കുട്ടികളെ മെരുക്കുകയല്ല
ഇണക്കുക
അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്‌നര്‍ & മെന്റര്‍
നാറാണത്തുഭ്രാന്തന്‍ എന്ന കവിതയില്‍ കവി.വി.മധുസൂദനന്‍ നായര്‍ എഴുതി: ''ഓരോ ശിശുരോദന ത്തിലും കേള്‍പ്പൂ ഞാന്‍ ഒരു കോടി ഈശ്വരവിലാപം''. ക്രൂരമായ ശിക്ഷാനടപടികളിലൂടെ പലരും കുട്ടികളെ മെരുക്കി വളര്‍ത്തുവാന്‍ ശ്രമിക്കുകയാണ്. സര്‍ക്കസ് കൂടാരങ്ങളിലെ മൃഗങ്ങളെ അനുസരിപ്പിക്കുന്നപോലെ അച്ചടക്കം പഠിപ്പിക്കുന്നു. ക്രൂരത ഏറ്റുവാങ്ങേണ്ടിവരുന്നവരുടെ രോദനമാണ് എവിടെയും. ഓരോ കുഞ്ഞിന്റെ യും കരച്ചില്‍ നമ്മുടെ ഉറക്കം കെടുത്തികൊണ്ടെിയിരിക്കും. മൃഗങ്ങളെ ചട്ടം പഠിപ്പിക്കുന്നതുപോലെയാണ് കുട്ടികളെ വളര്‍ത്തേണ്ടതെന്ന ചിന്ത അത്യന്തം ആപത്കരമാണ്. ചട്ടം പഠിപ്പിക്കുന്നവരെ മൃഗം തരം കിട്ടിയാല്‍ കൊല്ലും. ആനയെ മെരുക്കുന്നവരെ ആന കുത്തിക്കൊല്ലുന്നത് കണ്ടിട്ടില്ലേ. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ തങ്ങളെ മെരുക്കിയ 354 പാപ്പാന്മാരെ ആന കൊന്നു. മെരുക്കുമ്പോള്‍ അഗ്നിപര്‍വതമായി ഓരോ കുട്ടിയും മാറുകയാണ്. ആനക്ക് മദം പൊട്ടിയപോലെ ഒരാനാള്‍ അവന്‍ പൊട്ടിത്തെറിക്കും. പിന്നെ നാശങ്ങളുടെ വേലിയേറ്റമാകും സംഭവിക്കുക.
ആത്മാഭിമാനം നഷ്ടപ്പെട്ടാല്‍ നിഷേധവികാരവും വിഷാദവുമാണ് ആരിലും ഉണ്ടാവുക. മെരുക്കു മ്പോള്‍ കോപവും പ്രതികാരവാഞ്ചയും ഉടലെടുക്കും. ആത്മവിശ്വാസം നശിക്കും. സ്വയം മതിപ്പ് ഇല്ലാതാകും. പരാജയബോധം വളരും. പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയാതെ പോകും. ഉത്തമവിശ്വാസം നഷ്ടപ്പെടും. ഭയവും നിരാശയും വളരും. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയാതെ വരും. പ്രചോദനവഴികള്‍ അടഞ്ഞു പോകും. ദു:സ്വഭാവങ്ങള്‍ ഉടലെടുക്കും. അന്തര്‍മുഖരാകും. അക്രമവാസന കാണിക്കും. മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ വെറുക്കും. മെരുക്കലിലൂടെ വളര്‍ന്നവര്‍ നാളെ മറ്റുള്ളവരെയും മെരുക്കും. വ്യക്തിത്വവൈകല്യങ്ങള്‍ ഉണ്ടാകും എന്നിങ്ങനെ മെരുക്കലിന്റെ ദോഷങ്ങള്‍ നിരവധിയാണ്.
