Foto

ഓർമ്മത്താളിൽ ഒരു മുഖം: എൻ . എഫ് . വർഗ്ഗീസ്

ഓർമ്മത്താളിൽ  ഒരു മുഖം: എൻ . എഫ് . വർഗ്ഗീസ്  

ആരും അനുസ്മരിച്ചില്ല ആ മഹാനടനെ.  കഴിഞ്ഞ ജൂൺ 19 ആയിരുന്നു N. F.  വർഗീസ് എന്ന  ശബ്ദ-നടന താരത്തിന്റെ 14-ാം ചരമവാർഷിക ദിനം. അനുശോദനങ്ങൾ ഉയർന്നു കേട്ടില്ലെങ്കിലും അന്ന് പ്രകൃതിയാകെ മഴ വീണു നനഞ്ഞു.  N. F.  വർഗീസ്  എന്ന കലാകാരനെ ഹൃദയത്തിൽ  സൂക്ഷിച്ചവരുടെ കണ്ണുകളിൽ നിന്നും മഴത്തുള്ളികൾ പൊഴിഞ്ഞു. ആ ഈറൻ തുള്ളികൾ അത്രയും പതിച്ചത് ഓർമ്മകളുടെ പുൽമേടുകളിൽ.  മിമിക്രി ആർട്ടിസ്റ്റ്, നാടക സിനിമാ നടൻ, റേഡിയോ ആർട്ടിസ്റ്റ് എന്നീ നിലകളിൽ ഗണ്യമായ സംഭാവനകൾ നല്കിയ അദ്ദേഹത്തിന്റെ 53 വർഷക്കാലം മാത്രം ദൈർഘ്യമുണ്ടായിരുന്ന ജീവിതം വിധി അതിക്രൂരമായി തട്ടിയെടുത്തത് അദ്ദേഹം എന്നും ഒരു സ്വകാര്യ സ്വപ്നമായി താലോലിച്ചിരുന്ന  ചലച്ചിത്ര രംഗത്ത് ഒരു നടനെന്ന നിലയിൽ തീർത്തും അർഹിക്കുന്ന ഉന്നത സ്ഥാനത്തെത്തുമെന്നു ഉറപ്പായ ഘട്ടത്തിലാണ്.

            എൺപതുകളുടെ തുടക്കത്തിലാണ് ആകാശവാണി തൃശൂർ നിലയത്തിൽ വച്ച് ഞാൻ വർഗീസിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തെ നേരിൽ കണ്ട് പരിചയപ്പെടുന്നതിനു മുൻപെ ഞാൻ അദ്ദേഹത്തിന്റെ ശബ്ദവുമായി പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. റേഡിയോ നാടക അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ശബ്ദ പരിശോധനക്ക് എത്തിയതായിരുന്ന അദ്ദേഹം. തിരഞ്ഞെടുപ്പിലെ നിഷ്പക്ഷത ഉറപ്പുവരുത്തുന്നതിന് ഒഡീഷനിൽ പങ്കെടുക്കുന്ന വ്യക്തി നില്ക്കുന്ന സ്റ്റുഡിയോയ്ക്കും വിധികർത്താക്കൾ ഇരിക്കുന്ന  ബൂത്തിനും മധ്യേയുള്ള വിസ്താരമേറിയ ഗ്ലാസ് ചതുരം പരസ്പരം കാണാനാവാത്ത വിധം കർട്ടൻ കൊണ്ട് മറച്ചിരുന്നു. സ്റ്റുഡിയോയിലെ മൈക്രോഫോണിൽ നിന്ന് ബൂത്തിലെ ലൗഡ് സ്പീക്കറിലൂടെ ഒഴുകിയെത്തിയ ഏതു ഭാവവും അനായാസം അവതരിപ്പിക്കാൻ അസാധാരണ പാടവമേറിയ അദ്ദേഹത്തിന്റെ ശബ്ദഗാംഭീര്യവും, മികവുറ്റ ഭാവാവിഷ്‌ക്കാരമേന്മയ്ക്കും അമ്പരപ്പിക്കുന്ന ശബ്ദ നിയന്ത്രണ മികവും, കറകളഞ്ഞ ഉച്ചാരണ ശുദ്ധിയും അപൂർവ്വാനുഭവമായിരുന്നു. പ്രക്ഷേപണത്തിനു തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഒരു നാടകത്തിലെ മുഖ്യ കഥാപാത്രത്തിനു യോജിച്ച                 ശബ്ദ സൗകുമാര്യമുള്ള നടനെ തേടിക്കൊണ്ടിരുന്ന എനിക്ക് എന്തെന്ന് ഇല്ലാത്ത  ആശ്വാസവും ഒപ്പം ആഹ്ലാദവുമുണ്ടായി. നാലഞ്ചു ദിവസം നീണ്ടുനില്ക്കുന്ന ലിസ്റ്റുണ്ടാക്കി രജിസ്റ്ററിൽ രേഖപ്പെടുത്തി ബന്ധപ്പെട്ടവരുടെ അംഗീകാരത്തോടെ ശബ്ദ പരിശോധനയിൽ പങ്കെടുത്തവരെ ഫലം ഔദ്യോഗികമായി അറിയിക്കാൻ സ്വാഭാവികമായും കാലതാമസം ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ടിരുന്ന നാടകത്തിന്റെ പ്രക്ഷേപണം അതുവരെ നീട്ടിവയ്ക്കുക പ്രായോഗികമായിരുന്നില്ല. അതുകൊണ്ട് ഓഡിഷന്റെ ഫലം അറിയിക്കും മുൻപ് നാടകത്തിൽ പങ്കെടുക്കാനുള്ള കോൺട്രാക്റ്റ് അയക്കുക എന്ന അപൂർവ്വതയാണ് വർഗീസിന്റെ കാര്യത്തിൽ സംഭവിച്ചത്. ആ കോൺട്രാക്റ്റു പ്രകാരം നാടകത്തിൽ പങ്കെടുക്കാൻ വർഗീസ്  റേഡിയോ നിലയത്തിൽ എത്തിയ ദിവസം ആരംഭിച്ചതാണ് വളരെ ഊഷ്മളവും ആഹ്ലാദകരവുമായിരുന്ന ഞങ്ങളുടെ സൗഹൃദബന്ധം. അന്നുതൊട്ട് അദ്ദേഹം നിര്യാതനാകുന്നതിനു ഏതാനും ആഴ്ചകൾക്കു മുൻപ് ആലുവാ പുഴയിൽ ഏതാനും സ്‌നേഹിതന്മാരുമൊത്ത് ചിലവഴിച്ചതിനുശേഷം പുഴയുടെ തീരത്ത് ഉളിയന്നൂരിൽ വർഗീസ് തന്നെ  ഡിസൈൻ ചെയ്തു നിർമിച്ച വീട്ടിൽ ഞങ്ങളൊരുമിച്ച് ആഘോഷിച്ച    ആ സായാഹ്നം വരെ എത്രയെത്ര അവിസ്മരണീയ കൂടിച്ചേരലുകൾ, സൗഹൃദ സമ്മേളനങ്ങൾ.....

