മനില: തെക്കൻ ഫിലിപ്പീസിലെ മിൻഡാനാവോയില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മലബാല രൂപതാവൈദികനായ ഫാ. റെനെ ബയാങ് റെഗലാഡോയാണ് (42) ഞായറാഴ്ച കൊല്ലപ്പെട്ടത്. പാറ്റ്പാറ്റ് ഗ്രാമത്തിലെ മലബാലെ കാർമൽ ആശ്രമത്തിന് സമീപം രാത്രി എട്ടുമണിയോടെ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരിന്നു. ഫാ. റെഗലാഡോ സെന്റ് ജോൺ ഇരുപത്തിമൂന്നാമന്‍ കോളേജ് സെമിനാരിയിലേക്ക് മടങ്ങുന്നതിനിടെ അജ്ഞാതതരുടെ വെടിയേറ്റ് മരണപ്പെടുകയായിരിന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു.
മലബാലെ സിറ്റിയിലെ സെന്റ് ജോൺ ഇരുപത്തിമൂന്നാമന്‍ പ്രീ-കോളേജിലും കഗായൻ ഡി ഓറോ സിറ്റിയിലെ കാമാമയിലെ സെന്റ് ജോൺ മേരി വിയാനി തിയോളജിക്കൽ സെമിനാരിയില്‍ ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കിയ ഫാ. റെനെ ബയാങ് 2007 ഒക്ടോബർ 18നാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഫിലിപ്പീന്‍സ് മെത്രാന്‍ സമിതിയുടെ കീഴിലുള്ള സിബിസിപി ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം, 2017 ന് ശേഷം ഫിലിപ്പീൻസിൽ കൊല ചെയ്യപ്പെടുന്ന നാലാമത്തെ വൈദികനാണ് ഫാ. റെഗലാഡോ.
Comments