Foto

കോംഗോയിലെ പര്‍വ്വത മണ്ണില്‍ സ്വര്‍ണം വേണ്ടത്ര; ജനങ്ങളെ അടുപ്പിക്കാതെ സര്‍ക്കാര്‍

ഭാഗ്യാന്വേഷികളായ  നാട്ടുകാരുടെ തിക്കും തിരക്കും അനിയന്ത്രിതം,
ഭൂമി കുഴിക്കുന്നതിനും മണ്ണു നീക്കുന്നതിനും കര്‍ശന വിലക്ക്


ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ പര്‍വ്വത മുകളിലെ മണ്ണില്‍ വന്‍തോതിലുള്ള സ്വര്‍ണ സാന്നിധ്യമെന്നു റിപ്പോര്‍ട്ട്. ഭാഗ്യാന്വേഷികളായ  നാട്ടുകാരുടെ തിക്കും തിരക്കും അനിയന്ത്രിതമായതോടെ  സര്‍ക്കാര്‍ ഇവിടെ ഭൂമി കുഴിക്കുന്നതും മണ്ണെടുക്കുന്നതും കര്‍ശനമായി വിലക്കി.

ദി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയിലുള്ള ലൂഹിഹി പര്‍വ്വതത്തിലെ മണ്ണിലാണ് വലിയ രീതിയില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. വിവിധ ധാതുക്കളുടെയും വജ്രത്തിന്റെയും വലിയ രീതിയിലുള്ള നിക്ഷേപം കണ്ടെത്തിയിട്ടുള്ള രാജ്യമാണ് കോംഗോ.ആധുനിക യന്ത്രസഹായമില്ലാതെ സാധാരണ ഉപകരണങ്ങളുപയോഗിച്ചുള്ള ഖനനം കോംഗോയില്‍ സര്‍വ്വ സാധാരണമാണ്.

ലൂഹിഹി പര്‍വ്വതത്തിലെ മണ്ണ് കോരിയെടുത്ത് കഴുകുമ്പോള്‍ വലിയ അളവില്‍ സ്വര്‍ണം കിട്ടിയിരുന്നതായാണു വിവരമെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത  പെട്ടെന്നു പ്രചരിച്ചു. തുടര്‍ന്ന് മണ്‍വെട്ടിയും, പിക്കാസും മറ്റുമുപയോഗിച്ചും വെറും കൈ കൊണ്ടും  ഖനനം ചെയ്യാന്‍ ആയിരക്കണക്കിനു പേരെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കുഴിച്ച് സ്വര്‍ണ അയിരു പുറത്തെടുക്കുന്നതു വീഡിയോയിലുണ്ട്.

'റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ നിന്നുള്ള ഒരു വീഡിയോ ഈ രാജ്യത്തെ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശ്ചര്യമായിട്ടുണ്ട്. സ്വര്‍ണ്ണം നിറഞ്ഞ ഒരു പര്‍വ്വതമാണേ്രത കണ്ടെത്തിയത്! സ്വര്‍ണ്ണ നിക്ഷേപമുള്ള മണ്ണ് കുഴിച്ചെടുത്ത് വീടുകളിലേക്ക് കൊണ്ടുപോകുന്നു പലരും. അഴുക്ക് കഴുകി മാറ്റി സ്വര്‍ണം പുറത്തെടുക്കുകയാണു ലക്ഷ്യം ' -ഫ്രീലാന്‍സ് ജേണലിസ്റ്റ് അഹ്മദ് അല്‍ഗോഹാരി ട്വിറ്ററില്‍ കുറിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഇവിടെ ഒരു രീതിയിലുമുള്ള ഖനനം നടത്തരുതെന്നാണ് സൗത്ത് കിവുവിലെ ഖനി മന്ത്രി വേനന്റ് ബുറുമി മുഹിഗിര്‍വയുടെ അറിയിപ്പ്. കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖനിത്തൊഴിലാളികള്‍, വ്യാപാരികള്‍, സായുധ സേനയിലെ അംഗങ്ങള്‍ എന്നിവരോട് ഖനി സൈറ്റുകള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതായും മുഹിഗിര്‍വ പറഞ്ഞു.

ഖനന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് കരകൗശല ഖനിത്തൊഴിലാളികളെ ഖനന റെഗുലേറ്റര്‍മാരുമായി ശരിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ അധികാരികളെ അനുവദിക്കുമെന്ന് മുഹിഗിര്‍വ അറിയിച്ചു. 2019 ല്‍ നോര്‍ത്ത് കിവു, സൗത്ത് കിവു, ഇറ്റൂരി പ്രവിശ്യകളില്‍ 60 കിലോഗ്രാമില്‍ കൂടുതല്‍ മഞ്ഞലോഹം കൈകൊണ്ടു കുഴിച്ചെടുത്തതായി ഔദ്യോഗിക യു എന്‍ വിദഗ്ധരുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പക്ഷേ, 70 കിലോ ഗ്രാമില്‍ കൂടുതല്‍ കയറ്റുമതി ചെയ്തു. അനൗദ്യോഗിക ഖനനം ധാരാളമാണെന്നു വ്യക്തമാക്കുന്ന കണക്കാണിത്.

 

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News