Foto

കേരള വയോജനാവകാശ നിയമം അവകാശാധിഷ്ഠിതമാക്കണം: ക്യാപ്സ് കൺസൾട്ടേറ്റീവ് ശിൽപശാല

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്‌സ്) തയ്യാറാക്കിയ വയോജന ക്ഷേമ സംരക്ഷണ മാതൃകാ കരട് ബില്ല് സംബന്ധിച്ച സംസ്ഥാനതല കൺസൾട്ടേറ്റീവ് ശിൽപശാല, വയോജന സംരക്ഷണ നിയമം ക്ഷേമാധിഷ്ഠിത സമീപനത്തിൽ നിന്ന് അവകാശാധിഷ്ഠിത നിയമമായി പുനഃസംഘടിപ്പിക്കണമെന്ന ശക്തമായ ശുപാർശയോടെ സമാപിച്ചു.

ക്യാപ്‌സ് വർക്കിംഗ്‌ പ്രസിഡൻറ് ഡോ എം പി ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് ഡോ. ചെറിയാൻ പി കുര്യൻ ശിൽപശാലയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. വയോജനങ്ങളുടെ അന്തസ്സ്, സ്വാതന്ത്ര്യം, സുരക്ഷ, സാമൂഹിക പങ്കാളിത്തം എന്നിവ നിയമപരമായി ഉറപ്പാക്കുന്ന രീതിയിൽ തയ്യാറാക്കണമെന്നും നിയമത്തിൻ്റെ പേര് തന്നെ "കേരള വയോജനാവകാശ സംരക്ഷണ നിയമം" എന്ന രീതിയിൽ മാറ്റുന്നത് പരിഗണിക്കണമെന്നും തിരുവനന്തപുരം ടി എസ് എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.

കേരളം അതിവേഗം സൂപ്പർ ഏജിങ് സൊസൈറ്റിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, വയോജനങ്ങളെ സമൂഹത്തിൻ്റെ ബാധ്യതയായി കാണാതെ അറിവിൻ്റെയും അനുഭവസമ്പത്തിൻ്റെയും സാമൂഹിക മൂലധനമായാണ് അംഗീകരിക്കേണ്ടതെന്ന് ശിൽപശാല വിലയിരുത്തി. സമൂഹാടിസ്ഥാനത്തിലുള്ള പരിചരണ സംവിധാനങ്ങൾ, ഗൃഹപരിചരണം, വയോജന സൗഹൃദ ഗതാഗതം, രണ്ടാം തൊഴിൽ അവസരങ്ങൾ, ഡിജിറ്റൽ സാക്ഷരത, സജീവ വാർധക്യത്തിനുള്ള അവസരങ്ങൾ എന്നിവയ്ക്ക് നിയമത്തിൽ വ്യക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും ശുപാർശ ചെയ്തു.

രൂപീകൃതമാകുന്ന വയോജന വകുപ്പ് സംവിധാനം നിലവിലുള്ള ആരോഗ്യ-സാമൂഹ്യനീതി -തദ്ദേശഭരണം സംവിധാനങ്ങളുമായി ഏകോപിപ്പിച്ചുള്ള നടപ്പാക്കലാണ് പുതിയ നിയമത്തിന് കൂടുതൽ പ്രായോഗികമാവുകയെന്ന് വിലയിരുത്തിയ ശിൽപശാല, പുതിയ സമാന്തര സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിന് പകരം നിലവിലുള്ള സേവനങ്ങളെ ശക്തിപ്പെടുത്തണമെന്ന് നിർദേശിച്ചു. ബില്ലിനൊപ്പം സാമ്പത്തിക മെമ്മോറാണ്ടവും ചെലവ് വിലയിരുത്തലും നിർബന്ധമായും ഉൾപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു.

യോഗ്യതയുള്ള പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ പങ്കാളിത്തം നിയമത്തിൽ വ്യക്തമായി നിർവചിക്കണമെന്നും, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സമൂഹാടിസ്ഥാനത്തിലുള്ള വയോജന പിന്തുണാ സംവിധാനങ്ങൾ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. നിയമസഹായം എല്ലാവർക്കും ലഭ്യമാക്കാൻ വയോജനങ്ങൾക്ക് പ്രത്യേക സൗജന്യ നിയമസഹായ സംവിധാനം, അയൽക്കൂട്ട പിന്തുണാ ഗ്രൂപ്പുകൾ, ദുരുപയോഗത്തിനെതിരായ കർശന നിയമപരിരക്ഷ, വയോജനങ്ങളുടെ അഭിപ്രായങ്ങൾ നിയമനിർമാണ പ്രക്രിയയിലും സംവിധാനങ്ങളുടെയും പദ്ധതികളുടെയും രൂപീകരണത്തിലും നടത്തിപ്പിലും ഉൾപ്പെടുത്തൽ എന്നിവയും ശിൽപശാലയുടെ പ്രധാന ശുപാർശകളിൽ പെടും.

ശിൽപശാലയുടെ സമാപനത്തിൽ, നിലവിലുള്ള വയോജന സേവനങ്ങളുടെ സമഗ്ര വിലയിരുത്തൽ നടത്തി പോരായ്മകൾ കണ്ടെത്തുക, നിയമഭേദഗതികൾക്കായി നിയമവിദഗ്ധർ, പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ, വയോജന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക ഉപസമിതി രൂപീകരിക്കുക, ധനകാര്യ സാധ്യതാ പഠനം നടത്തുക, തിരഞ്ഞെടുത്ത ജില്ലകളിൽ സമൂഹാടിസ്ഥാനത്തിലുള്ള മാതൃകാപദ്ധതികൾ നടപ്പാക്കി വിലയിരുത്തിയ ശേഷം ഘട്ടംഘട്ടമായി നിയമം നടപ്പാക്കുക എന്നീ നിർദേശങ്ങൾ അംഗീകരിച്ചു.

ശിൽപശാലയിൽ ഡോ. ജോ തോമസ് ,ഡോ .ഐപ്പ് വർഗീസ്, ഡോ. സോണി ജോസ്, അഡ്വ. ഡോ. മേരി ജോൺ അസോസിയേറ്റ് പ്രൊഫസർ സേവിയർ കുട്ടി ഫ്രാൻസ്സിസ് ,സാമൂഹ്യനീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ അബീൻ എ ഒ, ഡോ.ജോസഫ് ചാരുപ്ലാക്കൽ ഡോ. ഷീലമ്മ .ആർ എന്നിവർ വിഷയാവതരണങ്ങൾ നടത്തി. വിവിധ ജില്ലകളിൽ നിന്നുള്ള150 ലധികം പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ, അധ്യാപകർ, സന്നദ്ധസംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Comments

leave a reply

Related News