Foto

ക്രൈസ്തവരുടെ ജനസംഖ്യ വളര്‍ച്ച തിരിച്ചുപിടിക്കണം

ടോണി ചിറ്റിലപ്പിള്ളി,

ക്രൈസ്തവര്‍  ഇന്ന് കേരളത്തില്‍ അനുഭവിക്കുന്ന ജനസംഖ്യ കുറവിലുള്ള പ്രശ്‌നം ഉടന്‍ നമ്മുടെയെല്ലാം ശ്രദ്ധയില്‍ അടിയന്തരമായി പതിയണം.കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ വളരെയധികം ക്രൈസ്തവ ജനസംഖ്യ പിന്നോട്ട് പോയി.ക്രൈസ്തവ ജനസംഖ്യ വളര്‍ച്ച തിരിച്ചുപിടിക്കുക തന്നെ വേണം.ക്രൈസ്തവ കുടുംബങ്ങളില്‍ കൂടുതല്‍ മക്കള്‍ ജനിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ക്രൈസ്തവ കുടുംബങ്ങളില്‍ നടപ്പാക്കണം.സഭാ നേതൃത്വങ്ങളും വിവിധ ക്രൈസ്തവ സംഘടനകളും സുവിശേഷ പ്രേഷിതരും ഓരോ ക്രൈസ്തവ വിശ്വാസികളും ഇതിനു വേണ്ടി പരിശ്രമിച്ചില്ലെങ്കില്‍ അന്യം നിന്ന് പോകുന്ന സമൂഹമായി നാം മാറുമെന്ന് തീര്‍ച്ചയാണ്.

സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കേരളത്തിലെ ജനസംഖ്യയുടെ ഇരുപത്തൊന്നര ശതമാനം ക്രിസ്ത്യാനികളായിരുന്നു. പക്ഷെ 75 വര്‍ഷം കഴിഞ്ഞതോടെ ക്രൈസ്തവരുടെ ജനസംഖ്യ പതിനെട്ടര ശതമാനമായി ചുരുങ്ങി.2050 ആകുമ്പേഴേക്കും ക്രിസ്ത്യാനികള്‍ കേരള ജനസംഖ്യയുടെ7 ശതമാനം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നു ജനസംഖ്യാ ശാസ്ത്രജ്ഞന്മാര്‍ വളരെ കൃത്യമായി പ്രവചിച്ചു കഴിഞ്ഞിരിക്കുന്നു.
ഇന്ന് ക്രൈസ്തവര്‍ ജനസംഖ്യ വളര്‍ച്ചയില്‍ പിന്നോട്ട് പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്.നേരം വൈകി കഴിക്കുന്ന വിവാഹങ്ങളും പുതിയ വൈവാഹിക ശൈലികളും ക്രൈസ്തവരുടെ എണ്ണത്തെ പ്രതികൂലമായി ബാധിക്കുന്നു.  

നിരീശ്വരവാദികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ജനസംഖ്യ മുരടിപ്പിക്കുന്നു

2001 ല്‍ ഭാരതത്തില്‍ ഒരു മതത്തിലും വിശ്വസിക്കാത്ത 7.3 ലക്ഷം പേരുണ്ടായിരുന്നു. 2011 ല്‍ ഇവരുടെ എണ്ണം 28.7 ലക്ഷമായി വര്‍ധിച്ചു. അതായത്, പത്തുവര്‍ഷംകൊണ്ട് ഭാരതത്തിലെ നിരീശ്വരവാദികളില്‍ നാലിരട്ടിയിലധികം വര്‍ധനവ്.കേരളത്തില്‍ 2001 ലെ സെന്‍സസ് പ്രകാരം 25,000 നിരീശ്വരവാദികളാണ് ഉണ്ടായിരുന്നത്. പക്ഷേ, 2011 ല്‍ കേരള സംസ്ഥാനത്തെ നിരീശ്വരവാദികള്‍ 88,000 പേര്‍.നിരീശ്വരവാദികള്‍ ഭൂരിഭാഗവും ക്രൈസ്തവ ജനസംഖ്യ വളര്‍ച്ചയെ എതിര്‍ക്കുന്നവരാണ്.

ക്രൈസ്തവ ജനസംഖ്യ  കുറയുന്ന ജില്ലകള്‍

ഇപ്പോള്‍ ജനസംഖ്യ വര്‍ദ്ധന കുറഞ്ഞ കോട്ടയം,എറണാകുളം,തൃശൂര്‍,പത്തനംതിട്ട  ജില്ലകളില്‍ കാര്യമായ സ്വാധീനമുള്ള മതവിഭാഗമാണ് ക്രൈസ്തവര്‍.എന്നാല്‍ ജനന നിരക്ക് കുറഞ്ഞ് തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന ചിന്ത ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടാകുന്നില്ല.സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വരെ ജാതി-മതസംഖ്യാ ആനുപാതത്തിലാണ് നിശ്ചയിക്കപ്പെടുന്നത് എന്ന വാസ്തവം ഇപ്പോള്‍ 'പ്രബുദ്ധരായ' നാം അംഗീകരിച്ചു തുടങ്ങണം.

