ഫാ. എബ്രഹാം ഇരിമ്പിനിക്കൽ,
സെക്രട്ടറി, കെ സി ബി സി മീഡിയ കമ്മീഷൻ .
കെ റെയില്‍ നല്ലതാവാം... പക്ഷെ നാട്ടില്‍ വികസനം വരുത്താന്‍ ഒരു ഭരണകൂടം പ്രവര്‍ത്തിക്കുന്നത് മനുഷ്യനോട്, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുന്നവനോട് കുറച്ചു ബഹുമാനത്തോടെ വേണം. ഒരാളുടെ ജീവിതം നിര്‍മ്മിക്കപ്പെട്ട ഇടത്തില്‍ നിന്നും കുടിയിറക്കപെടുന്നത് അത്ര ലളിതമായ പ്രക്രിയ അല്ല. അതിനെ മാനിക്കണം. മനുഷ്യന്റെ ആശങ്കകള്‍ പരിഹരിക്കപ്പെടണം.
സംഘടിതരല്ലാത്തവരെ ആക്രമിക്കാനും അവരുടെ ജീവിതം തുടച്ചു മാറ്റാനും അധികാരവും ബലവുമുള്ള ഭരണകൂടത്തിനു കഴിയുന്നു എന്നത് ഈ നൂറ്റാണ്ടില്‍ നിങ്ങള്‍ എത്ര പ്രാകൃതമായി പെരുമാറുന്നു എന്നതിന്റെ സാക്ഷ്യം ആണ്. കോവിഡ് പോസിറ്റീവ്കാരനെ വഴിയില്‍ ഓടിച്ചിട്ട് പിടിക്കുന്ന വീഡിയോ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപക്വ പ്രകടനങ്ങളുടെയും ക്രൂര വിനോദത്തിന്റെയും സാക്ഷ്യമാണല്ലോ. ആലോചന ഇല്ലാത്ത, ഇത്തരം മനുഷ്യ ജീവിതങ്ങളിലേക്കുള്ള കടന്നു കയറ്റം ഭരിക്കുന്നവരെ മഹാന്മാരാക്കില്ല.
മനുഷ്യത്വം ഭരണകൂടത്തിനുമാകാം. നിങ്ങള്‍ രാജ്യദ്രോഹികളോടോ തീവ്രവാദികളോടോ അല്ല, വോട്ട് ചെയ്തു,ഭരിക്കാന്‍ നിങ്ങളെ തിരഞ്ഞെടുക്കുന്ന പൗരന്മാരെയാണ് തെരുവില്‍ തല്ലിചതയ്ക്കുന്നത്. ഇത് തെറ്റാണ്. സംസ്‌കാരമുള്ള സമൂഹത്തിനു ഭൂഷണമല്ല. ഭൂരിപക്ഷം നേടിയതു കൊണ്ട് ഭരിക്കുന്നവര്‍ക്ക് എന്തും ചെയ്യാം എന്നായാല്‍ പഴയ രാജഭരണത്തിലെ തെറ്റുകള്‍ക്ക് ഇന്ന് ജനാധിപത്യപാര്‍ട്ടികള്‍ ന്യായീകരണം നല്‍കുന്നതുപോലാകും.
ഒരു രാജ്യം ഒന്നാം ലോകവും മൂന്നാം ലോകവും ആകുന്നത് പൗരന്മാര്‍ പരസ്പരവും ഭരണകൂടം പൗരന്മാരെയും ബഹുമാനിക്കുന്നതിനെ ആശ്രയിച്ചാണ്, അതുകഴിഞ്ഞു മാത്രമേ സമ്പത്തിന്റെ വിതരണം വരൂ. ആരെയും ബഹുമാനിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥരും സര്‍ക്കാരുമാണ് ഒരു രാജ്യത്തെ മൂന്നാം ലോകരാജ്യമാക്കുന്നത്. അതിപ്പോള്‍ വികസന കാര്യത്തിലായാലും വില്ലേജ് ഓഫീസിലെ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലായാലും. മാലിന്യം വഴിയില്‍ ഉപേക്ഷിക്കുന്നവരും ഡിജിറ്റല്‍ പരിസരത്ത് വെറുപ്പ് വില്‍ക്കുന്നവരും പരസ്പരം ബഹുമാനിക്കാന്‍ കഴിയാത്തവരാണ്.
മാതൃക കാണിക്കേണ്ട ഒരു സംവിധാനമാണ് സര്‍ക്കാര്‍ . അവര്‍ പൗരന്മാരെ മൂന്നാം ലോകക്കാരായി പരിഗണിക്കരുത്. രാഷ്ട്രീയമോ പദ്ധതിയുടെ വിഹിതമോ അല്ല ഇവിടെ വിഷയം. ഭരണകൂടം പൗരനെ അവന്റ ആശങ്കകളെ ബഹുമാനപൂര്‍വം പരിഗണിക്കണം. സാധാരണക്കാരന്റെ നെഞ്ചിനിടിക്കാന്‍ പോലീസിനെ കയറൂരിവിടുന്നത് ശുദ്ധ അസംബന്ധം ആണ്.
സ്വന്തം നാട്ടുകാരോട് യുദ്ധം പ്രഖ്യാപിക്കരുത്.
Comments