Foto

നിര്‍ബന്ധിത വിവാഹത്തിനിരയായ പാകിസ്ഥാൻ ക്രിസ്ത്യന്‍ പെണ്‍കുട്ടിയ്ക്കു 8 മാസങ്ങൾക്ക് ശേഷം മോചനം.

ഫൈസലാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ അഹമദാബാദിലെ സ്വന്തം വീട്ടില്‍ നിന്നും മുസ്ലീം സംഘം തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത ഫാറാ ഷഹീന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയ്ക്കു എട്ടു മാസം നീണ്ട നരകയാതനകൾക്ക് ഒടുവിൽ മോചനം. പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിടുവാന്‍ ഫൈസലാബാദ് സെഷന്‍ കോടതി ഉത്തരവിടുകയായിരിന്നു. നാൽപ്പത്തിയഞ്ചുകാരനായ ഖിസാര്‍ ഹയാത്ത് എന്ന ഇസ്ലാം മത വിശ്വാസിയാണ് പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും പീഡനത്തിനും ഇരയാക്കിയത്. ഫാറാക്ക് അവള്‍ക്ക് അവളുടെ പിതാവിനൊപ്പം കഴിയുവാനാണ് ഇഷ്ടമെന്നും, ഫാറായും ഖിസാര്‍ ഹയാത്തും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാലും, ഇവരുടെ വിവാഹ ഉടമ്പടി (നിക്കാഹ്) ബന്ധപ്പെട്ട യൂണിയന്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ലാത്തതിനാലും ഫാറായെ ദാര്‍ ഉല്‍ അമനില്‍ (അഭയ കേന്ദ്രത്തില്‍) അനിശ്ചിത കാലത്തേക്ക് പാര്‍പ്പിക്കുവാന്‍ കഴിയുകയില്ലെന്ന്‍ സെഷന്‍ കോടതി ജഡ്ജി റാണാ മസൂദ് അഖ്തറിന്റെ ഫെബ്രുവരി 16­ലെ വിധിയില്‍ പറയുന്നു.

പരാതിക്കാരനായ ഫാറായുടെ പിതാവും കുടുംബാംഗങ്ങളും ഫാറായെ വേണ്ടവിധം സംരക്ഷിക്കണമെന്നും, ഫാറായുടെ ജീവനും സ്വാതന്ത്ര്യത്തിനും പ്രതിബന്ധം വരുത്തുവാന്‍ ആരേയും അനുവദിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഫാറായെ ഹയാത്ത് നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത് വിവാഹം ചെയ്യുകയായിരുന്നെന്നും, ഫാറാ ദിവസം മുഴുവനും ഹയാത്തിന്റെ വീടും പരിസരവും, തൊഴുത്തും വൃത്തിയാക്കേണ്ടി വരികയാണെന്നും കാണിച്ച് ഫാറായുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ഫൈസലാബാദ് പോലീസ് ഫാറായെ തട്ടിക്കൊണ്ടുപോയ പ്രതിയെ വീട്ടില്‍ നിന്നും മോചിപ്പിക്കുമ്പോള്‍ അവള്‍ക്ക് വെറും 12 വയസ്സ് മാത്രമായിരുന്നു പ്രായം. കോടതിയില്‍ ഹാജരാക്കിയ അവളെ കോടതി അഭയകേന്ദ്രത്തിലേക്ക് മാറ്റി.

ഫാറാ സ്വന്തം ഇഷ്ടപ്രകാരമാണ് ഹയാത്തിനെ വിവാഹം ചെയ്തതെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ മാസം ഹയാത്തിനെതിരെയുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ‘അപ്പോസ്റ്റല്‍സ് ഗോസ്പല്‍ മിനിസ്ട്രീസ് ഇന്റര്‍നാഷ്ണ’ലിന്റെ മെത്രാനായ ഇഫ്തിക്കര്‍ ഇണ്ട്രിയാസും മനുഷ്യാവകാശ പ്രവർത്തകരും ഫാറായുടെ കുടുംബത്തിനു വേണ്ട നിയമസഹായങ്ങള്‍ ഉറപ്പാക്കുകയും, ഹയാത്തിന്റെ അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് രംഗത്തെത്തുകയായിരുന്നു. ഫാറായുടെ മോചനത്തിനായി സഹായിച്ച എല്ലാവര്‍ക്കും ബിഷപ്പ് ഇഫ്തിക്കര്‍ നന്ദി അറിയിച്ചു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്ത് വിവാഹം ചെയ്യുന്നതിനെതിരെയുള്ള പ്രതിരോധത്തിന്റെ സൂചനയായിട്ടാണ് ഈ വിജയത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.

ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്കിരയായ ശേഷം സ്വന്തം വീടുകളില്‍ തിരിച്ചെത്തുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് മാതാപിതാക്കളും സംരക്ഷകരുമെന്ന നിലയില്‍ കടമയാണെന്ന്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലാഹോര്‍ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടനയുടെ കണക്കനുസരിച്ച് 2013-നും 2020 നവംബറിനും ഇടയില്‍ ക്രൈസ്തവ, ഹൈന്ദവ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളുടെ സംശയാസ്പദമായ നൂറ്റിഅറുപതിൽ അധികം മതപരിവര്‍ത്തന കേസുകളാണ് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Foto

Comments

leave a reply

Related News