന്നുപയോഗം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍

ബോധവത്കരണം: സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമായും ബോധവത്കരണം നടത്തേണ്ടതാണ്.അതിനായി എക്‌സൈസ് വിഭാഗത്തിന്റെ സഹകരണം തേടാവുന്നതാണ്.
നിയമം നടപ്പാക്കല്‍:  നിലവിലുള്ള നിയമങ്ങള്‍ ലഹരിമരുന്നുപയോഗത്തെ ഫലപ്രദമായി നേരിടാന്‍ തക്ക പ്രാപ്തിയുള്ളതല്ല.ലഹരിമരുന്ന് വില്പന നടത്തുന്നവരുടെ പിഴ വളരെയധികം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.Juvenile Justice Act(J.J.Act)ല്‍ പോലീസിനെ മാത്രമല്ല എക്‌സൈസിനേയും ഉള്‍പ്പെടുത്തണം.സ്‌കൂള്‍,കോളേജ് പരിസരത്തുനിന്ന് കഞ്ചാവ് കണ്ടെത്തുകയാണെങ്കില്‍ കൂടുതല്‍ ജയില്‍ ശിക്ഷാ കാലയളവ് നല്‍കേണ്ടതാണ്.ഒരു കിലോയ്ക്ക് താഴെ കഞ്ചാവ് പിടിക്കുകയാണെങ്കില്‍ ജാമ്യം കൊടുക്കുന്ന നടപടികള്‍ പോലും ഇല്ലാതാകണം.
പുനരധിവാസം: ലഹരികള്‍ക്ക് അടിമപ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിക്കാനുള്ള സംവിധാനം വഴി ഓരോ ജില്ലകളിലും ലഹരിവിമുക്ത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സൈക്യാട്രിസ്റ്റ്,സോഷ്യോളജിസ്റ്റ്,സൈക്കോളജിസ്റ്റ്,ആണ്‍-പെണ്‍ വിഭാഗത്തിലുള്ള നഴ്‌സുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇവരുടെ സഹായവും തേടാവുന്നതാണ്.മരുന്നുകളും കൗണ്‍സലിങ്ങും ഒപ്പം കൊണ്ടുപോകണം. പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കുറയ്ക്കാനും ശാരീരിക പ്രശ്നങ്ങള്‍ നേരിടാനും മരുന്ന് കൂടിയേ തീരൂ. ഒറ്റയടിക്ക് സ്വയം തീരുമാനിച്ച് മാറ്റാന്‍ കഴിയുന്ന ഒന്നല്ല മയക്കുമരുന്നുകളോടും ലഹരി വസ്തുക്കളോടുമുള്ള അഡിക്ഷന്‍. ഒരുതവണ ട്രീറ്റ്മെന്റ് എടുത്ത് മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ വീണ്ടും അവ ഉപയാഗിക്കാന്‍ സാധ്യതയുണ്ട്. അത് തുറന്നുപറഞ്ഞാല്‍ നാണക്കേടാവുമെന്നോ എല്ലാവരും കുറ്റപ്പെടുത്തുമെന്നോ കരുതേണ്ട. മരുന്നും കൗണ്‍സലിങ്ങും വഴി പൂര്‍ണമായും മാറ്റാന്‍ കഴിയുന്നതാണ് ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം.

                                     (അവസാനിച്ചു).

Comments

leave a reply

Related News