മക്കളെ കാനഡയിലും, യൂറോപ്പിലും, അമേരിക്കയിലും, ഓസേട്രേലിയയിലുമൊക്കെ അയച്ച്  നല്ല ഭാവി രൂപപ്പെടുത്തുന്നതാണ് ക്രിസ്ത്യാനികളുടെ രീതി.അതിനെ ആര്‍ക്കും കുറ്റം പറയാന്‍ സാധിക്കില്ല. ഈ ശൈലി  ജനസംഖ്യ വീണ്ടും കുറയ്ക്കും.ഇപ്പോള്‍ ഹോട്ടല്‍ മാനേജ്മെന്റും, ഐടിയും കൂടിയാകുമ്പോള്‍ വാഗ്ദത്ത ഭുമികളിലേക്ക് അവസരം കൂടുന്നു.അപ്പോള്‍ വിണ്ടും ജനസംഖ്യ കുറയാം.

ജനനനിയന്ത്രണം

ക്രൈസ്തവസമൂഹങ്ങള്‍  ഉണര്‍ന്നുചിന്തിക്കേണ്ട വിഷയമാണിത്. സാമൂഹികമായി മാത്രമല്ല, ആത്മീയമായും വലിയ ദുരന്തത്തിന്റെ വക്കിലാണ് തങ്ങളെന്നു തിരിച്ചറിയാന്‍ ക്രൈസ്തവര്‍ക്ക് ഇനിയെങ്കിലും കഴിയണം. സാമൂഹികമായ ദുരവസ്ഥയെക്കുറിച്ച് ചില കോണുകളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും, ആത്മീയമായ ദുരന്തത്തെക്കുറിച്ച് എവിടെയും ചര്‍ച്ചകള്‍ നടക്കുന്നില്ല.ജനനനിയന്ത്രണത്തെ വിലക്കിക്കൊണ്ടുള്ള നിയമം ശ്രദ്ധിക്കുക: ജറെമിയ 29:6 ' വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്‍മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്‍മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്'.

വിവാഹം കഴിക്കുക, മക്കളെ വിവാഹം കഴിപ്പിക്കുക, നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്.ഈ മൂന്നു നിര്‍ദ്ദേശങ്ങളും ക്രൈസ്തവരെ സംബന്ധിച്ച് ഗൗരവമുള്ളവയാണ്. എന്നാല്‍, നിര്‍ദ്ദേശങ്ങളെയെല്ലാം ക്രൈസ്തവ സഭയിലെ വിശ്വാസികള്‍ തള്ളിക്കളഞ്ഞു എന്നതാണു യാഥാര്‍ത്ഥ്യം! വിവാഹം കഴിക്കാനോ സന്താനങ്ങള്‍ക്കു ജന്മം നല്‍കാനോ താത്പര്യമില്ലാത്ത ഒരു പുതുതലമുറ ക്രൈസ്തവ സഭയില്‍ രൂപപ്പെട്ടുകഴിഞ്ഞു.മസ്തിഷ്‌ക്ക പ്രക്ഷാളനവും മോഹനവാഗ്ദാനങ്ങളും വഴി  ആത്മീയമായി മൃതരായിരിക്കുന്ന പുതുതലമുറ ഇന്ന് വിവാഹം ഉപേക്ഷിച്ച്, അവിവാഹിത (അവിഹിത) സാഹസിക കുടുംബജീവിതം (ലിവിംഗ് ടുഗതര്‍) എന്നീ പുതുതലമുറ ജീവിതങ്ങളിലേക്ക് പോകുന്ന അവസ്ഥയുണ്ട്.

ക്രൈസ്തവ സഭയിലെ വംശവര്‍ദ്ധന നിലച്ചുപോകുന്നുവെങ്കില്‍, ആരെയാണ് നമുക്കു കുറ്റപ്പെടുത്താന്‍ സാധിക്കുന്നത്? സഭയ്ക്കു പുറത്തുള്ള ആരെയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല.ക്രൈസ്തവരുടെ ഇടയില്‍  മക്കളുടെ ആണ്‍-പെണ്‍ അനുപാതം 1 : 1 ആയി നിലനിര്‍ത്താന്‍ ഗര്‍ഭപാത്രങ്ങളെ കൊലക്കളങ്ങളാക്കുന്ന അവസ്ഥയുമുണ്ടെന്ന് ദുഃഖത്തോടെ പറയട്ടെ.

