നാടിന്റെ വികസന കാര്യങ്ങളില്‍ ക്രൈസ്തവരുടെ ഉദാരത തുടരണം:
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി അതുല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവസമൂഹം നാടിന്റെ സമകാലിക ആവശ്യങ്ങളിലും ഉദാരതയോടെ സഹകരിക്കണമെന്നു കെ.സി.ബി.സി. പ്രസിഡന്റും സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദേശീയപാതവികസനത്തിനു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കേരളഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തോടു പ്രതികരിക്കുകയായിരുന്നു കേരള ഇന്റര്‍ ചര്‍ച്ച് കൗസില്‍ ചെയര്‍മാന്‍ കൂടിയായ കര്‍ദിനാള്‍ ആലഞ്ചേരി.രാജ്യത്തിന്റെ സമഗ്രവികസനത്തിനു വിവിധ സേവനമേഖലകളില്‍ ക്രൈസ്തവസമൂഹം നല്കിയിട്ടുള്ളതും ഇപ്പോഴും തുടര്‍ുകൊണ്ടിരിക്കുന്നതുമായ സംഭാവനകള്‍ ചരിത്രത്തിന്റ ഭാഗമാണ്. നാടിന്റെ വികസന ആവശ്യങ്ങളോട് എന്നും ക്രിയാത്മകമായി പ്രതികരിച്ചിട്ടുള്ളവരാണ് ഇന്നാട്ടിലെ ക്രൈസ്തവര്‍. ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണകേന്ദ്രം നിര്‍മിക്കാന്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പള്ളിത്തുറ ഇടവകദൈവാലയം സ്ഥിതിചെയ്യുന്ന സ്ഥലം വേണമെന്ന ആവശ്യമുയര്‍ന്നു. ബഹിരകാശ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയെ സാക്ഷിനിര്‍ത്തി അന്നത്തെ തിരുവനന്തപുരം രൂപതാദ്ധ്യക്ഷന്‍ ബിഷപ് പീറ്റര്‍ ബര്‍ണാഡ് പെരേര നടത്തിയ ആഹ്വാനപ്രകാരം വി. മേരി മഗ്ദലേനയുടെ നാമത്തിലുള്ള ദൈവാലയം വിട്ടുകൊടുത്ത പള്ളിത്തുറ ഇടവക ജനം ക്രൈസ്തവരുടെ ഉദാരതയുടെ നേര്‍സാക്ഷ്യമാണ്. മുന്‍ രാഷ്ട്രപതി ആദരണീയനായ എ. പി. ജെ. അബ്ദുള്‍കലാം തന്റെ പ്രസംഗങ്ങളില്‍ ഇക്കാര്യം ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്.
ദേശീയപാതയുടെ വികസനത്തില്‍ മാത്രമല്ല, നാടിന്റെ വര്‍ദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങള്‍ക്കു വേണ്ടിയാണെങ്കിലും കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടിവന്നാല്‍ എല്ലാ ക്രൈസ്തവസഭാവിഭാഗങ്ങളും അതിനു തയ്യാറാകണമെന്നു കര്‍ദിനാള്‍ ആലഞ്ചേരി ആഹ്വാനംചെയ്തു. ചരിത്ര പ്രാധാന്യമുള്ളവയും കൂടുതല്‍ വിശ്വാസികള്‍ പ്രയോജനപ്പെടുത്തുതുമായ ആരാധനാലയങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കാത്ത രീതിയില്‍ വിവേകത്തോടെ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്. ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളില്‍ 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര പുനരധിവാസനിയമം കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കുവാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധിക്കണമെന്നും മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു. സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുമ്പോഴും ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ദേശീയപാത 66-ന്റെ വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്തു പൊതുസമൂഹത്തിനു നല്ല മാതൃക നല്‍കിയ കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രഭാരവാഹികളെ അനുമോദിച്ച കര്‍ദിനാള്‍ സമാനമായ സാഹചര്യങ്ങളില്‍ പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും പത്രക്കുറിപ്പില്‍ ആഹ്വാനം ചെയ്തു.
Comments