ടോണി ചിറ്റിലപ്പിള്ളി
കൊച്ചി: നൂറ്റിയിരുപത്തെട്ടു വര്‍ഷം മുമ്പാണ് റഷ്യന്‍ ചെറുകഥാകൃത്ത് ആന്റണ്‍ ചെക്കോവ് 'വാങ്ക' എഴുതുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒമ്പതുവയസ്സുകാരന്‍ വാങ്കഷുക്കോവിന്റെ കഥ. മോസ്‌കോ നഗരത്തിലെ മനുഷ്യത്വരഹിതനായ ഷൂ നിര്‍മാതാവ് അലിയാഖിന്റെ ജോലിക്കാരനാണ് അവന്‍. അയാളുടെ മാത്രമല്ല സഹജീവനക്കാരുടെയും കൊടിയമര്‍ദനങ്ങള്‍ക്കിരയായി അസ്ഥി തുളയ്ക്കുന്ന ഡിസംബര്‍ ശൈത്യത്തെ ചെറുക്കാന്‍ പുതപ്പില്ലാതെ, ആഹാരമില്ലാതെ വിഷമിക്കുന്ന വാങ്ക, മുത്തച്ഛന്‍ കോണ്‍സ്റ്റാന്റിന്‍ മക്കറിച്ചിന് തന്നെ രക്ഷിക്കണമെന്ന് യാചിച്ചുകൊണ്ട് കണ്ണീരില്‍ കുതിര്‍ന്ന ഒരു കത്തെഴുതുന്നു.പണിയിടങ്ങളില്‍ നഷ്ടപ്പെട്ടുപോകുന്ന ബാല്യങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഈ കത്ത്.ഒരിക്കലും ലഭിക്കാന്‍ ഇടയില്ലാത്ത മറുപടിക്കായുള്ള കാത്തിരിപ്പാണ് വാങ്കയുടെ ജീവിതം.കടുത്ത ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ തിരിനാളം കെടാതെ സൂക്ഷിക്കുന്ന ആ കുഞ്ഞു മനസ്സാണു നമ്മുടെ ഇന്നത്തെ ഓരോ ബാലവേലയെടുക്കുന്ന കുഞ്ഞിന്റെയും ജീവിതം.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ചെക്കോവ് ചൂണ്ടിക്കാണിച്ച ബാലവേലയുടെ പ്രശ്‌നം ഇന്നും സജീവമാണ്.ബാലവേല നിരോധന നിയമമൊക്കെയുണ്ട്.പക്ഷേ, അതൊക്കെ എത്ര ഫലപ്രദമായി നടപ്പാക്കപ്പെടുന്നു?ഏത് നിമിഷവും മരണമോ ഗുരുതര പരിക്കോ ഏല്‍ക്കാവുന്ന സാഹചര്യങ്ങളില്‍ പകലന്തിയോളം വിയര്‍പ്പൊഴുക്കുന്ന അഞ്ചു വയസ് മുതലുള്ള ഭാഗ്യഹീനരായ കുരുന്നുകളുണ്ട് നമ്മുടെ ഇന്ത്യയില്‍ മാത്രം.
ബാലവേലയ്ക്കെതിരായ ഈ വര്‍ഷത്തെ ലോകദിനം,ബാലവേല നിര്‍മാര്‍ജനത്തിനായി 2021 അന്താരാഷ്ട്ര വര്‍ഷത്തില്‍ സ്വീകരിച്ച നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) ബാലവേലയെ മാനസികമായും ശാരീരികമായും സാമൂഹികമായും ധാര്‍മ്മികമായും അപകടകരവും കുട്ടികള്‍ക്ക് ദോഷകരവുമായ ജോലിയായി നിര്‍വചിക്കുന്നുണ്ട്.കുട്ടികള്‍ മുറ്റത്തൊന്ന് ഓടിക്കളിച്ചാല്‍ ' ഓടരുതേ വീഴും' എന്ന് അലമുറയിടുന്ന നമുക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല നമ്മുടെ രാജ്യത്തെ അനധികൃത ഖനികളില്‍ ജീവന്‍ പണയം വെച്ച് അന്നത്തിന് വക കണ്ടെത്തുന്ന ആയിരക്കണക്കിന് കുരുന്നുകളുടെ ജീവിതാവസ്ഥ.ജീവന്‍ പണയം വച്ച് പകലന്തിയോളം പണിയെടുത്താല്‍ കിട്ടുന്നത് മുപ്പതോ നാല്‍പതോ രൂപയാണ്.നിര്‍ബന്ധിത ബാലവേല കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്നു,സ്‌കൂളില്‍ ചേരാനുള്ള അവസരം അവര്‍ക്ക് നഷ്ടപ്പെടുത്തുന്നു,അകാലത്തില്‍ സ്‌കൂളില്‍ നിന്ന് പുറത്തുപോകാന്‍ അവരെ നിര്‍ബന്ധിക്കുന്നു.ബാലവേല കുട്ടികളുടെ ഭാവി കവര്‍ന്നെടുക്കപ്പെടുകയാണ് എന്ന് നാം തിരിച്ചറിയണം.
