Foto

യു.എ.പി.എ നിയമത്തിന്റെ സാധുതാ പരിശോധന വിലക്കി സുപ്രീം കോടതി

യു.എ.പി.എ നിയമത്തിന്റെ
സാധുതാ പരിശോധന
വിലക്കി സുപ്രീം കോടതി

ബോംബെ ഹൈക്കോടതിയില്‍ ഫാ. സ്റ്റാന്‍ സ്വാമി നല്‍കിയ
ജാമ്യ ഹര്‍ജിക്കുമേല്‍ കരിനിഴല്‍ പരത്തുന്ന നിരീക്ഷണം


വിയോജിപ്പിനെ ദേശവിരുദ്ധമായി മുദ്രകുത്തുന്ന ഭരണകൂട പ്രവണതയ്ക്ക് യു.എ.പി.എ നിയമത്തെ കൂട്ടുപിടിക്കരുതെന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിലപാട് ഫാ. സ്റ്റാന്‍ സ്വാമിയുടേത് ഉള്‍പ്പെടെയുള്ള സുപ്രധാന കേസുകളില്‍ നിര്‍ണ്ണായകമാകുമെന്ന നിരീക്ഷണം പാളി. ഡല്‍ഹി വംശഹത്യാകേസില്‍ മൂന്ന് വിദ്യാര്‍ഥി നേതാക്കള്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ, ജാമ്യ അപേക്ഷയില്‍ യു.എ.പി.എ നിയമത്തിന്റെ സാധുത ഡല്‍ഹി ഹൈക്കോടതി പരിശോധിച്ചതില്‍ സുപ്രീം കോടതി അത്ഭുതവും അതൃപ്തിയും രേഖപ്പെടുത്തിയത്് മനുഷ്യാവകാശ പ്രവര്‍ത്തകരെ വീണ്ടും ചിന്താക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് രാജ്യമെമ്പാടുമുള്ള യു.എ.പി.എ കേസുകളെ സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ട പരമോന്നത കോടതി അപ്പീലുകളില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ മറ്റ് കേസുകള്‍ക്ക് ഈ ഉത്തരവ് ബാധകമാക്കരുതെന്ന് നിര്‍ദേശവും നല്‍കി. ഹൈക്കോടതി പരാമര്‍ശം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

