Foto

കുടുംബങ്ങൾക്കായി ഒരു കൈപ്പുസ്തകം

തേക്കിൻകാട് ജോസഫ്

            മാതാപിതാക്കളും കുട്ടികളും അറിയാൻ എന്ന വിശിഷ്ട ഗ്രന്ഥം അതിന്റെ ശീർഷകം കൊണ്ടുതന്നെ അർത്ഥവത്താണ്. ദൈവശാസ്ത്രത്തിലും കുടുംബ ജീവിതബന്ധങ്ങളുടെ നിയമ സംഹിതകളിലും അഗാധമായ പാണ്ഡിത്യം നേടിയിട്ടുള്ള റവ. ഡോ. തോമസ് കുഴിനാപ്പുറത്ത് ആണ് ഗ്രന്ഥരചയിതാവ്. തന്റെ ആഴമേറിയ പഠനത്തിന്റെയും മനനം ചെയ്ത ചിന്താധാരയുടെയും വിളഭൂമിയിൽ നിന്നും ശേഖരിച്ച മണിമുത്തുകളാണ് ഗ്രന്ഥകാരൻ മാതാപിതാക്കളും മക്കളും അറിയാൻ എന്ന പുസ്തകത്തിൽ കോർത്തിണക്കിയിരിക്കുന്നത്.

            ഗ്രന്ഥകാരൻ തന്റെ മുഖമൊഴിയിൽ സൂചിപ്പിക്കുന്നതുപോലെ കുടുംബങ്ങളുടെ നന്മയ്ക്കുവേണ്ടി, കുട്ടികളുടെ സ്വഭാവരൂപീകരണത്തിനുവേണ്ടി, ഭാര്യാഭർതൃബന്ധത്തിന്റെ ഊഷ്മളതയ്ക്കായി, വയോജനങ്ങളുടെ സംരക്ഷണത്തിനായി അതതു മേഖലകളിൽ പാണ്ഡിത്യവും ഗവേഷണ താൽപര്യവും ഉള്ള വിദഗ്ധരായ സവിശേഷവ്യക്തിത്വങ്ങൾ തയ്യാറാക്കിയ പഠനങ്ങളാണ് ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുള്ളത്.

            മലങ്കരസഭാമേലദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് കാതോലിക്കാബാവ അനുഗ്രഹാശംസയിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ മനുഷ്യജീവന്റെ മൂല്യം ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നീ ജീവിതദശകൾ, അവയിലൂടെ ഓരോരുത്തരും അതിജീവിക്കേണ്ട വെല്ലുവിളികൾ എന്നിവയെക്കുറിച്ചൊക്കെ ആധികാരികമായി പഠിപ്പിക്കുന്നു. ഒരു ഗ്രന്ഥം എന്ന നിലയിൽ കുടുംബങ്ങൾക്ക് മാർഗദർശനമായിരിക്കും ഈ പുസ്തകം എന്ന പ്രസ്താവം അന്വർത്ഥമാണ്.

            കുടുംബജീവിതവുമായി ബന്ധപ്പെട്ട 17 പ്രൗഢ ലേഖനങ്ങളാണ് ഗ്രന്ഥകാരൻ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവയിൽ കുടുംബജീവിത യാഥാർത്ഥ്യങ്ങളും വെല്ലുവിളികളും, മനുഷ്യജീവനുവേണ്ടി ഒരു ധർമസമരം, താളം തെറ്റുന്ന കൗമാരം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സ്വഭാവവും പ്രസക്തിയും, അന്ധവിശ്വാസം, കഠിനാധ്വാനം, ലക്ഷ്യബോധം കുട്ടികളിൽ എന്നീ മുഖ്യധാരാ വിഷയങ്ങൾ റവ. ഡോ. തോമസ് കുഴിനാപ്പുറത്ത് അച്ചൻ തന്നെയാണ് രചിച്ചിരിക്കുന്നത്.

            കുട്ടികളുടെ വളർച്ചയും ശിക്ഷണവും-മാതാപിതാക്കളുടെ പങ്ക്, കൗമാരവും യുവത്വവും, വെല്ലുവിളികളും സാധ്യതയും, വായന നമ്മുടെ കുടംബങ്ങളിൽ എന്നീ സുപ്രധാന വിഷയങ്ങൾ പരിണിതപ്രജ്ഞനായ ഡോ. എം.വി. തോമസ് ആണ് ഗവേഷണ മനനങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ളത്. ക്രിസ്തീയപഠനം ഒരു ആദ്ധ്യാത്മികവിചിന്തനം എന്ന വിഷയത്തെക്കുറിച്ചുള്ള ലേഖനം ഡോ. വർഗീസ് പഴമാലിൽ തയാറാക്കി. കുട്ടികളെ കലാലയങ്ങളിലേക്ക് അയയ്ക്കുമ്പോൾ എന്ന വിഷയം ശ്രീമതി ഓമന സനീഷ് അവതരിപ്പിക്കുന്നു. വിദ്യാഭ്യാസം ഇന്നത്തെ കുടുംബ കലാലയ പശ്ചാത്തലത്തിൽ എന്ന പഠനാർഹമായ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത് ഡോ. ആൻസി ജയരാജ് ആണ്. കുടുംബങ്ങളിൽ വളരേണ്ട മാധ്യമ സംസ്‌കാരം എന്ന സമകാലിക വിഷയം ഡോ. ജിബി വർഗീസ് തോക്കാട് തെരഞ്ഞെടുത്തു. ദൈവവിളി ക്രിസ്തീയഭവനങ്ങളിൽ എന്ന മറ്റൊരു കാലിക വിഷയം ഫാ. ആൻജോസ് കുന്നിൽ തയാറാക്കി.

            ആഴമേറിയ പഠനങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളും, പരിഹാര നിർദ്ദേശങ്ങളും ഈ ഗ്രന്ഥത്തിന്റെ സമകാലിക പ്രസക്തി വർദ്ധിപ്പിക്കുന്നു. ഈശ്വരവിശ്വാസത്തിലധിഷ്ഠിതമായ ജീവിതസരണികൾ കണ്ടെത്താനുള്ള മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ലേഖനങ്ങൾ മാതൃകാകുടുംബ ജീവിതത്തിന് ഉതകുന്നവയാണ്. മൂല്യാധിഷ്ഠിത കുടുംബ ജീവിതത്തെ കരുപ്പിടിപ്പിക്കാനുതകുന്ന ഒരു ഗ്രന്ഥം തയാറാക്കുന്നതിന് റവ. ഡോ. കുഴിനാപ്പുറത്തച്ചൻ നടത്തിയ പരിശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട്. ഏതൊരു കുടുംബത്തിലും സൂക്ഷിക്കുകയും വായിച്ചുപഠിക്കുകയും ചെയ്യേണ്ട ഒരു വിശിഷ്ട ഗ്രന്ഥം എന്ന് നിസംശയം പറയാവുന്ന രചനയാണിത്.

            തിരുവനന്തപുരം മേജർ അതിരൂപതയുടെ ദി കമ്മീഷൻ ഫോർ തിയോളജി ആൻഡ് പബ്ലിക്കേഷൻ ആണ് ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ.

Foto

Comments

leave a reply

Related News