Foto

മഴക്കെടുതി: ദുരിതബാധിതർക്ക് രൂപതാ സ്ഥാപനങ്ങൾ തുറന്നു നല്‍കാന്‍ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ നിര്‍ദേശം

സംസ്ഥാനത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിൽ ദുരിതബാധിതർക്ക് സഹായം ഒരുക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര അഭയം നൽകുന്നതിനായി രൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സ്കൂളുകളും കോളേജുകളും ഇടവകകളും സോഷ്യൽ വെൽഫെയർ സൊസൈറ്റികളും തുറന്നു നൽകാൻ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ അധ്യക്ഷതയിൽ അടിയന്തരമായി ഓൺലൈനിൽ ചേർന്ന രൂപത കൂരിയായുടെയും ആലോചനസമിതിയുടെയും പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിലുകളുടെ ചെയർമാൻ, സെക്രട്ടറിമാർ എന്നിവരുടെയും യോഗത്തിൽ തീരുമാനിച്ചു.

കൈപ്പള്ളി, പെരിങ്ങുളം, അടുക്കം, വാഗമൺ, കുടയത്തൂർ, മൂലമറ്റം, പയ്യാനിത്തോട്ടം,തീക്കോയി, പൂഞ്ഞാർ തുടങ്ങിയ പ്രദേശങ്ങളിലെ നാശനഷ്ടങ്ങളും പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി. ബന്ധപ്പെട്ട ഇടവകകളിലെ വികാരി അച്ചന്മാർക്ക് ആവശ്യമായ സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിർദേശം നൽകി. മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്കും സുരക്ഷിത താവളം ആവശ്യമുള്ളവർക്കും അടുത്തുള്ള ഇടവകകളുമായും രൂപതയുടെ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമായും ബന്ധപ്പെടാൻ രൂപത അറിയിച്ചു.

Comments

leave a reply

Related News