Foto

സ്ത്രീകളുടെ ആരോഗ്യം കൗമാരം മുതല്‍ വാര്‍ദ്ധക്യം വരെ

സ്ത്രീകളുടെ ആരോഗ്യം

ജോബി ബേബി

മുന്‍കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ പൊതുവേയും ഇപ്പോഴും ചിലയിടങ്ങളിലെങ്കിലും കണ്ടു വരുന്ന ഒരു കാര്യമുണ്ട്.വീട്ടില്‍ പോഷകഗുണമുള്ളതും രുചികരവുമായ ഭക്ഷണം പാകം ചെയ്യ്താല്‍ അമ്മ ആദ്യം അത് അച്ഛന് വിളമ്പും(''അങ്ങേരു പോയി പണിയെടുത്താലേ കുടുംബം പുലരൂ'')ബാക്കിയുള്ളതില്‍ നിന്നും നല്ലൊരു പങ്ക് ആണ്‍ മക്കള്‍ക്ക് വിളമ്പും(''നാളെ അവനാണല്ലോ കുടുംബം നോക്കേണ്ടത്'').ബാക്കിയുള്ളത് പെണ്‍മക്കള്‍ക്ക് നല്‍കും.പിന്നേയും വറചട്ടിയില്‍ വല്ലതും ഉണ്ടെങ്കില്‍ അമ്മ കഴിച്ചെന്ന് വരും.പലപ്പോഴും അത്താഴപ്പട്ടിണിയുമായി അമ്മ അന്തിയുറങ്ങും.നാളെയുടെ പെടാപാടുകള്‍ക്കായി അതിരാവിലെ ഉണരുവാനായി.

അസുഖം വന്നാലും സ്ഥിതി മറ്റൊന്നല്ല.മക്കളുടെയും ഭര്‍ത്താവിന്റെയും ചികിത്സയ്ക്കും പരിചരണത്തിനും മുന്‍ഗണന നല്‍കും.എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ ചികിത്സാ ചിലവുകളും,മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടി വരുന്നതുമൊക്കെ അമ്മമാരെ അലട്ടുന്നു.രോഗമുക്തിക്ക് ശസ്ത്രക്രിയ വല്ലതും ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ ഇപ്പോള്‍ പറ്റില്ല.കുട്ടികളുടെ അവധിക്കാലമാകട്ടെ എന്ന് പറയും.ഇനി അവധിക്കാലമായാലോ സ്‌കൂള്‍ തുറക്കുന്നതിന്റെ ബാധ്യതയോര്‍ത്ത് ചികിത്സ മാറ്റിവയ്ക്കും.ലോകാരോഗ്യസംഘടന സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് പുറത്തു വിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്.പൊതുവേ സ്ത്രീകളുടെ ജീവിത ദൈര്‍ഘ്യീ പുരുഷന്മാരേക്കാള്‍ കൂടുതലാണ്.എന്നാല്‍ രോഗപീഡകളില്‍ സ്ത്രീകള്‍ മുന്നിലാണ്.സ്ത്രീകളുടെ ഇടയിലും പുകയില,മദ്യപാനം എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചുവരികയാണ്.ഇത് സ്ത്രീകളില്‍ വന്ധ്യത,നേരത്തേയുള്ള പ്രസവം,ഗര്‍ഭസ്ഥശിശുമരണം,ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

ലോകത്താകമാനം ഓരോ ദിവസവും ആയിരം സ്ത്രീകളില്‍ വീതം ഗര്‍ഭ-പ്രസവാനുബന്ധ കരണങ്ങളാല്‍ മരണപ്പെടുന്നു.മൂന്നിലൊരു സ്ത്രീമരണങ്ങള്‍ക്ക് കാരണം ഹൃദ്രോഹവും,പക്ഷാഘാതവുമാണ്.അവികസിതരാജ്യങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ചു ഇരുപത്തിനാലു വര്‍ഷത്തോളം കൂടുതല്‍ ജീവിച്ചിരിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ലോകത്തില്‍ അന്ധതയുടെ മൂന്നില്‍ രണ്ട് ഭാഗവും പേറുന്നത് വനിതകളാണ്.നമ്മുടെ നാട്ടിലാകട്ടെ,അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്ന് തിമിരമാണ്.സ്ത്രീകള്‍ക്ക് വേണ്ട സമയത്തു തിമിര ശസ്ത്രക്രിയ നടക്കുന്നില്ലയെന്നത് ഒരു ദുഃഖ സത്യമാണ്.ഭര്‍ത്താവിന്റെ കണ്ണട കൊണ്ട് തൃപ്തിപ്പെടുന്ന എത്രയോ അമ്മമാരേ നമ്മുക്ക് ചുറ്റും കാണാന്‍ സാധിക്കും.പല പ്രശ്‌നങ്ങളും നേരിടുന്ന ഈ സ്ത്രീ തന്നെയാണ് കുടുംബത്തിലെ ആര്‍ക്ക് അസുഖം വന്നാലും പരിചാരക ആകേണ്ടി വരുന്നത്.

