കോഴിക്കോട് സെൻ്റ് സേവ്യേഴ്സ് കോളേജിൽ നടന്ന പരിപാടികൾ ആത്മീയ-സാമൂഹിക-സാംസ്കാരിക സംഗമമായി മാറി. ഞായറാഴ്ച രാവിലെ 9.30-ന് കെആർഎൽസിസി പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. ഉദ്ഘാടന സമ്മേളനത്തിൽ കൊല്ലം രൂപത ബിഷപ് ഡോ. പോൾ ആൻ്റണി മുല്ലശ്ശേരി ആമുഖ സന്ദേശം നൽകി. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ രജതജൂബിലി ലോഗോ പ്രകാശനം ചെയ്തു. നെയ്യാറ്റിൻകര രൂപത ബിഷപ് സെൽവരാജ് ഡി “ലത്തീൻ കത്തോലിക്കർ സാമൂഹിക സാമ്പത്തിക പഠനം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു. കെആർഎൽസിസി സെക്രട്ടറി പാട്രിക് മൈക്കിൾ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന്, ‘കെആർഎൽസിസിയുടെ 25 മഹിതവർഷങ്ങൾ: ഏകോപനം, പങ്കാളിത്തം, ശക്തീകരണം’ എന്ന വിഷയത്തിൽ കെആർഎൽസിസി മുൻ ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് അതിരൂപതാ പ്രതിനിധി ജോയി ടി.എഫ്. മോഡറേറ്ററായിരുന്നു.
രാവിലെ 11 മണിക്ക് കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയും കെആർഎൽസിസി പ്രസിഡൻ്റുമായ ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിൻ്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചു. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ദിവ്യബലിമധ്യേ വചനസന്ദേശം നൽകി. ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ. മാർട്ടിൻ പാട്രിക് ‘ലത്തീൻ കത്തോലിക്കർ: യാഥാർഥ്യങ്ങൾ, വെല്ലുവിളികൾ, ഭാവി പദ്ധതികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. 25 വർഷം പിന്നിടുന്ന ഈ വേളയിൽ ലത്തീൻ കത്തോലിക്കാ സമൂഹം പല മേഖലകളിലും ഇനിയും ഒരുപാട് വളരേണ്ടതുണ്ടെന്നും പുതിയ വികസന മാതൃകകൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബിജു ജോസി മോഡറേറ്ററായി ചർച്ച നിയന്ത്രിച്ചു.
ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന പ്രൗഢമായ പൊതുസമ്മേളനം ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ ലത്തീൻ സഭയുടെ അർഹമായ രാഷ്ട്രീയ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം ശക്തമായി സംസാരിച്ചു. കോൺഗ്രസ് പാർട്ടിയിൽ നിന്ന് മന്ത്രിസഭയിലേക്ക് ലത്തീൻ സമുദായത്തിൽ നിന്നൊരു മന്ത്രി ഉണ്ടാകണമെന്നത് ന്യായമായ ആവശ്യമാണെന്ന് അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ ആമുഖ പ്രഭാഷണം നടത്തി. ആലപ്പുഴ രൂപത മെത്രാൻ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രകാശന കർമ്മങ്ങളും നടന്നു. നവീകരിച്ച വിശ്വാസപരിശീലന പുസ്തകം, കെഎൽസിഎ (KLCA) ജൂബിലി പതിപ്പ്, ബിസിസി (BCC) പ്രതിമാസ ബുള്ളറ്റിൻ എന്നിവ സമ്മേളനത്തിൽ വെച്ച് പ്രകാശനം ചെയ്തു. കൂടാതെ, കെആർഎൽസിസി മീഡിയയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൻ്റെ ലോഞ്ചിംഗും കെസിവൈഎം (KCYM) നേതൃത്വം നൽകുന്ന രക്തദാതാക്കളുടെ ശൃംഖലയായ “BLESS” പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് നിർവ്വഹിക്കപ്പെട്ടു. കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിൻ്റെ ശാക്തീകരണത്തിനും സഭാസമൂഹത്തിന്റെ നവീകരണത്തിനുമായി പ്രവർത്തിക്കുന്ന കെആർഎൽസിസിയുടെ ഈ രജതജൂബിലി ആഘോഷങ്ങൾ 2027 മെയ് 23 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
രാജത ജൂബിലിയോട് അനുബന്ധിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രൊഫഷണൽസ് കോൺക്ലവ്, അൽമായ നേതൃ സംഗമങ്ങൾ, വൈദിക – സന്യസ്ഥ കോൺക്ലവ്, മീഡിയ കോൺക്ലവ് എന്നിവയും സമാപനമായി എറണാകുളത്ത് ലത്തീൻ കത്തോലിക്ക മഹാ സംഗമവും സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ഫാ. ഡോ. ജീജു ജോർജ് അറക്കത്തറ വ്യക്തമാക്കി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പേർ ഉൽഘാടന സമ്മേളനത്തിൽ പങ്കെടുത്തു.








Comments