Foto

യുദ്ധം കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കുന്നു

യുദ്ധം കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കുന്നു

ജനുവരി 14 ഞായറാഴ്ച സംപ്രേഷണം ചെയ്ത ഇറ്റാലിയൻ ടിവി പ്രോഗ്രാമായ “Che tempo che fa” എന്ന പരിപാടിയിലെ അഭിമുഖത്തിൽ ഫ്രാൻസിസ് പാപ്പാ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

യുദ്ധത്തിന്റെ തീവ്രതയെക്കുറിച്ച് ആഴത്തിലുള്ള തന്റെ ആശങ്കകൾ പങ്കുവച്ച പാപ്പാ, സ്വവർഗ്ഗ ദമ്പതികൾ ഉൾപ്പെടെയുള്ള എല്ലാ ദമ്പതികൾക്കും ആശീർവ്വാദം നൽകുന്നതിനെ കുറിച്ചും പോളിനേഷ്യയിലേക്കും അർജന്റീനയിലേക്കും നടത്താനിരിക്കുന്ന രണ്ട് അപ്പോസ്തോലിക യാത്രകളെ കുറിച്ചും, കുടിയേറ്റത്തെ കുറിച്ചും തന്റെ ചിന്തകൾ വെളിപ്പെടുത്തി.

യുദ്ധം വർദ്ധിക്കുന്ന ഭയം

സൈനിക നടപടികളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ ഊന്നിപ്പറഞ്ഞുകൊണ്ട്, ലോകത്ത് വർദ്ധിച്ചുവരുന്ന സംഘർഷത്തെക്കുറിച്ചുള്ള തന്റെ ഭയം ഫ്രാൻസിസ് പാപ്പാ പ്രകടിപ്പിച്ചു. യുദ്ധത്തിന്റെ ഭീകരതയെ അപലപിച്ച പാപ്പാ, "സമാധാനം ഉണ്ടാക്കുന്നത് സാഹസപരമാണ് ശരിയാണ്, എന്നാൽ യുദ്ധം അതിനേക്കാൾ സാഹസമാണ്." എന്ന്  ഊന്നിപ്പറഞ്ഞു. യുക്രെയ്നിൽ നിന്നുള്ള കുട്ടികളുടെ പ്രതിനിധി സംഘവുമായി കഴിഞ്ഞ ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും പാപ്പാ സംസാരിച്ചു. സംഘർഷത്തിന്റെ ആഘാതത്തിൽ പുഞ്ചിരിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്ന യുദ്ധം കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെ ചൂണ്ടിക്കാട്ടി പാപ്പാ പറഞ്ഞു, “അവരിൽ ആരും പുഞ്ചിരിച്ചില്ല. കുട്ടികൾ സ്വയമേവ പുഞ്ചിരിക്കുന്നവരാണ്; ഞാൻ അവർക്ക് ചോക്ലേറ്റ് കൊടുത്തു, അവർ പുഞ്ചിരിച്ചില്ല. എങ്ങനെ പുഞ്ചിരിക്കണമെന്ന് അവർ മറന്നു, ഒരു കുട്ടി എങ്ങനെ പുഞ്ചിരിക്കണമെന്ന് മറക്കുന്നത് കുറ്റകരമാണ്. ഇതാണ് യുദ്ധം ചെയ്യുന്നത്” എന്ന് പറഞ്ഞ പാപ്പാ യുദ്ധം കുഞ്ഞുങ്ങൾ സ്വപ്നം കാണുന്നത് തടയുന്നുവെന്ന് പങ്കുവച്ചു.  യുദ്ധത്തിന്റെ വിനാശകരമായ സ്വഭാവമാണ് അത്തരം അനന്തരഫലങ്ങൾക്ക് കാരണമെന്ന്  പറഞ്ഞു കൊണ്ട് കുട്ടികളുടെ സന്തോഷം കവർന്നെടുക്കുന്ന ആ കുറ്റകൃത്യത്തെ പാപ്പാ അപലപിച്ചു.

ക്രമവിരുദ്ധമായി ജീവിക്കുന്ന ദമ്പതികൾക്കുള്ള  ആശീർവ്വാദം

ക്രമവിരുദ്ധമായി ജീവിക്കുന്ന ദമ്പതികൾക്കുള്ള  ആശീർവ്വാദം അനുവദിക്കുന്ന "ഫിദൂച്ചാ സുപ്ലിക്കൻസ്" എന്ന രേഖയെക്കുറിച്ചുള്ള ഒരു ചോദ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സ്വഭാവത്തെ കുറിച്ച് ഫ്രാൻസിസ്  പാപ്പാ  ആവർത്തിച്ചു. സ്വവർഗ്ഗ ദമ്പതികൾ ഉൾപ്പെടെയുള്ള " ക്രമവിരുദ്ധ" സാഹചര്യങ്ങളിൽ ജീവിക്കുന്ന വ്യക്തികളെ ആശ്ലേഷിക്കുന്നതിനുള്ള സഭയുടെ അജപാലന പ്രവർത്തനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുക്കൊണ്ട് "കർത്താവ് എല്ലാവരെയും, എല്ലാവരെയും, എല്ലാവരെയും അനുഗ്രഹിക്കുന്നു" എന്ന് പാപ്പാ ഉറപ്പിച്ചു പറഞ്ഞു. നാം ആ വ്യക്തികളെ കൈ കൊടുത്ത് എടുക്കണമെന്നും തുടക്കത്തിൽ തന്നെ അവരെ വിധിക്കരുതെന്നും പാപ്പാ ആവശ്യപ്പെട്ടു. ഇത് "സഭയുടെ അജപാലന  പ്രവർത്തനമാണ്" എന്ന് വ്യക്തമാക്കിയ പാപ്പാ, "എല്ലാം ക്ഷമിക്കാൻ" വിളിക്കപ്പെടുന്ന കുമ്പസാരക്കാർക്കുള്ള ഒരു "പ്രധാന"ചുമതലയാണിതെന്നും പറഞ്ഞു.

