Foto

ചുങ്കപ്പാറയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച  സംഭവത്തില്‍ മൂന്ന് പേര്‍ക്ക് എതിരെ കേസ്

കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളുടെ നെഞ്ചില്‍ ഞാന്‍ ബാബരി എന്നെഴുതിയ ബാഡ്ജ് ഭീഷണിപ്പെടുത്തി ധരിപ്പിച്ചത്. 

ദേശീയ ബാലാവകാശ കമ്മീഷന്‍ പോലീസിനൊട് വിശദീകരണം തേടി

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി 'ഞാന്‍ ബാബറി' എന്ന സ്റ്റിക്കര്‍ നിര്‍ബന്ധപൂര്‍വം വസ്ത്രത്തില്‍ പതിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുക, മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബ്‌നു നസീര്‍, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ ഒളിവിലാണ്. ഇവരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.കുട്ടികളുടെ രക്ഷിതാക്കളടക്കമുള്ളവരുടെ പരാതികളും ലഭിച്ചിട്ടുണ്ടെന്നു പെരുമ്പെട്ടി പൊലീസ് അറിയിച്ചു. എസ്ഡിപിഐയുടെ പ്രധാന പ്രവര്‍ത്തകരാണ് സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരും. ഇവര്‍ മുന്‍പും ഇത്തരത്തിലുള്ള മതസ്പര്‍ദ്ദ വളര്‍ത്തുന്ന വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിപ്പിക്കുന്നവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളുടെ നെഞ്ചില്‍ ഞാന്‍ ബാബരി എന്നെഴുതിയ ബാഡ്ജ് ഭീഷണിപ്പെടുത്തി ധരിപ്പിച്ചത്. സംഭവത്തിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.ബാഡ്ജ് ധരിപ്പിക്കുന്ന ഒരാളുടെ മുഖവും ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വിഷയത്തില്‍ ബിജെപി റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ പിള്ള പരാതി നല്‍കിയിരുന്നു.കൊച്ചുകുട്ടികള്‍ ബാഡ്ജുമായി സ്‌കൂളില്‍ എത്തിയപ്പോഴാണ് വിവരമറിയുന്നതെന്നു ഹെഡ്മാസ്റ്റര്‍ ജോസ് മാത്യു പറഞ്ഞു. അപ്പോള്‍ത്തന്നെ ബാഡ്ജ് നീക്കം ചെയ്യാന്‍ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞു ചേര്‍ന്ന പിടിഎ കമ്മിറ്റിയോഗം പെരുമ്പെട്ടി പൊലീസില്‍ പരാതി നല്‍കി. സ്‌കൂള്‍ മാനേജരെയും തിരുവല്ല ഡിഇഒയെയും വിവരം അറിയിച്ചതായും ഹെഡ്മാസ്റ്റര്‍ അറിയിച്ചു.ആണ്‍കുട്ടികളുടെ ഷര്‍ട്ടില്‍ ബാഡ്ജ് കുത്തുകയും പെണ്‍കുട്ടികള്‍ക്കു കൈയില്‍ നല്‍കുകയുമായിരുന്നു. ചുങ്കപ്പാറ സ്വദേശിയായ ഒരാളുടെ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടില്‍ ബാഡ്ജ് കുത്തിക്കൊടുക്കുന്നതും കുട്ടികള്‍ ഇതുമായി നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെയാണ് രക്ഷിതാക്കള്‍ അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നത്.വിവിധ മതസ്ഥരായ കുട്ടികളെ നിര്‍ബന്ധിച്ചു ബാബറിയുടെ ബാഡ്ജ് ധരിപ്പിച്ചതില്‍ നടപടിയുമായി ദേശീയ ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയിരുന്നു. സംഭവത്തില്‍ പത്തനംതിട്ട പൊലീസ് മേധാവിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നു കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനുംഗോ അറിയിച്ചു.


 

Foto
Foto

Comments

leave a reply

Related News