            പ്രൊഫഷണൽ രംഗത്തെ മികച്ച പ്രകടനത്തിനു വർഗീസിനെ പ്രാപ്തനാക്കിയത് ഈശ്വരസിദ്ധിയായി ലഭിച്ച അഭിനയ പാടവവും അതിനൊപ്പം അദ്ദേഹത്തിന്റെ അക്ഷീണമായ കഠിനാദ്ധ്വാനവും കറകളഞ്ഞ അർപ്പണബോധവും ആത്മാർത്ഥമായ സഹകരണ മനോഭാവവും കൊണ്ടുകൂടിയാണ്. തൃശൂർ, കൊച്ചി നിലയങ്ങളിൽ അദ്ദേഹം ശബ്ദം കൊടുത്ത നിരവധി നാടകങ്ങളാണ് അദ്ദേഹത്തിന്റെ അത്യുജ്ജ്വല പ്രകടനം കൊണ്ടുമാത്രം ശ്രോതാക്കളുടെ സ്മരണയിൽ ഇന്നും നിറഞ്ഞുനിൽക്കുന്നത്. ശോകപക്ഷി, അഭിസന്ധി, ജീവിതം ഒരു നാടകം, ശേഖരൻകുട്ടി വരാതിരിക്കില്ല, മണ്ണിലേക്കു മടങ്ങുക, ശാന്തസമുദ്രം, അടയാളങ്ങൾ... അങ്ങനെ അനേകം നാടകങ്ങൾ.

