കോയമ്പത്തൂരിലെ ശാന്തി
ആശ്രമത്തിന് 20000 യൂറോ
സംഭാവനയേകി മാര്‍പാപ്പ
50,000 കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആഹാരവും
ആരോഗ്യ സംരക്ഷയും നല്‍കാന്‍ കൈത്താങ്ങ്
കോയമ്പത്തൂര്‍ ശാന്തി ആശ്രമത്തിന്റെ കീഴിലുള്ള ആരോഗ്യ-സാമൂഹിക കേന്ദ്രത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇരുപതിനായിരം യൂറോ സംഭാവന നല്‍കി. പ്രശസ്ത ഗൈനക്കോളജിസ്റ്റുകളുടെയും ശിശുരോഗവിദഗ്ദ്ധരുടെയും അന്താരാഷ്ട്ര ഓണ്‍ലൈന്‍ സമ്മേളനം ചേര്‍ന്ന് ശാന്തി ആശ്രമത്തിനായി സമാഹരിക്കാന്‍ ലക്ഷ്യമിട്ട അറുപതിനായിരം യൂറോയുടെ മൂന്നിലൊന്ന് നല്‍കാനുള്ള മാര്‍പാപ്പയുടെ തീരുമാനം അപ്രതീക്ഷിതമായ ഫോണ്‍ കോളിലൂടെ പേപ്പല്‍ സഹായപദ്ധതികളുടെ ചുമതലക്കാരനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്‌കി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് 'വത്തിക്കാന്‍ ന്യൂസ്' റിപ്പോര്‍ട്ടില്‍ പറയുന്നു.
കോയമ്പത്തൂര്‍ നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ 50,000 കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആഹാരവും ആരോഗ്യ സംരക്ഷയും നല്‍കിവരുന്ന ശാന്തി ആശ്രമത്തിന്റെ 'മാരത്തണ്‍ ഫോര്‍ സോളിഡാരിറ്റി' പദ്ധതിക്ക് നാല്‍പ്പതിനായിരം യൂറോ അന്താരാഷ്ട്ര ഓണ്‍ലൈന്‍ സമ്മേളനം തീരുമ്പോഴേക്കും സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു.കത്തോലിക്കാ സര്‍വകലാശാലയുടെ റോം കാമ്പസിലെ ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റട്രിക്‌സ് പ്രൊഫസര്‍ ആയ അന്റോണിയ ടെസ്റ്റയുടെ ആശയമാണ് 'മാരത്തണ്‍ ഫോര്‍ സോളിഡാരിറ്റി' ഫണ്ട് ശേഖരണം. ഭക്ഷ്യ ബാങ്കിലൂടെയും വനിതാ സംരംഭകര്‍ക്കുള്ള ചികിത്സാ സഹായത്തിലൂടെയും പരിശീലന സഹായ പദ്ധതികളിലൂടെയുമാണ് കോയമ്പത്തൂരിലും നഗര പ്രാന്തങ്ങളിലുമായി ശാന്തി ആശ്രമത്തിന്റെ സേവനമെത്തുന്നത്.
പ്രൊഫ. അന്റോണിയ ടെസ്റ്റ രണ്ട് വര്‍ഷം മുമ്പ്, ഇന്ത്യയിലേക്കുള്ള ഒരു യാത്രയ്ക്കിടെ ശാന്തി ആശ്രമത്തിന്റെ പ്രസിഡന്റ് ആയ ശിശുരോഗവിദഗ്ദ്ധ കെസെവിനോ അരാമിനെ കണ്ടിരുന്നു. 'ജനുവരിയില്‍, സഹായത്തിനുള്ള ഒരു അഭ്യര്‍ത്ഥനയുമായി കെസെവിനോ എന്നെ ബന്ധപ്പെട്ടു,' പ്രൊഫസര്‍ ടെസ്റ്റ പറഞ്ഞു. എട്ട് മാസത്തെ ലോക്ക്ഡൗണിനുശേഷം എല്ലാ വിഭവങ്ങളും തീര്‍ന്ന ദുരവസ്ഥ അവര്‍ വിവരിച്ചു. ഇത്രയും ദാരിദ്ര്യം താന്‍ മുമ്പു കണ്ടിട്ടില്ലെന്നും 2021 ജൂണിന് മുമ്പ് സ്ഥിതി പരിഹരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും കെസെവിനോ പറഞ്ഞു. അടുത്ത അഞ്ച് മാസത്തേക്കെങ്കിലും സഹായ-പരിചരണ ജോലികളുടെ ചെലവുകള്‍ വഹിക്കാന്‍ സാമ്പത്തിക സഹായം തേടി അവര്‍.
തുടര്‍ന്നാണ് സഹപ്രവര്‍ത്തകരെയും ബിസിനസ്സുകാരെയും പങ്കെടുപ്പിച്ച് ഐക്യദാര്‍ഢ്യത്തിനായുള്ള ഗൈനക്കോളജിക്കല്‍ മാരത്തണ്‍ സംഘടിപ്പിച്ചത്. സംഭാഷണങ്ങളും അനുഭവങ്ങളും പങ്കിട്ട അന്താരാഷ്ട്ര ഓണ്‍ലൈന്‍ സമ്മേളനം 10 മണിക്കൂര്‍ നീണ്ടു നിന്നു. ഇന്ത്യന്‍ സമൂഹങ്ങളുടെ ക്ഷേമത്തിന് പിന്തുണ നല്‍കുന്നതിന്് ഈ മേഖലയിലെ വിദഗ്ധരായ ഇരുപതോളം സഹപ്രവര്‍ത്തകര്‍ സന്നദ്ധരായെന്ന് അന്റോണിയ ടെസ്റ്റ പറഞ്ഞു.
ബാബു കദളിക്കാട്
Comments