Foto

മെയ് മാസ ജപമാല പ്രാർത്ഥന

മെയ് മാസ ജപമാല പ്രാർത്ഥന

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തെ ഗ്രസിച്ചിരിക്കുന്ന വസന്തയിൽ നിന്നു രക്ഷിക്കാൻ ദൈവ മാതാവിൻറെ മാദ്ധ്യസ്ഥ്യം തേടാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം പ്രതിഷ്ഠിതമായ മെയ് മാസത്തിൻറെ ആദ്യ ദിനത്തിൽ, കോവിദ് 19 മഹാമാരിയുടെ അന്ത്യത്തിനായി തുടക്കം കുറിക്കുന്ന ഒരു മാസം നീളുന്ന കൊന്തനമസ്കാരത്തോടനുബന്ധിച്ച്, “ഒരുമയോടെ പ്രാർത്ഥിക്കാം” (#LetUsPrayTogether) എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്‌ച (01/05/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ സാന്ത്വനത്തിൻറെയും പ്രത്യാശയുടെയും നാഥയോടുള്ള പ്രാർത്ഥനയുടെ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.

“മെയ് മാസത്തിൽ, നമുക്ക്, സമാശ്വാസത്തിൻറെയും  സുദൃഢമായ പ്രത്യാശയുടെയും അടയാളമായ ദൈവമാതാവിങ്കലേക്ക് നയനങ്ങൾ തിരിക്കാം. ഈ കാലഘട്ടത്തിലെ പരീക്ഷണങ്ങളെ ഒത്തൊരുമിച്ചു നേരിടുന്നതിന് നമുക്ക് ഏകയോഗമായി ജപമാല പ്രാർത്ഥന ചൊല്ലുകയും ഒരു ആദ്ധ്യാത്മിക കുടുംബം എന്ന നിലയിൽ ഉപരി ഐക്യത്തിലാകുകയും ചെയ്യാം” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

ലോകത്തിലെ വിവിധ മരിയൻ ദേവാലയങ്ങൾ പങ്കുചേരുന്ന, മെയ് ഒന്നു മുതൽ ഒരു മാസം നീളുന്ന പ്രാർത്ഥനാമാരത്തോണിൻറെ പ്രമേയം, “സഭ മുഴുവനിലും നിന്ന് ദൈവത്തിങ്കലേക്ക് പ്രാർത്ഥന നിരന്തരം ഉയർന്നുകൊണ്ടിരുന്നു” എന്ന അപ്പസ്തോല പ്രവർത്തനം പന്ത്രണ്ടാം അദ്ധ്യായത്തിലെ അഞ്ചാം വാക്യമാണ്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്. 

Comments

leave a reply

Related News