നാലര പതിറ്റാണ്ടു മുമ്പ് കേന്ദ്ര ഭരണകൂടം അംഗീകരിച്ചതു തൊട്ടേ തുടങ്ങിയതാണ് യു.എ.പി.എക്കെതിരായ വിമര്‍ശങ്ങളും നിയമത്തിന്റെ സാധുത സംബന്ധിച്ച ചര്‍ച്ചകളും. നേരത്തേ പിന്‍വലിച്ച 'പോട്ട' നിയമത്തിന്റെതടക്കം വകുപ്പുകള്‍ ചേര്‍ത്ത് കര്‍ക്കശവും കഠിനവുമായ വ്യവസ്ഥകളോടെയാണ്  അന്നത്തെ യു.പി.എ സര്‍ക്കാര്‍ ഈ നിയമം ആവിഷ്‌കരിച്ചത്. പിന്നീട് യു.എ.പി.എ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണവര്‍ഗം ഇത് ആയുധമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യു.എ.പി.എ നിയമത്തിന്റെ സാധുത ഹൈക്കോടതി പരിശോധിച്ചതില്‍ അസാംഗത്യമെന്തെന്ന ചോദ്യം വ്യാപകമായിട്ടുണ്ട്. ഇക്കാര്യത്തില്‍ പരമോന്നത കോടതി അതൃപ്തി രേഖപ്പെടുത്തേണ്ടതുണ്ടോയെന്ന് പല നിയമജ്ഞരും ചോദിക്കുന്നു.ഇന്ന് രാജ്യത്തെ ഏറ്റവും ദുഷിപ്പിക്കുന്ന ഘടകങ്ങളില്‍ മുഖ്യം വിയോജിപ്പിനെ ദേശവിരുദ്ധമായി മുദ്രകുത്തുന്ന ഭരണകൂട പ്രവണതയാണെന്നും അതിനു വഴിയൊരുക്കുന്നത് യു.എ.പി.എ പോലുള്ള കരിനിയമങ്ങളാണെന്നുമുള്ള വാദം വ്യാപകമായി ഉയരുന്നു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സംഘടനകളെ പ്രതിരോധിക്കുക എന്നതായിരുന്നു നിയമത്തിന്റെ ലക്ഷ്യമായി തുടക്കത്തില്‍ പറയപ്പെട്ടിരുന്നതെങ്കില്‍ 2019ല്‍ വ്യക്തികളെ അടക്കം ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ കഴിയുന്ന വിധം നിയമത്തില്‍ ഭേദഗതി വരുത്തി. സുപ്രീം കോടതി, കേന്ദ്ര ഏജന്‍സികള്‍, ഇലക്്ഷന്‍ കമ്മീഷന്‍ തുടങ്ങി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമാകുകയും പോലീസ് ഉദ്യോഗസ്ഥരില്‍ ഗണ്യമായൊരു വിഭാഗം ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളായി മാറുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരമൊരു നിയമത്തിന്റെ പ്രത്യാഘാതമെന്തായിരിക്കുമെന്നും ആരാണ് അതിന് ഇരകളാകുകയെന്നുമുള്ള ഊഹങ്ങള്‍ പല ദിശകളിലായിട്ടുണ്ട്.
ഭരണകൂട ഭീകരതയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അമിതപ്രയോഗത്തിനും പ്രചോദനം നല്‍കുന്ന ഈ കരിനിയമം 1967ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതു തൊട്ടേ, സഭയ്ക്കകത്തും പുറത്തും വിമര്‍ശിക്കപ്പെട്ടു. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒട്ടേറെ നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു.

ഇന്ത്യന്‍ നിയമങ്ങളില്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ടതും വിമര്‍ശന വിധേയമായതും യു.എ.പി.എയാണ്. ഇതിന്റെ മറവില്‍ ആരോഗ്യപരമായ വിമര്‍ശനത്തിനും തെറ്റായ ഭരണകൂട ചെയ്തികളെ ചോദ്യം ചെയ്യാനുമുള്ള പൗരന്മാരുടെ അവകാശം വിലക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അഹ്മദാബാദിലെ ഗുജറാത്ത് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി- ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയുടെ ഹൃദയഭാഗത്താണ് വിയോജിപ്പിനെ ദേശവിരുദ്ധമോ ജനാധിപത്യവിരുദ്ധമോ ആയി മുദ്രകുത്തുമ്പോള്‍ പരുക്കേല്‍ക്കുന്നത്. ചോദ്യം ചെയ്യാനുള്ള ഇടങ്ങള്‍ നശിപ്പിക്കുന്നത് രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ എല്ലാ വളര്‍ച്ചയെയും നശിപ്പിക്കും.

