Foto

തീക്ഷണമതിയായ മിഷനറിയായിരുന്നു ജേക്കബ് മാര്‍ ബര്‍ണബാസ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

തീക്ഷണമതിയായ മിഷനറിയായിരുന്നു ജേക്കബ് മാര്‍ ബര്‍ണബാസ്:
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: മലങ്കര കത്തോലിക്കാ സഭയിലെ ഗുഡ്ഗാവ് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ജേക്കബ് മാര്‍ ബര്‍ണബാസ്  തിരുമേനി തന്റെ ഇടയശുശ്രൂഷ പൂര്‍ത്തീകരിച്ച് ദൈവസന്നിധിയിലേക്ക് ചേര്‍ക്കപ്പെടുമ്പോള്‍ ഭാരത സഭയും പ്രത്യേകമായി മലങ്കര കത്തോലിക്കാ സഭയും വിടചൊല്ലുന്നത് ജീവിതമാതൃക കൊണ്ടും വിശ്വാസ തീക്ഷണത കൊണ്ടും അതുല്യമായ  മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വ്യത്യസ്തനായ, പകരം വയ്ക്കാനാവാത്ത  ഒരു ഇടയശ്രേഷ്ഠനോടാണ്. എക്യുമെനിക്കല്‍ രംഗത്തും സാമൂഹിക സേവനരംഗത്തും ഏറെ സമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ് പിതാവിന്റെ നിര്യാണത്തില്‍ കെസിബിസിയുടെ അനുശോചനം അറിയിക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ്  കര്‍ദ്ദിനാള്‍ ജോര്‍ജ്ജ്  ആലഞ്ചേരി. തന്റെ ഇടയ ശുശ്രൂഷ കൊണ്ട് ആത്മീയ മേഖലയിലും ഭൗതിക മേഖലയിലും ആശ്വാസം പകരാന്‍ വന്ദ്യ പിതാവ് നല്‍കിയ ഇടപെടലുകള്‍ ബര്‍ണബാസ് എന്ന അദ്ദേഹത്തിന്റെ നാമത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. വിശക്കുന്നവന് മുന്നില്‍ അന്നം വിളമ്പുക എന്ന ക്രിസ്തുവിന്റെ അനുകമ്പയുടെ സുവിശേഷം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അടിസ്ഥാനപ്രമാണമായിരുന്നു. അടുക്കളയിലെ തീയും പുകയും കൊണ്ട് തന്റെ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം ആയിരങ്ങള്‍ക്ക് അന്നം ഒരുക്കുകയും അതു പങ്കുവെക്കുകയും ചെയ്യുന്ന  വന്ദ്യപിതാവിന്റെ കാരുണ്യത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ നമുക്ക് സുപരിചിതമാണ്. മലങ്കര കത്തോലിക്കാ സഭയുടെ മിഷന്‍ സ്വപ്നങ്ങളെ നെഞ്ചിലേറ്റി കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളായി ഗുഡ്ഗാവ് കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഭാരതസഭയുടെ നൂറ്റാണ്ടുകള്‍ നീളുന്ന നിസ്വാര്‍ത്ഥ പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ നവീനമായ ഓര്‍മ്മപ്പെടുത്തലുകളാണ്. ലാളിത്യവും എളിമയും ആ ജീവിതത്തിന്റെ അലങ്കാരമായിരുന്നു. പാവപ്പെട്ടവര്‍ക്ക് മുന്നില്‍ പദവിയുടെ ആഡംബരങ്ങള്‍ ഇല്ലാതെ,  കൈകൂപ്പു വാനും അവരെ ബഹുമാനിക്കുവാനും മനസ്സു കാണിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. പ്രചോദന സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ കോവിഡ് കാലത്ത് ഉള്‍പ്പെടെ നടത്തിയ പ്രവര്‍ത്തനങ്ങളും തെരുവില്‍ കഴിയുന്നവര്‍ക്ക് ദിവസവും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയും ഏറെ  സാമൂഹിക ശ്രദ്ധ നേടി. സ്വര്‍ഗ്ഗം കാത്തുവച്ച നിത്യ സമ്മാനം ഏറ്റു വാങ്ങുവാന്‍ ഇടയന്മാരുടെ തലവനായ ഈശോയുടെ പക്കലേക്ക് അദ്ദേഹം യാത്രയാകുമ്പോള്‍ ബലഹീനമായ പ്രാര്‍ത്ഥനകള്‍ കൊണ്ട് നമുക്ക് അദ്ദേഹത്തെ യാത്രയാക്കാം. മറ്റുള്ളവരുടെ വേദന തന്റെ കൂടി വേദനയാണെന്ന്  മനസിലാക്കി ജീവിച്ച  പിതാവ്  എന്നും ക്രൈസ്തവ സമൂഹത്തിന്  ഉത്തമ മാതൃകയായിരുന്നുവെന്നും കെസിബിസി പ്രസിഡന്റ് തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു

Comments

leave a reply

Related News