2022-23 വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു
കണ്ണൂർ: ബി പോസിറ്റീവ് ചാരിറ്റബിൾ സൊസൈറ്റിയുടെ 2023ലെ കാരുണ്യ സ്പർശം അവാർഡ് അഗതികളുടെ സഹോദരിമാർക്ക് (SD Sisters). 25001 രൂപയും പ്രശസ്തിപത്രവും മെയ് 13ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി സമ്മാനിക്കും.സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ജോർജ് ജോസഫ് അർത്തനാക്കുന്നേലിന്റെ സ്മരണയ്ക്കായി 2022 മുതലാണ് അവാർഡ് ഏർപ്പെടുത്തിയത്. രണ്ടാം ചരമവാർഷിക ദിനമായ മെയ് 13ന് വായാട്ടുപറമ്പിൽ നടക്കുന്ന സമ്മേളനത്തിൽ വച്ചാണ് അവാർഡ് സമ്മാനിക്കുന്നത്.
അഗതികളുടെ സഹോദരിമാർ ജാതിമത ഭേദമില്ലാതെ അഗതികൾക്കും അശരണർക്കും പാവങ്ങൾക്ക് നൽകുന്ന കരുണാർദ്രമായ സേവനം വിലയിരുത്തിയാണ് അവാർഡ് നൽകുന്നതെന്ന് അവാർഡ് നിർണയ കമ്മിറ്റി വിലയിരുത്തി. 60 വയസ്സ് കഴിഞ്ഞ അഗതികളെയും, കാൻസർ പോലുള്ള മാരകരോഗങ്ങൾ ബാധിച് ചികിത്സ ഫലിക്കാതെ ഉപേക്ഷിക്കപ്പെട്ടവരെയും അവരുടെ ജീവിതത്തിന്റെ അവസാന കാലഘട്ടങ്ങളിൽ പരിചരിച്ച് ശുശ്രൂഷിച്ച് സേവനം നടത്തുന്നു. അവരുടെ പ്രാഥമിക കാര്യങ്ങൾ തൊട്ട് കുളിപ്പിക്കൽ ഭക്ഷണം കൊടുക്കൽ മരുന്ന് നൽകൽ എല്ലാം സിസ്റ്റേഴ്സ് സ്വന്തമായി ആണ് ചെയ്യുന്നത്.
ഏതു ജാതിയിലും മതത്തിലും പെട്ടവരായാലും അവരുടെ വിശ്വാസം അനുസരിച്ച് പ്രാർത്ഥിക്കാനും അവസാന നാളുകളിൽ വേണ്ട ശുശ്രൂഷ ചെയ്യാനും ഈ അഗതികളുടെ സഹോദരിമാർ എപ്പോഴും സന്നദ്ധരാണ്. പൊതു ജനങ്ങൾ നൽകുന്ന സംഭാവനകളല്ലാതെ യാതൊരു സഹായവും ഇവർക്ക് ലഭിക്കുന്നില്ല.
സിനിമയിലും നാടകങ്ങളിലും, നവമാധ്യമങ്ങളിലും സന്ന്യസ്തരെ വികലമായി ചിത്രീകരിക്കുന്ന ഈ കാലഘട്ടത്തിൽ ഇവർ ചെയ്യുന്ന നന്മകളും ജീവകാരുണ്യ പ്രവർത്തനങ്ങളും കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്ന് അവാർഡ് നിർണയ കമ്മിറ്റി വിലയിരുത്തി.
റവ. തോമസ് തെങ്ങുംപള്ളിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഈ വർഷത്തെ അവാർഡ് നിർണയിച്ചത്.
കഴിഞ്ഞവർഷം കാരുണ്യ സ്പർശം അവാർഡ് തെരുവിൽ നിന്ന് കണ്ടെടുത്ത നൂറിലധികം മാനസിക രോഗികളെ പരിചരിക്കുന്ന ആശാൻ കവലയിലെ തിരുരക്താശ്രമത്തിനാണ് നൽകിയത്. 2011മുതൽ പ്രവർത്തിക്കുന്ന ബി പോസിറ്റീവ് ചാരിറ്റബിൾ സൊസൈറ്റി പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസ - രോഗി പരിചരണ മേഖലയിൽ സുത്യർഹമായ സേവനമാണ് നടത്തിവരുന്നതെന്നു സൊസൈറ്റി പ്രസിഡണ്ട് ഡി പി ജോസ്, ഉപദേശക സമിതി ചെയർമാൻ തോമസ് ജേക്കബ്, സെക്രട്ടറി സിബി മാത്യു, ട്രഷറർ ചാക്കോച്ചൻ മരുതാനിക്കാട്, ഡയറക്ടർമാരായ സജി തെക്കകൊട്ടാരം, ചാരിറ്റി ഡയറക്ടർ ജോസ് വി ജോസഫ് എന്നിവർ അറിയിച്ചു.
Comments