സ്ത്രീകളുടെ ആരോഗ്യം കൗമാരം മുതല്‍ വാര്‍ദ്ധക്യം വരെ

പോഷകാഹാരം കൃത്യസമയത്തും മിതമായ അളവിലും ശീലമാക്കുക.ഇലക്കറികള്‍,മാംസാഹാരം,പഴവര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കുന്നത് ശീലമാക്കുക.പൊണ്ണത്തടി ഒഴിവാക്കുക.
ആഴ്ചയില്‍ 150മിനിറ്റെങ്കിലും വ്യായാമം ശീലമാക്കുക.(നടത്തം,കളികള്‍,നീന്തല്‍ തുടങ്ങിയവ തുടര്‍ച്ചയായി രണ്ട് നാള്‍ മുടക്കരുത്).വായന,എഴുത്തു,സുഡാക്കു തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നത് മനസ്സിന് വ്യായാമ തുല്യമായ ഗുണം ലഭിക്കും.പുകയിലയും മദ്യവും പൂര്‍ണ്ണമായി ഒഴിവാക്കുക.
രണ്ടാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന ചുമയുണ്ടെങ്കില്‍ കഫ പരിശോധനയിലൂടെ ക്ഷയരോഗമില്ലെന്ന്  ഉറപ്പുവരുത്തുക.
അശ്രദ്ധമൂലം അത്യാഹിതങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക.
ധാരാളം വെള്ളം കുടിക്കുകയും രണ്ട് മണിക്കൂര്‍ ഇടവിട്ട് മൂത്രം ഒഴിക്കുന്നതും ശീലമാക്കുക.
കൗമാരകാലത്തും ഗര്‍ഭകാലത്തും അയണും കാല്‍സ്യവും കഴിക്കണം.
ആര്‍ത്തവസമയത്തും വ്യക്തി ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കണം.
21വയസ്സ് പൂര്‍ത്തിയാകാതെയുള്ള വിവാഹവും ഗര്‍ഭധാരണവും ഒഴിവാക്കുക.
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയും സുരക്ഷിതമല്ലാത്ത ലൈംഗീകബന്ധങ്ങള്‍ തീര്‍ത്തും ഒഴിവാക്കുകയും ചെയ്യുക.
ഗര്‍ഭഛിദ്രം അതീവ സുരക്ഷിത മാര്‍ഗ്ഗങ്ങളിലൂടെയും അത്യാവശ്യ സന്ദര്‍ഭങ്ങളിലും മാത്രം.
കുട്ടികള്‍ തമ്മിലുള്ള പ്രായ വ്യത്യാസം രണ്ടരവയസ്സാകുന്നതാണ് നല്ലത്.
5വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഒരിക്കെലെങ്കിലും പാപ്‌സ്മിയര്‍ ടെസ്റ്റ് ചെയ്യ്തിരിക്കണം.
20വയസ്സ് കഴിഞ്ഞിട്ടുള്ളവര്‍ മാസമുറ തുടങ്ങിക്കഴിഞ്ഞു 10ദിവസം കഴിയുമ്പോള്‍ സ്വയം സ്തന പരിശോധന നടത്തണം.സ്തനത്തില്‍ മുഴയോ സ്തനഞെട്ടില്‍ നിന്നും ദ്രവമോ ,കക്ഷത്തില്‍ മുഴയോ ശ്രദ്ധിക്കപ്പെട്ടാല്‍ വൈദ്യസഹായം തേടണം.
മാസമുറ സമയത്തോ അല്ലാതെയോ ഉള്ള ശക്തമായ രക്തസ്രാവം,കഠിനമായ വേദന,ആര്‍ത്തവം ക്രമം തെറ്റിവരിക,ലൈംഗീക ബന്ധത്തിന് ശേഷം രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണം.
ആര്‍ത്തവ വിരാമാനന്തരം രക്തസ്രാവം,വേദന,വയറില്‍ മുഴ എന്നിവയുണ്ടെങ്കില്‍ ഉടനെ വൈദ്യസഹായം തേടണം.

ഭാരതത്തിന്റെ മഹത്തരമായ മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്നത്:''യാത്ര നാര്യസ്തു പൂജ്യന്തേ,രമന്തേ തത്രദേവത:''എന്നാണ്.എവിടെയാണ് സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്നത്;സ്വസ്ഥമായും സന്തോഷത്തോടെയും ജീവിക്കുന്നത്;അവിടെ ദേവതമാര്‍ അധിവസിക്കുന്നുവെന്നര്‍ത്ഥം.

(കുവൈറ്റില്‍ നഴ്സായി ജോലി നോക്കുന്നു ലേഖകന്‍).

Comments

leave a reply

Related News