നന്മ ചെയ്യുന്നവരെ തടയുന്ന മനോഭാവമരുത് : പാപ്പ
വത്തിക്കാൻ സിറ്റി : മറ്റുള്ളവരോട് അയവില്ലാത്ത നമ്മുടെ മനോഭാവങ്ങളിൽ മാറ്റം വരുത്തണമെന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ എത്തിയ തീർത്ഥാടകരോട് ഫ്രാൻസിസ് പാപ്പ. വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിലെ വചന ഭാഗം (9:38-41) വിശദീകരിക്കവേ നന്മ ചെയ്യുന്നവരെ തടയാനുള്ള ശിഷ്യന്മാരുടെ ശ്രമങ്ങൾക്കെതിരെ യേശുനാഥൻ നൽകുന്ന മുന്നറിയിപ്പ് എല്ലാ വിശ്വാസികൾക്കും ബാധകമാണെന്ന് പാപ്പ പറഞ്ഞു.
ഹൃദയങ്ങളെ തിന്മയ്ക്ക് വിട്ടുകൊടുക്കരുത്
വിശുദ്ധ യോഹന്നാൻ ശ്ലീഹാ മറ്റ് ശിഷ്യന്മാർക്ക് വേണ്ടി സംസാരിക്കുന്നതാണ് ഈ വചനഭാഗം. യേശുവിന്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്‌കരിക്കുന്ന ഒരാളെ യേശുവിനെ അനുഗമിക്കാത്തവനായതുകൊണ്ട് തടയണമെന്നായിരുന്നു യോഹന്നാന്റെ ആവശ്യം. എന്നാൽ യേശു അത് അംഗീകരിക്കുന്നില്ല. തന്റെ നാമത്തിൽ നന്മ ചെയ്യുന്ന ആരെയും തടയരുതെന്ന് യേശു ശിഷ്യരോട് കൽപ്പിക്കുന്നു. മനുഷ്യരെ നല്ലവരെന്നും ചീത്തവരെന്നും വേർതിരിക്കാനുള്ള ശിഷ്യരുടെ പ്രവണതയും യേശു തള്ളിക്കളയുന്നു. അതിനുപകരം, നിങ്ങളുടെ ഹൃദയങ്ങളെ തന്നെ തിന്മയ്ക്ക് വിട്ടുകൊടുക്കാതിരിക്കാനാണ് ജാഗ്രത പുലർത്തേണ്ടത്.
മറ്റുള്ളവരിലേക്ക് തുറക്കപ്പെടാത്ത സംഘപരമായ സങ്കുചിത ചിന്തയും അപകടമാണ്. യേശുവിൽ തങ്ങൾക്ക് പ്രത്യേകമായ അവകാശമുണ്ടെന്ന ശിഷ്യന്മാരുടെ ചിന്തയെയും തങ്ങൾ മാത്രമാണ് ദൈവരാജ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന അവരുടെ മനോഭാവത്തെയും യേശു തള്ളിക്കളയുന്നു. ഇത്തരം മനോഭാവം തങ്ങൾ പ്രത്യേക അവകാശമുള്ളവരാണെന്നും മറ്റുള്ളവർ പുറത്തുള്ളവരാണെന്നുമുള്ള ചിന്തയിലേക്ക് നയിക്കാം. നമ്മെപ്പോലെ ചിന്തിക്കാത്തവരും പ്രവർത്തിക്കാത്തവരുമായ നമ്മുടെ ചുറ്റുമുള്ളവരിൽ നിന്ന് നാം സ്വയം അടച്ചിടുന്നത് അപകടകരമായ പ്രവണതയാണ്. ഈ മനോഭാവം ചരിത്രത്തിൽ ഒരുപാട് ദുരന്തങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇത്തരം മനോഭാവം ഏകാധിപത്യത്തിനും വഴിയൊരുക്കും, വ്യത്യസ്തമായി ചിന്തിക്കുന്നവർ കലാപത്തിലേക്കും തിരിയും.
വിഭജിക്കുന്നവൻ പിശാചാണ്.
സഭയിൽ ഇത്തരത്തിലുള്ള മനോഭാവങ്ങൾ ഉണ്ടാകാതിരിക്കാൻ വിശ്വാസികൾ ജാഗ്രത പുലർത്തണം. എപ്പോഴും ''വിഭജിക്കുന്നവൻ'' പിശാചാണ്. അവൻ ആദ്യം സംശയം വളർത്തും. ഇതോടെ മറ്റുള്ളവരെ മാറ്റിനിർത്താൻ നാം പ്രേരിപ്പിക്കപ്പെടും. പിശാച് സൂത്രശാലിയാണ്. അതുകൊണ്ടാണ്, പിശാചിനെ പുറത്താക്കുന്നവനെ പോലും മാറ്റി നിർത്താൻ ശിഷ്യന്മാർക്ക് പ്രേരണയുണ്ടായത്. എളിമയുള്ളവരും തുറന്ന മനസ്സുള്ളവരുമായ സമൂഹങ്ങൾ പോലും, തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന മനോഭാവത്തിലേക്ക് വീഴാം. എല്ലാവരുമോടും ഒപ്പം നടക്കേണ്ടതിനു പകരം നമ്മുടെ വിശ്വാസികൾക്കുള്ള ലൈസൻസ് മറ്റുള്ളവരെ വിധിക്കാനും മാറ്റിനിർത്താനുമായി നാം ഉപയോഗിക്കുന്നു.
കൂടല്ല, കൂട്ടായ്മയാണ് വേണ്ടത്.
മറ്റുള്ളവരെ വിധിക്കാനും മാറ്റിനിർത്താനുമുള്ള നമ്മുടെ കൂട് മനോഭാവത്തെ മറികടക്കാൻ നാം ദൈവകൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കണം. ഈ മനോഭാവം ക്രിസ്തീയ സമൂഹങ്ങളെ വിഭജനത്തിലേക്കാണ് നയിക്കുക; കൂട്ടായ്മയിലേയ്ക്കല്ല. പരിശുദ്ധാത്മാവ് ''അടച്ചിടൽ'' ഇഷ്ടപ്പെടുന്നില്ല. പരിശുദ്ധാത്മാവ് തുറവിയുടേതും ഏവർക്കും ഇടം നൽകുവാൻ തക്കവിധം സ്വാഗതം ചെയ്യുന്ന കൂട്ടായ്മയുടേതുമാണ്.
സുവിശേഷത്തിന് വിരുദ്ധമായി എന്തുണ്ട് ?
ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുകയെന്ന യേശുവിന്റെ ആഹ്വാനത്തെ പാപത്തെ വേരോടെ പിഴുതുമാറ്റണമെന്ന പ്രതീകാത്മകമായ ആഹ്വാനമാണ് നമ്മുടെ നന്മയ്ക്കുവേണ്ടിയാണ് ഒരു ഡോക്ടറെ പോലെ യേശു ഇങ്ങനെ പറയുന്നത്. എല്ലാ മുറിച്ചുമാറ്റലുകളും വെട്ടിയൊരുക്കലും സ്‌നേഹത്തിൽ അടിയുറച്ച് ഫലം പുറപ്പെടുവിക്കാൻ വേണ്ടിയാണ്. നാം ഓരോരുത്തരും സ്വയം ചോദിക്കണം. സുവിശേഷത്തിന് വിരുദ്ധമായി
എന്താണുള്ളത് ? എന്റെ ജീവിതത്തിൽ നിന്നാണ് എന്താണ് മുറിച്ചു മാറ്റേണ്ടത് ? - പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
Comments