Foto

ഔപചാരികത സൃഷ്ടിക്കുന്ന കാപട്യം സഭൈക്യത്തെ അപകടത്തിലാക്കും: പാപ്പ

ഔപചാരികത  സൃഷ്ടിക്കുന്ന കാപട്യം സഭൈക്യത്തെ അപകടത്തിലാക്കും: പാപ്പ

വത്തിക്കാൻ സിറ്റി  : ഒരുതരം ഔപചാരികതയുടെ രീതി കാപട്യത്തിനു കാരണമാകുമെന്നും അതാകട്ടെ                  സഭൈക്യത്തിനു ഭീഷണിയായി മാറുമെന്നും ഫ്രാൻസിസ് പാപ്പ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകി. ബുധനാഴ്ചതോറും പാപ്പയെ കാണാനെത്തുന്ന പൊതുസന്ദർശകരോട് സംസാരിക്കുകയായിരുന്നു പാപ്പ.
    
ഗലാത്തിയർക്കുള്ള പൗലോസ് അപ്പസ്‌തോലന്റെ ലേഖന ഭാഗം ഉദ്ധരിക്കവേ, നിയമം  ഔപചാരികമായി നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച്  ബോധവാന്മാരായിരിക്കണമെന്ന് പാപ്പ പറഞ്ഞു.
    
വിജാതീയരായ ക്രൈസ്തവരോടൊപ്പം ഭക്ഷണം കഴിക്കരുതെന്ന് നിയമത്തിൽ നിഷ്‌ക്കർഷിച്ചിട്ടും പത്രോസ് ശ്ലീഹാ അതിനു തയ്യാറായി. യഹൂദ നിയമത്തിലെ എല്ലാ കാര്യങ്ങളും പാലിക്കാൻ വിജാതീയരായ ക്രൈസ്തവർക്ക് ബാധ്യതയില്ലെന്ന് വിശുദ്ധ പത്രോസ് പറഞ്ഞു. എന്നാൽ പിന്നീട്, യഹൂദരായ ക്രൈസ്തവരുടെ വിമർശനം ഭയന്ന് വിജാതീയ ക്രൈസ്തവരും മോശയുടെ നിയമം അംഗീകരിക്കണമെന്ന് അപ്പസ്‌തോല പ്രമുഖനായ പത്രോസ് പറയുന്നു. മാത്രമല്ല, വിജാതീയരായ ക്രൈസ്തവരോടൊപ്പം ഭക്ഷണത്തിനിരിക്കാൻ പത്രോസ് സന്നദ്ധനായതുമില്ല. ആദിമകാല ക്രൈസ്തവരിലെ 'നീതിരഹിതമായ വിഭജനം' സൂചിപ്പിക്കുന്നതാണ് ഈ സംഭവം.
    
കാപട്യമെന്നത് ഒരർത്ഥത്തിൽ സത്യത്തെ ഭയപ്പെടലാണ്. എല്ലാ സന്ദർഭങ്ങളിലും സത്യമെന്തെന്ന് തുറന്നു പറയാനുള്ള ധീരതയാണ് നമുക്ക് വേണ്ടത്. ഔചാരികതയിൽ ഊന്നിയ അന്തരീക്ഷത്തിൽ കാപട്യം പടർന്നു പന്തലിക്കും.
    
കപടനാട്യത്തിന് സന്നദ്ധരല്ലാത്ത നിരവധി സ്ത്രീകളെയും പുരുഷന്മാരെയും നമുക്ക്  ബൈബിളിൽ കാണാൻ പറയുന്നു. വിഗ്രഹാർപ്പിത ഭക്ഷണം കഴിക്കുന്നതായി നടിക്കാൻ തയ്യാറാകാതിരുന്ന എലെയാസറെ മക്കബായരുടെ പുസ്തകത്തിൽ നാം കാണുന്നു. പുറമെ നീതിമാന്മാരെന്നു  നടിക്കുന്നവരെ പുതിയ നിയമത്തിൽ യേശു എപ്പോഴും കുറ്റപ്പെടുത്തുന്നുണ്ട്.
    
അഭിനയിക്കുകയും മുഖസ്തുതി പറയുകയും വഞ്ചിക്കുകയും ചെയ്യുന്നവരുടെ മുഖത്ത് മുഖം മൂടിയുണ്ട്. അവർക്ക് സത്യത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യമുണ്ടാവില്ല. അവരിൽ യഥാർത്ഥമായ സ്‌നേഹമുണ്ടാവില്ല. തൊഴിലിടങ്ങളിലും രാഷ്ട്രീയത്തിലുമെല്ലാം കാപട്യം കാണാൻ കഴിയും. സഭയിൽ കാണപ്പെടുന്ന കാപട്യം നിന്ദ്യമാണ്. കർത്താവ് പറഞ്ഞു, നിങ്ങളുടെ വാക്കുകൾ അതെ, അതെ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. അതല്ലാത്തതെല്ലാം പിശാചിൽ നിന്നു വരുന്നു. യേശുനാഥൻ  പ്രാർത്ഥിച്ചത് സഭയിൽ ഐക്യമുണ്ടാവാനാണ്. കാപട്യമാകട്ടെ, സഭയിലുള്ള ഐക്യത്തെ അപകടത്തിലാക്കുകയാണ്- പാപ്പ പറഞ്ഞു.

Comments

leave a reply

Related News