നവംബർ 22 ഞായറാഴ്ച ആഘോഷിക്കുന്ന ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിൽ സിഡ്‌നിയിൽ ‘വാക്ക് വിത്ത് ക്രൈസ്റ്റ്’ എന്ന പേരിൽ വാർഷിക ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. മാർട്ടിൻ പ്ലേസിൽ നിന്നാണ് പരിശുദ്ധ കുർബാനയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആരംഭിക്കുന്നത്. സിഡ്‌നി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ വീഥികളിലൂടെ നീങ്ങുന്ന ദിവ്യകാരുണ്യപ്രദക്ഷിണം സെന്റ് മേരീസ് കത്തീഡ്രലിൽ സമാപിക്കും.
ദിവ്യകാരുണ്യനാഥനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ സിഡ്നിയിൽ പുരോഗമിക്കുകയാണ്. ഇടവക പ്രതിനിധികൾ ചെറുഗ്രൂപ്പുകൾ രൂപീകരിക്കുകയും യാത്രാസൗകര്യങ്ങൾ ഒരുക്കുകയും പുതിയ ബാനറുകൾ തയറാക്കുകയും ചെയ്യുന്ന തിരക്കിലാണ്. തിരുവചന ഭാഗങ്ങളും ധ്യാനചിന്തകളും വ്യക്തിപരമായ പ്രാർത്ഥനയ്ക്കും ഗ്രൂപ്പ് ചർച്ചകൾക്കുമുള്ള ചോദ്യങ്ങളും ഉൾക്കൊള്ളുന്ന ‘വാക്കിംഗ് വിത്ത് ക്രൈസ്റ്റ്: എ കംപാനിയൻ ഫോർ യൂക്കറിസ്റ്റിക് റിന്യൂവൽ’എന്ന കൈപ്പുസ്തകവും ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. വിശുദ്ധ കുർബാനയെക്കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാനും സഭയെ കൂടുതൽ സ്നേഹത്തോടെ ശുശ്രൂഷിക്കാനും വിശ്വാസികളെ സഹായിക്കുന്നതിനായാണ് ഈ പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പരമ്പരാഗത രീതിയിൽ നിന്ന് മാറി, ഈ വർഷം പ്രദക്ഷിണത്തിന്റെ തീയതി കോർപ്പസ് ക്രിസ്റ്റി തിരുനാളിൽ നിന്ന് പ്രപഞ്ചത്തിന്റെ രാജാവായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തിരുനാളിലേക്ക് മാറ്റിയിരിക്കുകയാണ്. മതനിരപേക്ഷതയും മതനിരാവസവും വർധിച്ചുവരുന്ന കാലഘട്ടത്തിൽ സർവ്വസൃഷ്ടികൾക്കും മേലുള്ള ക്രിസ്തുവിന്റെ പരമാധികാരം ഉറപ്പിക്കുന്നതിനായി 1925-ൽ പീയൂസ് പതിനൊന്നാമൻ പാപ്പയാണ് ഈ തിരുനാൾ സ്ഥാപിച്ചത്.










Comments