ന്യൂനപക്ഷ സമുദായക്കാരും ദളിതര്‍, സര്‍ക്കാരിതര സംഘടനാ പ്രവര്‍ത്തകര്‍, ആദിവാസി ക്ഷേമ പ്രവര്‍ത്തകര്‍ എന്നിവരുമാണ് യു.എ.പി.എയുടെ ഇരകളില്‍ 90 ശതമാനവും. ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണത്തിനെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ സാഹചര്യത്തില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷയുടെ ഗതിയെന്നാകുമെന്ന മുന്‍കൂര്‍ ചര്‍ച്ച തീവ്രമായിട്ടുണ്ട്.ജാമ്യം കിട്ടാതെ സ്വകാര്യ ആശുപത്രിയിലെ ചികില്‍സയിലാണദ്ദേഹമിപ്പോള്‍. ഇന്ത്യയിലെ പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട  സുപ്രധാന പരീക്ഷണ കേസായി മാറിയിരിക്കുകയാണ് ഫാ. സ്റ്റാന്‍ സ്വാമിയുടേതെന്ന് ഇക്കഴിഞ്ഞ മെയ് 24 ന് ഫ്രീപ്രസ് ജേണല്‍ മുഖപ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തേക്കാള്‍ വലുതാണ് സമൂഹത്തിന്റെ സുരക്ഷാവകാശമെന്ന എന്‍ഐഎയുടെ വാദം സ്വീകരിച്ച് പ്രത്യേക കോടതി  ജാമ്യം നിഷേധിച്ചതിലെ ന്യൂനതകള്‍ എടുത്തുകാട്ടുന്നതാണ് ഈ മുഖപ്രസംഗം.

തീവ്രവാദത്തിനെതിരെ പോരാടുന്നതിനെന്ന  പേരില്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നതിന് 1967 ലെ യുഎപിഎ നിയമം ആവര്‍ത്തിച്ച് ഭേദഗതി ചെയ്തു സര്‍ക്കാര്‍. തങ്ങളുടെ മേല്‍ ചുമത്തുന്ന കുറ്റം അടിസ്ഥാനരഹിതമാണെന്നു തെളിയിക്കേണ്ട  ഉത്തരവാദിത്തം ഇതോടെ പ്രതികളുടെ ചുമലിലേക്കു മാറ്റിയതാണ് വിനയായത്. അത്തരം കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത്  2019 ലെ സുപ്രീം കോടതി വിധി അസാധ്യമാക്കിയെന്നാണ് വാദം.ജാര്‍ഖണ്ഡ് ആദിവാസികള്‍ക്കിടയില്‍ അഞ്ച് പതിറ്റാണ്ട് ജോലി ചെയ്ത 84 കാരനായ ജെസ്യൂട്ട് പുരോഹിതന്‍ ഒരു സായുധ വിപ്‌ളവത്തിലൂടെ മോദി സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം ഏറ്റെടുക്കാനുള്ള ഗൂഢാലോചനയിലെ രാജാവായി  ചിത്രീകരിക്കപ്പെടുന്നതിനു പിന്നിലെ വിഡ്ഢിത്തമെങ്കിലും തിരിച്ചറിയപ്പെടണം.തടവിലായ ശേഷം അദ്ദേഹത്തിന്റെ പാര്‍ക്കിന്‍സണ്‍സ് രോഗം തീര്‍ത്തും വഷളായി. ജയിലില്‍ അക്ഷരാര്‍ത്ഥത്തില്‍ നരകിക്കുമ്പോഴും ജാമ്യം നേടാന്‍ കഴിയുന്നില്ല.കൈവിറയല്‍ കാരണം ഒരു ഗ്ലാസ് പിടിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന് കുടിക്കാന്‍ സഹായകമാകുന്ന തരത്തിലുള്ള ഒരു സിപ്പര്‍ പോലും നിഷേധിക്കപ്പെട്ടിരുന്നു.  

