Foto

ആട് വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ആട് വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സ്ത്രീ ശാക്തീകരണത്തോടൊപ്പം മുതല്‍ മുടക്ക് കുറഞ്ഞ ചെറുകിട ഉപവരുമാന പദ്ധതികളിലൂടെ ആളുകള്‍ക്ക് സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുന്ന കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തില്‍ പറഞ്ഞു. സ്വഭവനങ്ങളിലേക്ക് ശുദ്ധമായ പാല് ഉത്പാദിപ്പിച്ച് എടുക്കുവാന്‍ കഴിയുന്നതോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും ആട് വളര്‍ത്തല്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോടുകൂടിയ ആട് വളര്‍ത്തല്‍ പദ്ധതിയ്ക്കാണ് ധന സഹായം ലഭ്യമാക്കിയത്.

ഫോട്ടോ : കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ആട് വളര്‍ത്തല്‍ പദ്ധതിയുടെ ധനസഹായം വിതരണം തെള്ളകം ചൈതന്യയില്‍  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. സുനില്‍ പെരുമാനൂര്‍, ലൗലി ജോര്‍ജ്ജ്, ഡോ. റോസമ്മ സോണി, റെനി ബിനോയി, ബിന്‍സി സെബാസ്റ്റിയന്‍, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ സമീപം.

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063

 

Comments

leave a reply

Related News