Foto

വുഹാനില്‍ വീണ്ടും കൊറോണ;എല്ലാ ജനങ്ങള്‍ക്കും പരിശോധന

വുഹാനില്‍ വീണ്ടും
കൊറോണ;എല്ലാ
ജനങ്ങള്‍ക്കും
പരിശോധന

ഒരു വര്‍ഷം വിട്ടു നിന്ന ശേഷം ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.പല നഗരങ്ങളിലും വൈറസ് ബാധ ഏറിവരുന്നു.

ബീജിംഗ്: കൊറോണ വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ട ശേഷം കെട്ടടങ്ങിയിരുന്ന ചൈനയിലെ വുഹാനില്‍ വീണ്ടും രോഗ ബാധ കാണപ്പെട്ടതിനെത്തുടര്‍ന്ന് നഗരത്തിലെ മുഴുവന്‍ ജനങ്ങളെയും പരിശോധിക്കാന്‍ നീക്കം. ഒരു വര്‍ഷത്തിലേറെയായി നഗരത്തില്‍ നിന്ന് അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ലെങ്കിലും കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ഏഴ് കേസുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തി.

വൈറസിന് ജനിതക വ്യതിയാനം വരുന്നതിനിടെ എത്തിയ വാര്‍ത്ത രാജ്യത്തെ പരിഭ്രാന്തിയിലാഴ്ത്തുന്നുണ്ട്.പല നഗരങ്ങളിലും വൈറസ് ബാധ ഏറിവരുന്നതായാണ് വാര്‍ത്ത. ലക്ഷക്കണക്കിനു പേരാണ് ലോക്ഡൗണിലുള്ളത്.പതിനൊന്ന് ദശലക്ഷം ജനസംഖ്യയുള്ള വുഹാനിലെ എല്ലാ നിവാസികളുടെയും സമഗ്രമായ ന്യൂക്ലിക് ആസിഡ് പരിശോധനയ്ക്കു വിധേയമാക്കും- മുതിര്‍ന്ന നഗര ഉദ്യോഗസ്ഥന്‍ ലി താവോ പറഞ്ഞു.2019 ഡിസംബറില്‍ വുഹാനില്‍ കോവിഡ് -19 ആദ്യമായി കണ്ടെത്തി. 2020 ന്റെ തുടക്കത്തില്‍ കര്‍ശനമായ ലോക്ക്ഡൗണിനു ശേഷമാണ് നഗരം ആശ്വസിച്ചത്. കൊറോണ വൈറസിനെ പരസ്യമായി അംഗീകരിക്കാനുള്ള ചൈനയുടെ വൈമനസ്യം ലോകത്തെയാകാനം വലിയ ആരോഗ്യ പ്രതിസന്ധിയിലേക്ക് നയിച്ചതായി വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു.രാജ്യം രോഗത്തെ അംഗീകരിക്കുന്നതിന് മുമ്പ് വുഹാനിലെ നേത്രരോഗവിദഗ്ധന്‍ ഡോ. ലി വെന്‍ലിയാങ്, ആദ്യം തന്നെ അപായ സൂചന മുഴക്കി. പക്ഷേ, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹം ഇതേ രോഗത്തിന് കീഴടങ്ങി. ഇത് സര്‍ക്കാരിനെതിരെ വ്യാപകമായ ജനരോഷത്തിന് കാരണമായിരുന്നു.

ഇതിനിടെ, കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്ന് തന്നെയെന്ന് വീണ്ടും അമേരിക്കയില്‍ ആരോപണം ശക്തമായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപീകരിച്ച അന്വേഷണ സമിതി, റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിലാണ് ചൈനയിലെ വുഹാന്‍ വൈറോളജി ലാബിനെ കുറിച്ച് പറയുന്നത്. യുഎസ്, ചൈനീസ് വിദഗ്ധരുടെ സഹായവും യുഎസ് ധനസഹായവും ഉള്ള ലാബാണ് വുഹാനിലേത്. ഇവിടെ മനുഷ്യരെ ബാധിക്കുന്ന കൊറോണ വൈറസുകളെ പരിഷ്‌കരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അത്തരം വിവരങ്ങള്‍ മറച്ചുവെച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറസ് ചോര്‍ന്നതിന് രണ്ട് സാധ്യതകളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഒന്ന് വുഹാന്‍ വൈറോളജി ലാബിന് സമീപത്തുള്ള മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് പടര്‍ന്നതാകാം, അതല്ലെങ്കില്‍ ചൈനയിലെ ലാബില്‍ നിന്ന് അബദ്ധത്തില്‍ വൈറസ് ചോര്‍ന്നതാകാം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച വാദം ചൈന വീണ്ടും നിഷേധിച്ചു.കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് വേഗത്തില്‍ തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ടി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സികളോട് ഉത്തരവിട്ടിരുന്നു. 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. വൈറസ് ബാധയെത്തുടര്‍ന്ന് കോടിക്കണക്കിന് ആളുകള്‍ ഇതുവരെ മരണത്തിന് കീഴടങ്ങി. വൈറസിന്റെ ഉത്ഭവത്തെ തേടിയുള്ള അന്വേഷണങ്ങളേയും പഠനങ്ങളേയും വഴിതെറ്റിക്കാനുള്ള ശ്രമമാണ് ചൈനയില്‍ നിന്നും ഉണ്ടാകുന്നതെന്ന ആക്ഷേപം ശക്തമാണ്.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News