മിശ്രവിവാഹം

മിശ്രവിവാഹം ക്രൈസ്തവ സഭകളെ പരോക്ഷമായി തകര്‍ക്കുന്നു.വിശ്വാസത്യാഗത്തിലൂടെ ഒരുവന്‍ നഷ്ടപ്പെടുത്തുന്നത് എത്ര മഹനീയമായ പദവിയാണെന്ന് ക്രൈസ്തവര്‍ ഓരോരുത്തരും ചിന്തിക്കുക. യാതൊരു സങ്കോചവുമില്ലാതെ ഒരുവന്‍ സ്വന്തം വിശ്വാസത്തെ ത്യജിക്കണമെങ്കില്‍, അവന്റെ വിശ്വാസത്തിന് അവന്‍ കല്പിച്ചിരിക്കുന്ന വില അത്രത്തോളം ചെറുതായിരിക്കണം. ക്രിസ്തുവിന്റെ സഭയില്‍ അംഗമായിരിക്കുകയെന്ന മഹനീയമായ അവകാശത്തെ പുല്ലുപോലെ ഉപേക്ഷിക്കുന്നവരാണ് മിശ്രവിവാഹിതരില്‍ പലരും. പ്രണയങ്ങളാണല്ലോ മിശ്രവിവാഹങ്ങളില്‍ ഒടുങ്ങുന്നത്. മിശ്രവിവാഹിതരാകുന്ന ഇണകളില്‍ ക്രൈസ്തവനാമധാരികള്‍ക്കു മാത്രമാണ് നിസ്സാരമായി തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാന്‍ സാധിക്കുന്നതെങ്കില്‍, മിശ്രവിവാഹം എന്ന ആശയത്തിനു പിന്നില്‍ പൈശാചികമായ ഒരു അജണ്ടയുണ്ടെന്നു നാം തിരിച്ചറിയണം. മിശ്രവിവാഹങ്ങളെ നിസ്സാരമായി കാണുന്ന ക്രിസ്ത്യാനികളുടെ കണ്ണുകളെ നാം തുറപ്പിക്കേണ്ടിയിരിക്കുന്നു.

വിശ്വാസത്യാഗം വലിയ തിരിച്ചടി

ക്രൈസ്തവ മതം കേരളത്തില്‍  ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് വിശ്വാസികളുടെ കൊഴിഞ്ഞുപോക്കാണ്.ഇതിനെ 'വിശ്വാസത്യാഗം' എന്നൊക്കെ വിശേഷിപ്പിക്കാം.ജനനനിരക്ക് കുറയുന്നതു മാത്രമാണ് അംഗബലം കുറയാനുള്ള കാരണമെന്ന് വാദിക്കുന്നതില്‍ കാര്യമില്ല.യൂറോപ്പിലെ സഭയില്‍ പുതിയ തലമുറ സൃഷ്ടിക്കപ്പെടുന്നില്ല എന്നതൊരു യാഥാര്‍ത്ഥ്യമായി നില്‍ക്കുമ്പോഴും,കേരളത്തില്‍ അത് തന്നെയാണ് സംഭവിക്കുന്നതെന്ന് നാം തിരിച്ചറിയണം.നമ്മുടെ നാട്ടിലെ വിശ്വാസത്യാഗത്തെ നാം കാണാതെപോകരുത്. ക്രിസ്തീയത ഉപേക്ഷിച്ച് വിജാതിയമതങ്ങളില്‍ ചേക്കേറുന്നവരുടെ സംഖ്യ പ്രതിദിനം വര്‍ദ്ധിച്ചുവരുന്നതാണ് യൂറോപ്പില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഇന്നത്തെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ മതം മാറുന്നുവെന്നതാണ്. 8334 പേരാണ് ഏഴുവര്‍ഷത്തിനിടയില്‍ ഇവിടെ മതംമാറിയത്.വിവാഹങ്ങള്‍ ഇതില്‍ വലിയ പങ്ക്  വഹിക്കുന്നു.