യു.എ.പി.എ ചുമത്തപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 8 ന് അറസ്റ്റിലായ ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രശ്‌നത്തില്‍ തനിക്ക് ഇടപെടാന്‍ ആവില്ലെന്ന് ക്രിസ്ത്യന്‍ പ്രധിനിധി സംഘത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് വിട്ടയക്കണമെന്ന ആവശ്യവുമായി കര്‍ദിനാള്‍മാരായ ഡോ.ഓസ്വാള്‍ഡ് ഗ്രേഷിയസ്,മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്‌ളീമിസ് എന്നിവരാണ് പ്രധാനമന്ത്രിയെ സമീപിച്ചത്. ' ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിക്ക് ഖേദമുണ്ട്. എന്നാല്‍ കേസ് കൈകാര്യം ചെയ്യുന്ന എന്‍.ഐ.എ ഒരു സ്വതന്ത്ര സംഘമായത് കൊണ്ട് വിട്ടയക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഇടപെടാനാകില്ലെന്നാണ് പറയുന്നത്. ' നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബോംബെ ആര്‍ച്ച്ബിഷപ്പ് കൂടിയായ ഡോ.ഓസ്വാള്‍ഡ് ഗ്രേഷിയസ് പറഞ്ഞു. ഈ പ്രശ്‌നത്തിന്റെ പരിഹാരം അന്വേഷണ ഏജന്‍സിയുടെ വഴികളിലൂടെ മാത്രമേ നടക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, യു.എ.പി.എ മനുഷ്യത്വത്തെ നിരാകരിക്കുന്നതായുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ തീവ്രമായിട്ടുണ്ട്.പൗരാവകാശവും ജനങ്ങളുടെ മൗലികാവകാശങ്ങളും ഹനിക്കാത്ത വിധമാണ് രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ തയ്യറാക്കപ്പെട്ടതെങ്കില്‍ പൗരാവകാശങ്ങളെ ഹനിക്കുന്നതും ഭരണഘടനാധിഷ്ഠിതമായ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ് യു.എ.പി.എ. എന്നാണ് ആരോപണം. വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഇത് ബാധിക്കുന്നു. സാധാരണഗതിയില്‍ ഒരു വ്യക്തിയെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവോ ജുഡീഷ്യല്‍ വാറണ്ടോ വേണം. എന്നാല്‍ ഏതെങ്കിലും വ്യക്തിയോ രേഖയോ നല്‍കുന്ന വിവരമനുസരിച്ചോ, അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ അറിവനുസരിച്ചോ ഏതൊരു വ്യക്തിയെയും തിരയാനും അറസ്റ്റ് ചെയ്യാനും അയാളുടെ വസ്തുവകകള്‍ പിടിച്ചെടുക്കാനും അധികാരം നല്‍കുന്നു യു.എ.പി.എ.

ക്രിമിനല്‍ നടപടി ക്രമത്തിലെ കസ്റ്റഡി 15 ദിവസവും അധിക കസ്റ്റഡി 30 ദിവസവുമാണെങ്കില്‍ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടാല്‍ 30 ദിവസം കസ്റ്റഡിയും 90 ദിവസം അധിക കസ്റ്റഡിയുമായി നീളും. കുറ്റപത്രം സമര്‍പ്പിക്കാതെ 180 ദിവസം വരെ കുറ്റാരോപിതരെ ജയിലിലിടാന്‍ ഈ നിയമം അധികാരം നല്‍കുന്നു. ഇനി കുറ്റപത്രം സമര്‍പ്പിച്ചാല്‍ തന്നെയും അനിശ്ചിതമായി വിചാരണയില്ലാതെ ജയില്‍ വാസം നീട്ടിക്കൊണ്ടു പോകാം, ഫാ. സ്റ്റാന്‍ സ്വാമിയുടെ കേസിലെന്നതുപോലെ. ആയിരക്കണക്കിന് നിരപരാധികളാണ് ഈ നിയമത്തെ ചൊല്ലി അവരുടെ കുറ്റം എന്തെന്നുപോലുമറിയാതെ വര്‍ഷങ്ങളായി ജയിലറയില്‍ കൊടിയ ദുരിത ജീവിതം നയിക്കുന്നത്.ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ പോലും ഈ നിയമം റദ്ദ് ചെയ്യുന്നു. യു.എ.പി.എ 43 ഡി (5) പ്രകാരം പബ്ലിക് പ്രോസിക്യൂട്ടര്‍ അനുവദിക്കാത്തിടത്തോളം പ്രതിക്ക് ജാമ്യം ലഭിക്കില്ല.എന്തായാലും ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലില്‍ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി നിലപാട് ദുരൂഹമാണെന്ന് പല നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News