54 വർഷത്തെ പൗരോഹിത്യ ജീവിതത്തിനിടയിൽ താൻ ഒരിക്കൽ മാത്രമാണ് പാപമോചനം നിഷേധിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തിയ പാപ്പാ അത് ആ വ്യക്തിയുടെ കാപട്യം കാരണമായിരുന്നുവെന്നും പങ്കുവച്ചു.  കർത്താവിന് നമ്മുടെ പാപങ്ങൾ ഉതപ്പ് ഉളവാക്കുന്നില്ല, കാരണം അവിടുന്ന് ഒരു പിതാവാണ്, അവിടുന്നു നമ്മെ അനുഗമിക്കുന്നു എന്ന് വിശദീകരിച്ച പാപ്പാ നരകം ശൂന്യമായിരിക്കുമെന്ന തന്റെ പ്രത്യാശയാണ് പ്രകടിപ്പിച്ചത്.

കുടിയേറ്റ പ്രതിസന്ധിയും അവകാശങ്ങളും

കുടിയേറ്റക്കാരുടെ ദുരവസ്ഥയെക്കുറിച്ച് ഫ്രാൻസിസ്  പാപ്പാ വികാരാധീനനായി സംസാരിച്ചു,  സ്വന്തം ഭവനം വിട്ട് യൂറോപ്പിൽ എത്തുന്നതുവരെ അവർ നേരിടുന്ന ക്രൂരതകളെ അപലപിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനും മാഫിയകളുടെ ക്രിമിനൽ ചൂഷണം ഇല്ലാതാക്കുന്നതിനും ശരിയായി ചിന്തിച്ചു പദ്ധതി രൂപീകരിക്കുന്ന ഒരു കുടിയേറ്റ നയത്തിനായും പാപ്പാ വാദിച്ചു. കുടിയേറ്റ പ്രതിസന്ധിയെ നേരിടുന്നതിൽ അനുകമ്പയുടെയും മാനുഷിക സമീപനത്തിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് സ്വന്തം രാജ്യത്ത് താമസിക്കാനോ കുടിയേറാനോ ഉള്ള വ്യക്തികളുടെ അവകാശത്തെ പാപ്പാ ഊന്നിപ്പറഞ്ഞു. ടുണീഷ്യയ്ക്കും ലിബിയയ്ക്കും ഇടയിലുള്ള മരുഭൂമിയിൽ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട കാമറൂണിയൻ യുവാവായ പാറ്റോയുമായുള്ള കൂടികാഴ്ച്ചയെ അനുസ്മരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ കുടിയേറ്റക്കാരുടെ പ്രശ്‌നത്തെ അഭിമുഖത്തിൽ അഭിസംബോധന ചെയ്തു. സാന്താ മാർത്തയിലെ വസതിയിൽ നവംബറിൽ അദ്ദേഹത്തെ താ൯ സ്വീകരിച്ചതും പാപ്പാ അനുസ്മരിച്ചു.

രാജിക്ക് പദ്ധതിയില്ല

രാജി സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങളോടു പ്രതികരിച്ച ഫ്രാൻസിസ് പാപ്പാ അത് ഇപ്പോഴത്തെ തന്റെ ചിന്തയോ ആശങ്കയോ ആഗ്രഹമോ അല്ലെന്ന് വ്യക്തമാക്കി. ഏതൊരു പാപ്പയ്ക്കും രാജി ഒരു സാധ്യതയാണെന്ന്  പറഞ്ഞ പാപ്പാ അത് തന്റെ ചിന്തകളുടെയോ ആശങ്കകളുടെയോ വികാരങ്ങളുടെയോ കേന്ദ്രമല്ലെന്ന് സ്ഥിരീകരിച്ചു.

അപ്പോസ്തോലിക യാത്രകളുടെ പ്രഖ്യാപനം

വരാനിരിക്കുന്ന രണ്ട് അപ്പസ്തോലിക യാത്രകളെ കുറിച്ച് ഫ്രാൻസിസ് പാപ്പാ വെളിപ്പെടുത്തി. ആഗസ്റ്റിൽ, നിർദ്ദിഷ്ട രാജ്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പോളിനേഷ്യ സന്ദർശിക്കാൻ പാപ്പാ പദ്ധതിയിടുന്നതായി അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ, വർഷാവസാനത്തോടെ തന്റെ ജന്മനാടായ അർജന്റീന സന്ദർശിക്കാനുള്ള ആഗ്രഹവും പാപ്പാ പ്രകടിപ്പിച്ചു. വർഷത്തിന്റെ രണ്ടാം പകുതിയിൽ ഒരു യാത്ര നടത്താനുള്ള സാധ്യതയുണ്ടെന്നുള്ള സൂചനയും പാപ്പാ നൽകി.

സമഗ്രമായ അഭിമുഖത്തിൽ, കത്തോലിക്കാ സഭയുടെ നേതാവെന്ന നിലയിൽ തന്റെ ആശങ്കകൾ, ദൃഢവിശ്വാസങ്ങൾ, ഭാവി പദ്ധതികൾ എന്നിവയെക്കുറിച്ച് ധാരാളം  ഉൾക്കാഴ്‌ചകൾ പങ്കുവച്ചു.

Comments

leave a reply