ശാരീരികവും മാനസികവും ലൈഗീകവുമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന കുഞ്ഞുങ്ങളുടെ സ്വഭാവം തകിടം മറിഞ്ഞ് പോകാറുണ്ട്. മാതാപിതാക്കളില്‍ നിന്നുള്ള സ്‌നേഹക്കുറവ്, അവഗണന, തിരസ്‌കാരം തുടങ്ങിയവ മക്കളുടെ ജീവിതത്തില്‍ വിഷാദരോഗത്തിനും ആത്മഹത്യ പ്രവണതക്കും കാരണമാകുന്നുണ്ട്. ഉയര്‍ന്ന അളവിലുള്ള പരിമുറുക്കം കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. സ്‌നേഹാനുഭവങ്ങള്‍, സ്‌നേഹസ്പര്‍ശം, ആശ്വസിപ്പിക്കല്‍, പ്രചോദിപ്പിക്കല്‍, അംഗീകരിക്കല്‍, അഭിനന്ദിക്കല്‍, പരിഗണിക്കല്‍ തുടങ്ങി എണ്ണമറ്റ ഇടപെടലുകളിലൂടെയാണ് കുട്ടികളുടെ തലച്ചോര്‍ വ്യത്യസ്തമായ കഴിവുകള്‍ നേടുന്നത്. അവ തലച്ചോറിലെ സര്‍ക്യൂട്ടുകളില്‍ വ്യത്യാസമുണ്ടാക്കുന്നു. അനുഭവങ്ങള്‍ തലച്ചോറിന്റെ ഘടനയെ മാറ്റുന്നുണ്ട്. മെരുക്കലും മറ്റ് ശാരീരിക-മാനസിക ശിക്ഷകളും തലച്ചോറിന്റെ വികാസ പ്രക്രിയയെ ദോഷകരമായി ബാധിക്കും. കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെല്ലാം തലച്ചോറില്‍ രേഖപ്പെടുത്തു ന്നുണ്ട്. മെരുക്കപ്പെട്ടവര്‍ മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ രോഗികളായി മാറിയേക്കാം. പലരും ആത്മവിശ്വാസം നഷ്ടപ്പെട്ട് മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകും. മെരുക്കപ്പെട്ടവരുടെ തലച്ചോറും ശരീരത്തിലെ സംരക്ഷണ സംവിധാനങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ജീവിതത്തെ ഫലപ്രദമായി നേരിടാന്‍ കഴിയാതെ മെരുക്കപ്പെട്ടവര്‍ കൂമ്പടഞ്ഞുപോയേക്കാം.
ജീവിതത്തിലുടനീളം അനുഭവിക്കുന്ന അര്‍ത്ഥപൂര്‍ണമായ സന്തുഷ്ടിയാണ് മനുഷ്യന്റെ വളര്‍ച്ചയും വികസനവും സാധ്യമാക്കുന്നത്. സര്‍ഗാത്മകവും സന്തോഷദായകവുമായ അന്തരീക്ഷമാണ് കുടുംബങ്ങളില്‍ ഉണ്ടാകേണ്ടത്. ''കുട്ടികളെ നല്ലവരാക്കാന്‍, അവരെ സന്തുഷ്ടരാക്കുക'' എന്നാണ് ഓസ്‌ക്കാര്‍ വൈല്‍ഡ് എന്ന ഐറിഷ് കവി പറയുന്നത്. മാര്‍ട്ടിന്‍ സെലിഗ്മാന്റെ നേതൃത്വത്തില്‍ 1990 കളില്‍ ഉയര്‍ന്നു വന്ന പോസിറ്റീവ് സൈക്കോളജി പ്രകാരം ജീവിതത്തിലും പഠനത്തിലും പരമപ്രധാനം സന്തുഷ്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌നേഹം, സഹാനുഭൂതി, പരിശ്രമശീലം, സര്‍ഗാത്മകത, ജിജ്ഞാസ, പ്രേരണ, സംഘപ്രവര്‍ത്തനം തുടങ്ങിയവ സന്തുഷ്ടി വര്‍ദ്ധിപ്പിക്കും. സന്തുഷ്ടിയുടെയും സൗഹൃദത്തിന്റെയും മാനങ്ങളില്‍ വ്യാപരിക്കാന്‍ കഴിയുന്ന സാഹചര്യം ബോധപൂര്‍വം സൃഷ്ടിച്ചെടുത്താല്‍ മാത്രമേ കുട്ടികളുടെ ഭാവിയും വ്യക്തിത്വവും ശോഭനമാക്കാ നാകൂ.