ലോകമെമ്പാടുമുള്ള 152 ദശലക്ഷം കുട്ടികള്‍ ബാലവേലയുടെ ഇരകളാണ്.ഇതില്‍ 88 ദശലക്ഷം ആണ്‍കുട്ടികളും 64 ദശലക്ഷം പെണ്‍കുട്ടികളുമാണ്.ബാലവേലയ്ക്ക് ഇരയായവരില്‍ 48 ശതമാനവും 5-11 വയസ് പ്രായമുള്ളവരാണ്.71 ശതമാനം ബാലവേലയും കാര്‍ഷിക മേഖലയിലാണ് നടക്കുന്നത്.ഇത്തരം നിയമവിരുദ്ധ തൊഴിലിലൂടെ പ്രതിവര്‍ഷം 150 ബില്യണ്‍ ഡോളര്‍ അനധികൃത ലാഭം ഉണ്ടാക്കുന്നുണ്ടെന്നാണ് കരുതുതപ്പെടുന്നത്.ഇന്ത്യയില്‍ കൂടിവരുന്ന ബാലപീഡനത്തിന്റെയും ബാലവേലയുടെയും അവസാനിക്കാത്ത ഇരകളാണ് കുട്ടികള്‍.കുട്ടികളോടുള്ള സമീപനത്തിലും മനോഭാവത്തിലും മുമ്പെങ്ങുമില്ലാത്തതരം മാറ്റമാണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രമുഖ മനശാസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരും പറയുന്നു.പെണ്‍കുട്ടികളുടെ സ്വകാര്യ വീടുകളിലെ ഗാര്‍ഹിക സേവനം പോലുള്ളവ ബാലവേലയുടെ ദൃശ്യപരതയില്‍ പലപ്പോഴും വരുന്നില്ല.കൂടാതെ വീട്ടുജോലികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ മുന്നോട്ടു വരുന്നത്.
കുട്ടികള്‍ക്കാകുമ്പോള്‍ കൂലി കുറച്ച് കൊടുത്താല്‍ മതി എന്നതിനാലാണ് അവരെ മാത്രം ജോലിക്കായി കണ്ടെത്തുന്നത്.ഒരു സാധാരണ തൊഴിലാളിക്ക് 750 രൂപ ഒരു ദിവസം കൂലി കൊടുക്കുമ്പോള്‍ കുട്ടികളാണെങ്കില്‍ 200 നല്‍കിയാല്‍ മതിയാകും. പലരും പാതിരാത്രികളിലും പുലര്‍ച്ചകളിലുമാണ് തിരികെ വീടെത്തുന്നത്.ഉറങ്ങാന്‍ സമയം കിട്ടാത്ത അവസ്ഥയാണ് പലര്‍ക്കും. പലരുടേയും വീട്ടിലെ സാഹചര്യമാണ് ഇത്തരം അവസ്ഥകളിലും ജോലി ചെയ്യാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്. പല കുട്ടികളും സ്‌കൂളില്‍ ചെന്നാല്‍ ഉറക്കം തൂങ്ങും.വേണ്ടവിധം പഠിക്കാനാവാതെ വരുമ്പോള്‍ അവര്‍ പഠനം മതിയാക്കുകയും മറ്റ് ജോലികളടക്കം തേടുകയും ചെയ്യുന്നു.മനുഷ്യക്കടത്തുവഴി കൊണ്ടുവരുന്ന കുട്ടികള്‍ പലപ്പോഴും അക്രമം, ദുരുപയോഗം, മറ്റ് മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയ്ക്ക് വിധേയരാകുന്നു.ചിലര്‍ നിയമം ലംഘിക്കാന്‍ നിര്‍ബന്ധിതരായേക്കാം. പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം, ലൈംഗിക ചൂഷണത്തിന്റെ ഭീഷണി വളരെ വലുതാണ്, അതേസമയം ആണ്‍കുട്ടികളെ സായുധ സേനയോ മറ്റു ഗ്രൂപ്പുകളോ ചൂഷണം ചെയ്‌തേക്കാം.