            കേരളത്തിലെ ആകാശവാണി നിലയങ്ങൾ മത്സരബുദ്ധിയോടെ വർഷം തോറും അഖില കേരള റേഡിയോ നാടകോത്സവം സംഘടിപ്പിക്കാറുണ്ട്. (കഴിഞ്ഞ രണ്ടു വർഷമായി ഇതിനു മുടക്കമുണ്ടായി) നാടകോത്സവത്തിൽ പ്രക്ഷേപണം ചെയ്യുന്ന നാടകങ്ങളുടെ നിലവാരത്തെ സംബന്ധിച്ച് ആകാശവാണിയുടെ Audience Research wing  ഒരു സർവേ നടത്താറുമുണ്ട്. ഈ സർവേയിൽ ഏറ്റവും നല്ല നടനായി ഏറ്റവും കൂടുതൽ തവണ തിരഞ്ഞെടുക്കപ്പെട്ടത് വർഗീസാണ്. ഏറ്റവും കൂടുതൽ തവണ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെടുന്നതിന് എനിക്കു ഭാഗ്യമുണ്ടായത് ആ നാടകങ്ങളിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച വർഗീസിന്റെ മികച്ച പ്രകടനവും ആത്മാർത്ഥമായ സഹകരണവുംകൊണ്ടാണെന്നത് നന്ദിയോടെ സ്മരിക്കുന്നു. (രചനയിലും, സംവിധാനത്തിലും, പരീക്ഷണങ്ങളിലും റേഡിയോ നാടകത്തിന്റെ പുതിയ മുഖമായ   V. K. ശരത് ചന്ദ്രൻ ആ ബഹുമതി താമസംവിനാ എന്നിൽ നിന്ന് തട്ടിയെടുക്കുമെന്നത് ഉറപ്പ്)  റിക്കാർഡിംങ്ങു എത്ര തവണ ആവർത്തിക്കേണ്ടി വന്നാലും സമയം എത്ര വൈകിയാലും സംവിധായകനു പൂർണ്ണതൃപ്തി വരുംവരെ റിക്കാർഡിംങ് തുടരാൻ അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. റിക്കാർഡിങ്ങു കഴിഞ്ഞുപോയതിനുശേഷം പ്രൊഡക്ഷന്റെ പുരോഗതിയേയും അദ്ദേഹത്തിന്റെ പ്രകടനത്തേയും കുറിച്ച് ഫോണിലൂടെ അന്വേഷിക്കുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. അദ്ദേഹം പങ്കെടുത്ത നാടകങ്ങളുടെ ഒടുവിലുള്ള അനൗൺസ്‌മെന്റ് പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുമ്പോൾ നാടകത്തിന്റെ നിലവാരത്തെയും അദ്ദേഹത്തിന്റെ പ്രകടനത്തെയും ശ്രോതാക്കളുടെ അഭിപ്രായത്തെയും കുറിച്ച് അദ്ദേഹം ആകാംഷയോടെ ഫോൺ ചെയ്ത് അറിയുക പതിവായിരുന്നു. അപരിചിതരിൽ നിന്നു പോലുമുള്ള അഭിനന്ദനം അദ്ദേഹത്തെ ആഹ്ലാദിപ്പിച്ചിരുന്നു. P .F . മാത്യൂസിന്റെ മണ്ണിലേക്കു മടങ്ങുക എന്ന നാടകം പ്രക്ഷേപണം ചെയ്തതിന്റെ അടുത്ത ദിവസം വർഗീസ് ഉളിയന്നൂരിൽ പണിയിച്ചുകൊണ്ടിരുന്ന വീട്ടിലേക്ക് ആറ്റിറമ്പിലൂടെ നടക്കുമ്പോൾ അശരീരി പോലെ ഒരു വാചകം കാതിൽ പതിച്ചു. പ്രസാദ് കലക്കി. വർഗീസ് അവതരിപ്പിച്ച കഥാപാത്രമാണ് പ്രസാദ്. അമ്പരപ്പോടെ വർഗീസ് ചുറ്റും നോക്കി. ആരെയും കാണാനില്ല. പുഴയുടെ നടുവിൽ ഒരു വഞ്ചി ചേറിൽ താഴ്ത്തിയ കഴുക്കോലിൽ കെട്ടിയിട്ടുണ്ട്. നടത്തം തുടർന്നപ്പോൾ വീണ്ടും അശരീരി: ആ നാടകം ഇനി എന്നാ  പ്രക്ഷേപണം ചെയ്യുക? ഇത്തവണ ശബ്ദത്തിന്റെ ഉറവിടം വർഗീസിന്റെ കണ്ണുകൾ പിടിച്ചെടുത്തു. പുഴയുടെ ആഴത്തിൽ നിന്നു വാരിയെടുത്ത ഒരു കൊട്ട മണൽ വഞ്ചിയിലേക്ക് ചൊരിയുന്ന തൊഴിലാളിയുടെയാണ്  ചോദ്യം. അദൃശ്യരും അപരിചിതരുമായ എത്രയെത്ര പേരാണ് നമ്മുടെ നാടകങ്ങൾ കേൾക്കുന്നതെന്ന് ആശ്ചര്യപ്പെട്ട വർഗീസിന്റെ ശബ്ദത്തിൽ ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കുട്ടികളുടെ നിർവൃതി. 