Foto

ഇന്ത്യയുമായി വാണിജ്യബന്ധം വളര്‍ത്താന്‍ യു.എസ് നീക്കം

ഇന്ത്യയുമായി വാണിജ്യബന്ധം

വളര്‍ത്താന്‍ യു.എസ് നീക്കം


ഇന്ത്യയുമായി വാണിജ്യരംഗത്ത് വിപുല പങ്കാളിത്തം ഉറപ്പുവരുത്താന്‍ അമേരിക്കയുടെ നീക്കം. ഇതിനായി യു എസ് വാണിജ്യ സെക്രട്ടറി ജീന റൈമോണ്ടോ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജീത് സിംഗ് സന്ധുവുമായി വാഷിംഗ്ടണില്‍ വിശദ ചര്‍ച്ചകള്‍ നടത്തി.


'അമേരിക്കയുടെ വാണിജ്യകാര്യ സെക്രട്ടറി റെയ്‌മോണ്ടോയുമായി കൂടിക്കാഴ്ച നടത്തി. ഏറെ ഫലപ്രദമായ ചര്‍ച്ചകളാണ് നടന്നത്. വാണിജ്യരംഗത്ത് ഇന്ത്യയുമായി മികച്ച പങ്കാളിത്തം അമേരിക്ക ആഗ്രഹിക്കുന്നു. സാമ്പത്തിക, വാണിജ്യ രംഗങ്ങളിലെ സഹകരണവും ഉല്‍പ്പന്നങ്ങള്‍ പരസ്പരം കൈമാറുന്നതും സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും മുഖ്യവിഷയങ്ങളായിരുന്നു.ഡിജിറ്റല്‍ ഇക്കോണമിയായിരുന്നു മറ്റൊരു സുപ്രധാന വിഷയം'- തരണ്‍ജീത് സിംഗ് സന്ധു ട്വിറ്ററിലൂടെ അറിയിച്ചു.


ആമസോണ്‍ ഉള്‍പ്പെടെ ചില കമ്പനികളോടു മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങളില്‍ യുഎസില്‍ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രധാനമായും ജീന റൈമോണ്ടോ തരണ്‍ജീത് സിംഗ് സന്ധുവിനെ കണ്ടതെന്ന ചര്‍ച്ച സാമ്പത്തിക നിരീക്ഷകര്‍ക്കിടയിലുണ്ട്. ആമസോണും ഫ്ളിപ്കാര്‍ട്ടും കോംപറ്റീഷന്‍ കമ്മീഷന്റെ അന്വേഷണം നേരിടണമെന്ന് സുപ്രീം കോടതി പറഞ്ഞതിനെ ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെടുത്തിയാണ് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ സ്വാഗതം ചെയ്തത്. കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരം, ബൗദ്ധിക സ്വത്തവകാശം, ഇകൊമേഴ്സ് തുടങ്ങിയവയില്‍ യുഎസ് ആവശ്യപ്പെടുന്ന ഇളവുകള്‍ നല്‍കുക സാധ്യമല്ലെന്ന നിലപടും ഇന്ത്യ കൈക്കൊണ്ടിരുന്നു.


ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യ മേഖലാ ബന്ധത്തില്‍ അളവില്ലാത്ത സാദ്ധ്യതകളാണുള്ളതെന്ന് ചര്‍ച്ചയ്ക്കു ശേഷം ജീന റൈമോണ്ടോ ട്വീറ്റ് ചെയ്തു. ഭാവി പരിപാടികള്‍ക്കായി ഇന്ത്യ-അമേരിക്ക സിഇഒ ഫോറം, ഇന്ത്യ-അമേരിക്ക വാണിജ്യ തല സമ്മേളനം, ഇന്ത്യ-അമേരിക്ക സാങ്കേതിക മേഖലാ സമ്മേളനം എന്നിവ ഈ വര്‍ഷം നടക്കുമെന്നും സന്ധു അറിയിച്ചു.


ഇന്ത്യയും യുഎസുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായ ശേഷമുള്ള ഈ ആശയ വിനിമയം നിര്‍ണ്ണായകമാണെന്ന് പ്രതീക്ഷ പങ്കുവയ്ക്കുന്നു സാമ്പത്തിക മേഖലാ നിരീക്ഷകര്‍. സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കാന്‍ യുഎസിനു താല്‍പര്യമില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ യുഎസ് പ്രതികരിച്ചിരുന്നില്ല.


ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിനു മുന്‍പു കരാറുണ്ടാകുമെന്ന നിലയിലായിരുന്നു മോദി സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കിയത്. എന്നാല്‍, പല വിഷയങ്ങളിലും ധാരണ സാധ്യമായില്ല. ആദ്യം പരിമിതമായ കരാറും പിന്നീട് വിശാല കരാറും എന്ന രീതിയിലും ശ്രമമുണ്ടായി. എന്നാല്‍, പരിമിത കരാര്‍ സാധ്യമല്ലെന്ന നിലയിലേക്കു കഴിഞ്ഞ ഫെബ്രുവരിയില്‍ കാര്യങ്ങളെത്തി. വിശാല ധാരണയ്ക്കു ശ്രമിക്കുന്നതായി അന്നു പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു. അതും സാധിക്കുന്നില്ലെന്നാണ് അദ്ദേഹം തന്നെ പിന്നീടു പറഞ്ഞത്.


പല രാജ്യങ്ങളുമായുമുള്ള വ്യാപാര ഇടപാടുകളില്‍ യുഎസിനു വലിയ നേട്ടമില്ലെന്ന വിലയിരുത്തലാണു ട്രംപിനുണ്ടായിരുന്നത്. യുഎസിലുള്ളവരുടെ തൊഴില്‍ സംരക്ഷണത്തിനു നടപടി വേണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ നിലപാടെടുത്തത് ഡമോക്രാറ്റുകള്‍ക്കിടയില്‍ ചാഞ്ചല്യമുണ്ടാക്കി. ഈ സാഹചര്യം കൂടി നേരിടാനാണ് യുഎസിന്റെ താല്‍പര്യങ്ങള്‍ക്കു ഗണ്യമായ മേല്‍ക്കയ്യില്ലാത്ത കരാറുകളില്‍ ഏര്‍പ്പെടേണ്ടെന്ന നിലപാടിലേക്കു ബൈഡന്‍ ഭരണകൂടം മാറിയതെന്നാണ് സൂചന.


കാര്‍ഷിക മേഖലയുടേതുള്‍പ്പെടെ താല്‍പര്യങ്ങള്‍ പരിഗണിച്ചാണ്, ചൈന മുന്‍കയ്യെടുത്ത മേഖലാ സമഗ്ര സാമ്പത്തിക സഹകരണ (ആര്‍സിഇപി) കരാറില്‍ ചേരേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചത്.അതേസമയം, കാനഡയുമായി കരാറിനു ശ്രമമുണ്ടെങ്കിലും കാര്‍ഷിക വിപണിയില്‍ ഉദാരസമീപനം അവര്‍ താല്‍പര്യപ്പെടുന്നതിനാല്‍ ചര്‍ച്ചകള്‍ എത്രത്തോളം മുന്നോട്ടുപോകുമെന്നതില്‍ സംശയമുണ്ടെന്ന്് മോദി സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ പറയുന്നു.


യുകെയുമായും യുഎഇയുമായും ഇന്ത്യയുടെ വ്യാപാര കരാറിനുള്ള നടപടികള്‍ പുരോഗമിക്കുന്നെന്നാണു മന്ത്രി ഗോയല്‍ സൂചിപ്പിച്ചത്. ഈ വര്‍ഷം അവസാനത്തോടെ ചര്‍ച്ച തുടങ്ങാനാകുമെന്ന് യുകെ വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി, തൊഴില്‍ സാഹചര്യം തുടങ്ങിയവ സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ കര്‍ശന നിലപാട് ആ കൂട്ടായ്മയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകളുടെ പുരോഗതിയെ ബാധിച്ചിരുന്നു.രണ്ടു വിഷയങ്ങളിലും യുകെയ്ക്കും സമാന നിലപാടുകളുണ്ട്. അതുകൊണ്ടുതന്നെ യുകെയുമായുള്ള കരാറില്‍ എത്രത്തോളം പ്രതീക്ഷ വയ്ക്കാമെന്ന സംശയം സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ ഉന്നയിക്കുന്നുണ്ട്.


ഇന്ത്യയും ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി (ജിസിസി) വ്യാപാര കരാറുണ്ടാക്കുന്നതിന് 2004ല്‍ പ്രാഥമിക ധാരണയായിരുന്നു. 2006ലും 2008ലും തുടര്‍ചര്‍ച്ചകളുണ്ടായി. ഒരു രാജ്യവുമായും തല്‍ക്കാലം ചര്‍ച്ച വേണ്ടെന്ന് പിന്നീട് ജിസിസി തീരുമാനിച്ചതിനാല്‍ ഇന്ത്യയുമായുള്ള ചര്‍ച്ച തടസ്സപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ യുഎഇയുമായി ഉഭയകക്ഷി കരാറിനു ശ്രമിച്ചുവരുന്നുണ്ട്.

ബാബു കദളിക്കാട്

 

Video Courtesy: DW  TV

Foto

Comments

leave a reply

Related News