കോവിഡ് -19 ന്റെ ആഘാതം കാരണം 9 ദശലക്ഷം അധികം കുട്ടികള്‍ അപകടസാധ്യതയിലാണ്.ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 818 കുട്ടികളില്‍ ബാലവേലയ്ക്കെതിരായ പ്രചാരണം നടത്തുന്ന സി.എ.സി.എല്‍ എന്ന സംഘടന നടത്തിയ ഒരു സര്‍വേയില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ അനുപാതത്തില്‍ 28.2 ശതമാനത്തില്‍ നിന്ന് 79.6 ശതമാനമായി ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട് എന്ന് പറയുന്നു.പ്രധാനമായും കോവിഡ് -19 പകര്‍ച്ചവ്യാധിയും സ്‌കൂളുകള്‍ അടച്ചതുമാണ് പ്രധാന കാരണം.കോവിഡിന്റെ ഫലമായി ആഗോളതലത്തില്‍,2022 അവസാനത്തോടെ ഒമ്പത് ദശലക്ഷത്തിലധികം കുട്ടികളെ ബാലവേലയിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഗുരുതരമായ സാമൂഹിക പരിരക്ഷാ കവറേജുകളിലേക്ക് പ്രവേശിക്കാതെ 46 ദശലക്ഷമായി ഇനിയും ഉയരും.കൊവിഡിന് മുന്‍പ് തന്നെ ബാലവേലയുടെ കണക്കുകള്‍ ഉയര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഒരു നേരത്തെ ആഹാരത്തിനും കുറെ നാണയത്തുട്ടുകള്‍ക്കുമായി എരിഞ്ഞടങ്ങുന്ന ഈ ബാല്യങ്ങളെ ബാലവേലയില്‍ നിന്നും വിമുക്തരാക്കേണ്ട ഉത്തരവാദിത്വം നമുക്കുമില്ലേ എന്ന് ഈ ദിനത്തില്‍ നമുക്ക് ചിന്തിക്കാം.ഒരു പരിധിവരെ ഇന്ത്യയിലും,കേരളത്തിലും ബാലവേല കുറഞ്ഞുവരികയായിരുന്നു.എന്നാല്‍ കോവിഡ് ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.മഹാമാരി ബാലവേല പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും ചെയ്തു.
ബാലവേലയ്ക്കെതിരായ പോരാട്ടത്തില്‍ നമുക്ക് നഷ്ടം സംഭവിക്കുകയാണ്, കഴിഞ്ഞ വര്‍ഷം ആ പോരാട്ടം കൂടുതല്‍ കഠിനമായിരുന്നു'' എന്നാണ് യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റിയേറ്റ ഫോര്‍ പറയുന്നത്.ബാലവേല ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര വര്‍ഷമായി യുഎന്‍ 2021ല്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി നാം എല്ലാവരും, ഗവണ്‍മെന്റുകള്‍, തൊഴിലുടമകള്‍, യൂണിയനുകള്‍, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍, 'ബാലവേലയ്ക്കെതിരെ നടപടിയെടുക്കുമെന്ന്' പ്രതിജ്ഞയെടുക്കണം.ഇന്നത്തെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നാളെ നമ്മുടെ കുട്ടികളുടെ ഭാവി നിര്‍ണ്ണയിക്കും.
Comments