കോട്ടയം: ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് യുവതലമുറ കൂടുതല്‍ ജാഗ്രതയുള്ളവരായിരിക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. ലഹരി മുക്ത സമൂഹ നിര്‍മ്മിതിയോടൊപ്പം യുവതലമുറക്ക് കരുതല്‍ ഒരുക്കുന്നതിനുമായി ഭാരത കത്തോലിക്കാ മെത്രാന്‍ സമതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെയും കെ.സി.ബി.സിയുടെയും കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിൻ്റെയും സംയുക്താഭിമുഖ്യത്തില്‍ വിഭാവനം ചെയ്ത് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചുകൊണ്ട് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ആകമാനം കാര്‍ന്ന് തിന്നുന്ന മാരക വിപത്തായ ലഹരിയുടെ കരാളഹസ്തത്തില്‍ നിന്നും യുവതലമുറയെ സംരക്ഷിക്കുവാനും ആരോഗ്യമുള്ള പൗരന്മാരായി വാര്‍ത്തെടുക്കുവാനും സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം നാര്‍ക്കോട്ടിക് ഡിവൈഎസ്പി സി. ജോണ്‍ വിശിഷ്ഠാതിഥിയായി പങ്കെടുത്ത് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ് ആലീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ പരിപാടിയ്ക്ക് മാന്നാനം കെ.ഇ. കോളേജ് സോഷ്യല്‍വര്‍ക്ക് വിഭാഗം മേധാവി ഡോ. എലിസബത്ത് അലക്‌സാണ്ടര്‍ നേതൃത്വം നല്‍കി. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും മത അധ്യാപകര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അവബോധം നല്‍കിക്കൊണ്ട് ലഹരിവിരുദ്ധ ടാസ്‌ക്ക ഫോഴ്‌സിന് രൂപം നല്‍കുവാനും ലക്ഷ്യമിടുന്നു.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ
Comments