2011 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ സംസ്ഥാന സര്‍ക്കാരിന്റെ ഗസറ്റ് മുഖേന പേര് മാറ്റിയവരുടെ വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏഴു വര്‍ഷ കാലയളവിനുള്ളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ആളുകള്‍ മാറിയത് ഹിന്ദുമതത്തിലേക്ക്- 4968 പേര്‍. ഏറ്റവും കുറവു മാറ്റം ബുദ്ധമതത്തിലേക്കായിരുന്നു.അകെ 6 പേര്‍. ഇസ്ലാം മതത്തിലേക്ക് 1864 പേരും ക്രിസ്തുമതത്തിലേക്ക് 1496 പേരും മാറി.അങ്ങനെ ഇക്കാലയളവില്‍ ആകെ മതം മാറിയത് 8334 പേര്‍. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശത്തെ നാം അംഗീകരിക്കുമ്പോഴും, ക്രിസ്തുമതം ഉപേക്ഷിക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്ന ഘടകമെന്താണെന്ന് പരിശോധിക്കാന്‍ ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്തമുണ്ട്.ദൈവത്തെക്കുറിച്ചും ദൈവത്തില്‍നിന്നുള്ള രക്ഷയെക്കുറിച്ചും അജ്ഞത പുലര്‍ത്തുന്നവര്‍ ക്രൈസ്തവ മേല്‍വിലാസത്തില്‍ ജീവിക്കുന്നുണ്ട്. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം വിശ്വാസത്യാഗം എന്നത് സ്വാഭാവികമായി വന്നുഭവിക്കാവുന്ന ദുരന്തം മാത്രമാണ്.

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയില്‍ എന്തുകൊണ്ടാണ് ഇത്രത്തോളം വിശ്വാസത്യാഗമുണ്ടായത് എന്ന് ചിന്തിക്കണം ? ഓരോ കത്തോലിക്കാ ക്രിസ്ത്യാനിയും ഇതിനുള്ള ഉത്തരം കണ്ടെത്തുകയും പരിഹാരമാര്‍ഗ്ഗം ആലോചിക്കുകയും വേണം.ക്രൈസ്തവരുടെ പരമ്പരയില്‍ ജനിച്ചവരും ജ്ഞാനസ്‌നാനം ലഭിച്ചവരുമാണ് മതമില്ലാത്തവരായി ഇന്ന് മാറിയിരിക്കുന്നത്. അങ്ങനെയെങ്കില്‍, ഈ തകര്‍ച്ചയുടെ ഉത്തരവാദിത്വത്തില്‍നിന്ന് ക്രൈസ്തവസഭകള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ല.മതശിഥിലീകരണത്തിന് കാരണമായ കാര്യങ്ങള്‍ ക്രൈസ്തവ സഭകള്‍ അന്വേഷിക്കണം.

ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്നു ചൂണ്ടിക്കാണിക്കുന്നതിനപ്പുറം, പ്രശ്‌നത്തിലേക്ക് എങ്ങനെ നയിക്കപ്പെട്ടുവെന്നോ പ്രശ്‌നം എങ്ങനെ പരിഹരിക്കപ്പെടുമെന്നോ ആരും പറയുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നമായി നമ്മുടെ മുന്നിലുള്ളത്. ക്രൈസ്തവ സഭ അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാണിക്കാന്‍ അനേകം വ്യക്തികളും സംഘടനകളും ഇന്നുണ്ട്. എന്നാല്‍, ആരുടേയും ഭാഗത്തുനിന്ന് പ്രായോഗികമായ പരിഹാരനിര്‍ദ്ദേശങ്ങള്‍ ഉയരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം.ക്രിസ്തുശിഷ്യത്വത്തിലേക്ക് കടന്നുവരുന്നവരേക്കൊണ്ട് വളര്‍ന്നുവ്യാപിക്കേണ്ടതാണ് ക്രൈസ്തവസഭ.വിശ്വാസത്തില്‍ കടന്നുവരുന്നവരെക്കൊണ്ടുള്ള വളര്‍ച്ച സുവിശേഷ സന്ദേശത്തിന്റെ അടിസ്ഥാനമാണ്.പ്രത്യുല്‍പ്പാദാനത്തിലൂടെ സഭയ്ക്ക് വളര്‍ച്ചയുണ്ടാകണമെന്നതും പ്രധാനമാണ്.  

ചുരുക്കത്തില്‍  ജനനനിയന്ത്രണം,മിശ്രവിവാഹം, അവിവാഹിത സാഹസിക കുടുംബജീവിതം,  വിശ്വാസത്യാഗം,ചില ക്രൈസ്തവ കേന്ദ്രങ്ങളിലെ ജനന നിരക്കിലുള്ള കുറവ്  എന്നിങ്ങനെയുള്ള അവസ്ഥകളിലൂടെ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ ഇടിവിനെക്കുറിച്ചാകണം നാം ചിന്തിക്കേണ്ടത്.ഗൗരവമായി സഭാ നേതൃത്വങ്ങളും വിശ്വാസികളും ക്രൈസ്തവര്‍ അന്യം നിന്ന് പോകാതിരിക്കാന്‍ ഉള്ള നടപടികളിലേക്ക് തിരിയേണ്ടിയിരിക്കുന്നു.

Comments

leave a reply