അച്ചടക്കലംഘനങ്ങളുണ്ടാകുമ്പോള്‍ ഇടപെടുകയും തിരുത്തുകയും വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് കുട്ടിയെ വളര്‍ത്താനും നന്മയിലേക്ക് നയിക്കാനും പര്യാപ്തമാകണം. ശിക്ഷ എന്ന വാക്കിന് ബോധനം, പരിശീലനം എന്നാണര്‍ത്ഥം. തെറ്റ് ബോധ്യപ്പെടുത്തുക, ശരി ചെയ്യാന്‍ പരിശീലിപ്പിക്കുക അതാണ് ശിക്ഷകൊണ്ട് ഉദ്ദേശിക്കുന്നത്. തെറ്റായതും അനുചിതമായതുമായ പെരുമാറ്റം പ്രാത്സോഹിപ്പിക്കാതെ ഉചിതവും ആശ്വാസ്യവുമായ പെരുമാറ്റങ്ങള്‍ അംഗീകരിച്ച് പ്രോത്സാഹിപ്പിച്ചാല്‍ മതിയാകും. ''അരുത്'' എന്നതിനു പകരം ''എങ്ങനെ''യെന്ന് കാണിച്ചുകൊടുത്താല്‍ മതി. ശിക്ഷണം എന്നാല്‍ ഒരുവനെ വളര്‍ത്താന്‍, വളരാന്‍ സഹായിക്കുന്ന നിലപാടുകളാണ്. ശിക്ഷണം രക്ഷയുടെ സമീപനമാണ്. വാത്സല്യപൂര്‍വം തെറ്റ് തിരുത്താന്‍ കുട്ടിയെ സഹായിക്കലാണത്. അതിന് ക്ഷമയും സഹിഷ്ണുതയും വേണം. വീട്ടിലുള്ള വളര്‍ത്തു മൃഗങ്ങളെ നമ്മള്‍ ഇണക്കിയാണ് വളര്‍ത്തുന്നത്. കൂടുതല്‍ സ്‌നേഹിക്കുംതോറും തലോടുംതോറും അവ അവരുടെ നന്മകള്‍ പുറത്തുകൊണ്ടുവരും. മെരുക്കാന്‍ ശ്രമിച്ചാല്‍ അവ രൗദ്രഭാവം കാണിക്കും. പ്രോത്സാഹനം, ലാളന, ശ്രദ്ധ, പരിഗണന, തോളില്‍ തട്ടി ഒരഭിനന്ദനം, മെല്ലെ ഒരാലിംഗനം, കവിളില്‍ തലോടല്‍, ഒരു പുഞ്ചിരി, നെറ്റിയില്‍ ഒരു ചുംബനം, അര്‍ത്ഥവത്തായ നോട്ടം ഇതുമതി കുട്ടികളെ ഇണക്കി വളര്‍ത്താന്‍. കുട്ടികളെ മെരുക്കാതെ ഇണക്കുക. അതുവഴി ആത്മാഭിമാനവും ആത്മവിശ്വാസവും നേടി അവര്‍ മിടുക്കരാകട്ടെ.
Adv.Charly Paul, Kalamparambil, Chakkumgal Road, CRA-128, Palarivattom P.O., Kochi-682 025,
9847034600, 8075789768, E-mail : advcharlypaul@gmail.com

Comments