Foto

നവതി നിറവിലും കര്‍മ്മപാത പ്രകാശഭരിതമാക്കി ഫാ. ഫ്രാന്‍സിസ് ഡിക്രൂസ്

ആഗോള സഭയിലെ തന്നെ അനുദിന ശുശ്രൂഷ നയിക്കുന്ന ഏറ്റവും മുതിര്‍ന്ന പുരോഹിതന്‍

വരാപ്പുഴ അതിരൂപതയിലെ ഏറ്റവും മുതിര്‍ന്ന വൈദികനായ ഫാ. ഫ്രാന്‍സിസ് ഡിക്രൂസ് നവതിയുടെ നിറവിലേക്ക്. കലൂര്‍ സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ആധ്യാത്മിക പിതാവായി സേവന നിരതനായ ഫാ.ഡിക്രൂസ് ഇതിനകം സ്വന്തമാക്കിയിട്ടുള്ളത് ആഗോള സഭയിലെ തന്നെ അനുദിന ശുശ്രൂഷ നയിക്കുന്ന ഏറ്റവും മുതിര്‍ന്ന പുരോഹിതനെന്ന അനൗദ്യോഗിക റെക്കോര്‍ഡാണെന്ന് സഹവൈദികര്‍ പറയുന്നു.കോവിഡ് നിബന്ധനകള്‍ പാലിച്ച് തികച്ചും ലളിതമായാണ് കലൂര്‍ കത്തൃക്കടവ് സെന്റ് ഫ്രാന്‍സിസ് പള്ളി വികാരിയും സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രം റെക്ടറുമായ ഫാ. ജെറോം ചമ്മിണിക്കോടത്തിന്റെ നേതൃത്വത്തില്‍ ഡിക്രൂസച്ചന്റെ നവതിയാഘോഷം സംഘടിപ്പിച്ചിരിക്കുന്നത.

്ഒരു ദശാബ്ദത്തിലേറെയായി സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ തുടര്‍ച്ചയായെത്തിക്കൊണ്ടിരിക്കുന്ന വിവിധ മതത്തില്‍പ്പെട്ട ഭക്തജനങ്ങള്‍ വിസ്മയം കലര്‍ന്ന ആദരത്തോടെയാണ് ആധ്യാത്മിക പിതാവായ ഫാ. ഡിക്രൂസിനെ വീക്ഷിച്ചു വരുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള എല്ലാ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കിവരുന്ന ഡിക്രൂസച്ചന്‍ ദിവസവും മണിക്കൂറുകളോളമാണ് കുമ്പസാരക്കൂട്ടില്‍ ചെലവഴിക്കുന്നത്. ഭക്തജനങ്ങളുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കാനും ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാര സാന്ത്വനമേകാനും ഇതിനിടെ സമയം കണ്ടെത്തുന്നു.കോവിഡ് കാലം വന്നതിനു മുമ്പും പിമ്പും യുവജനങ്ങളുടെയും വീട്ടമ്മമാരുടെയും പ്രിയ സുഹൃത്തും വഴികാട്ടിയുമാണദ്ദേഹം.

1931 മാര്‍ച്ച് 20ന് വരാപ്പുഴയില്‍ ജനിച്ച ഫാ. ഡിക്രൂസിന്റെ പ്രൈമറി വിദ്യാഭ്യാസം വരാപ്പുഴയിലും കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളിലുമായായിരുന്നു. 1947 മെയ് 16ന് ദൈവവിളിയുടെ പാതയിലുള്ള ദീര്‍ഘ പ്രയാണമാരംഭിച്ചു കൊണ്ട് വരാപ്പുഴയോട് വിട പറഞ്ഞു. ഫാ. ഫിലിപ് ഒ സി ഡി യുമുണ്ടായിരുന്നു ഒപ്പം. തമിഴ്‌നാട്ടിലേക്കായിരുന്നു പ്രതിസന്ധികള്‍ നിറഞ്ഞ ആ യാത്ര. ജൂണ്‍ 28 നാണ് ലക്ഷ്യ സ്ഥാനമായിരുന്ന സേലത്തെ സിലുവായ് ഗിരി ആശ്രമത്തിലെത്തിയത് .പ്രൈവറ്റ് ആയി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം തുടര്‍ന്നു; കൂടാതെ തമിഴും ലത്തീനും പഠിച്ചു.

1950 മെയ് 31 ന് ബെല്‍ജിയത്തേക്കു തിരിച്ചു. അവിടെ ബനഡിക്ടൈന്‍ സന്യാസ സമൂഹത്തിന്റെ ഭാഗമായി പരിശീലനം തുടര്‍ന്നു. 1952 മാര്‍ച്ചില്‍ റോമിലേക്കു തിരിച്ചു. മഹായശ്ശസ്വിയായ പീയൂസ് പന്ത്രണ്ടാമന്‍ പാപ്പയുടെ പ്രത്യേക സദസില്‍ മാര്‍ച്ച് 12ന് പങ്കെടുക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അനുഗ്രഹീത സന്ദര്‍ഭങ്ങളിലൊന്നായി ഡിക്രൂസച്ചന്‍ കരുതുന്നു. തുടര്‍ന്ന് സേലത്തേക്കു മടങ്ങി തത്ത്വശാസ്ത്ര പഠനം തുടര്‍ന്നു. 1955 ല്‍ നെല്ലൂര്‍ സെന്റ് ജോസഫ്‌സ് സെമിനാരിയില്‍ ചേര്‍ന്നു. 1958 ഡിസംബര്‍ 8 ന് നെല്ലൂരില്‍ റവ. ഡോ. വില്യം ബോണ്ടെസില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ഏഴര വര്‍ഷം മൂന്ന് മിഷന്‍ സെന്ററുകളില്‍ പ്രവര്‍ത്തിച്ചു. പിന്നീടാണ് വരാപ്പുഴ അതിരൂപതയിലേക്കു തിരിച്ചെത്തിയത്.

മൂന്നര പതിറ്റാണ്ടോളം സഹവികാരിയും വികാരിയുമായി 11 ഇടവകകളെ ഫാ. ഡിക്രൂസ് നയിച്ചു. ഒട്ടേറെ സ്‌കൂളുകളുടെ മാനേജര്‍ ആയിരുന്നു. മൈനര്‍ സെമിനാരി റെക്ടര്‍ എന്ന നിലയിലും ഡീക്കണ്‍മാരുടെ മാര്‍ഗ ദര്‍ശി എന്ന നിലയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഡിക്രൂസച്ചന്റെ ശിഷ്യന്മാരില്‍ പലരും ബിഷപ്പുമാരായി. അതിരൂപതയിലെ വിവിധ ആധ്യാത്മിക, സേവന വിഭാഗങ്ങളിലും തന്റെ സ്വതസ്സിദ്ധമായ ചടുല ശൈലിയിലൂടെ കര്‍മ്മ നിരതനായിരുന്നു അര നൂറ്റാണ്ടിലേറെ അദ്ദേഹം.

Foto

Comments

leave a reply

Related News