2001-ൽ അഖില കേരള റേഡിയോ നാടകോത്സവത്തിൽ കൊച്ചി നിലയം പ്രക്ഷേപണം ചെയ്ത അടയാളങ്ങൾ എന്ന നാടകത്തിൽ ഒരു വൃദ്ധനെ അവിസ്മരണീയമാം വിധം അവതരിപ്പിച്ച വർഗീസ് ഒരിക്കൽ കൂടി ഏറ്റവും നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ആ വിവരം അറിയും മുൻപേ അദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞു. ആ നാടകത്തിന്റെ റിഹേഴ്‌സൽ നടക്കുമ്പോൾ വർഗീസിന്റെ സഹോദരൻ അന്തരിച്ചു.  നാടകം പ്രക്ഷേപണം ചെയ്ത് ഏതാനും ആഴ്ചകൾ കഴിയുംമുൻപ് വർഗീസും മരണത്തിനു കീഴടങ്ങി. മണ്ണിനോടു മല്ലടിച്ചും വന്യമൃഗങ്ങളോടു പൊരുതിയും ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച വൃദ്ധന്റെ ഭാഗമാണ് വർഗീസ് അഭിനയിച്ചത്. ഭൂമിയെയും പ്രകൃതിയെയും ചൂഷണം ചെയ്ത് സമ്പത്ത് വാരിക്കൂട്ടുന്ന മകന്റെ ധാർഷ്ട്യവും നീതിക്കു നിരക്കാത്ത പ്രവൃത്തികളും വാർദ്ധക്യത്തിന്റെ അവശതകളും അപ്രതീക്ഷിതമായി വന്നുപെട്ട അന്ധതയും  വൃദ്ധനെ തളർത്തി. ഏക ആശ്വാസം കൊച്ചുമകളാണ.് അവൾക്കൊരു സ്‌നേഹബന്ധമുണ്ട്. മകൻ അവൾക്ക് വേറൊരു വിവാഹം നിശ്ചയിച്ചു. കൊച്ചുമകളെ സഹായിക്കണമെന്നുണ്ടെങ്കിലും മകന്റെ മർക്കട മുഷ്ടിക്കു കീഴടങ്ങാൻ വൃദ്ധൻ നിർബന്ധിതനാകുന്നു. വിവാഹത്തിന്റെ തലേ രാത്രിയിൽ കൊച്ചു മകൾ വൃദ്ധനോടു പറഞ്ഞു: നാളെ മുതൽ മരുന്നെടുത്തു തരാൻ ഞാനുണ്ടായില്ലെങ്കിലും മരുന്നു കഴിക്കുന്നതിൽ മുടക്കമൊന്നും വരുത്തരുത്. മരുന്നുകളൊക്കെ മേശപ്പുറത്ത് വെവ്വേറെ ടിന്നുകളിൽ സൂക്ഷിച്ചിട്ടുണ്ട്. വല്ല്യപ്പച്ചൻ കട്ടിലിൽ നിന്ന് ഒന്നെണീറ്റെ. ഇനി വലത്തോട്ട് രണ്ടു ചുവടുവച്ചിട്ട് മേശപ്പുറത്തു തപ്പി നോക്കിയാൽ കിട്ടുന്ന ടിന്നിലെ മരുന്നു രാവിലെ കഴിക്കണം. നാലു ചുവടു വച്ചാൽ കിട്ടുന്ന ടിന്നിലെ മരുന്നാണ് ഉച്ചയ്ക്കു കഴിക്കേണ്ടത്. രണ്ടു ചുവട് ഇടത്തോട്ട് നടന്നാൽ രാത്രിയിൽ കഴിക്കേണ്ട മരുന്നു കിട്ടും. ഗദ്ഗദമടക്കി വൃദ്ധൻ ചോദിച്ചു: മോളേ നാളെ മുതൽ നിന്നോടൊന്നു മിണ്ടണമെങ്കിൽ ഞാനെത്ര ചുവട് എങ്ങോട്ടുവയ്ക്കണം. നിരന്തരം ചൂഷണം ചെയ്യപ്പെട്ട പ്രകൃതി പക തീർത്തു. കല്ല്യാണ ദിവസം പുലരും മുൻപ് ഉരുൾ പൊട്ടലിൽ വൃദ്ധന്റെ മക്കളും കൊച്ചു മകളും മണ്ണിനടിയിലായി.

            പ്രിയപ്പെട്ട വർഗീസ്, പണ്ടത്തേതുപോലെ ഒത്തുകൂടാനും കഥകൾ പറഞ്ഞും തമാശകൾ പൊട്ടിച്ചും അനുഭവങ്ങൾ പങ്കിട്ടും ഓർമ്മയിൽ എന്നും പച്ചപിടിച്ചു നില്ക്കും വിധം ഇത്തിരി നേരം ഉല്ലാസവും ആഹ്ലാദവും  പങ്കിടാനും ആഘോഷിക്കാനും  ഞാൻ എത്ര ചുവട് എങ്ങോട്ടു വയ്ക്കണം.

N .K . സെബാസ്റ്റ്യൻ

Foto
Foto

Comments

leave a reply

Related News