ബാബു കദളിക്കാട്
നടപടി ഉണ്ടായില്ലെങ്കില്‍ രാജ്യവ്യാപകമായി 40 ലക്ഷം
ട്രാക്ടര്‍ അണിനിരത്തി ഒക്ടോബറില്‍ ദേശീയ റാലി
പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ സമയം നല്‍കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. നടപടി ഉണ്ടായില്ലെങ്കില്‍ രാജ്യവ്യാപകമായി 40 ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തി ട്രാക്ടര്‍ റാലി സംഘടിപ്പിക്കുമെന്നും ടിക്കായത്ത് പറഞ്ഞു.
ഒരുപക്ഷേ, നവംബര്‍ വരെ സമര രംഗത്തു താമസിക്കാന്‍ തയ്യാറെടുപ്പ് ആരംഭിക്കണമെന്ന് പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരോട് ടിക്കായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയുടെ വിവിധ അതിര്‍ത്തി സ്ഥലങ്ങളില്‍ സര്‍ക്കാര്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കര്‍ഷകര്‍ക്കെതിരെ യുദ്ധ സമാന സന്നാഹമാണൊരുക്കിയിട്ടുള്ളതെന്ന ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തെ കര്‍ഷക പ്രതിഷേധമെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയന്നു.കഴിഞ്ഞ മൂന്ന് മാസമായി കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. നിയമങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം കര്‍ഷകര്‍ നിരസിച്ചു. റിപ്പബ്‌ളിക് ദിനത്തില്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുടെ ഭാഗമായി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടന്നതിനെ തുടര്‍ന്ന് പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അക്രമം കുറേ സമയത്തേക്ക് അനിയന്ത്രിതമായിരുന്നു.
ഡസന്‍ കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു, ഒരു പ്രതിഷേധക്കാരന്‍ മരിച്ചു. കര്‍ഷക സംഘങ്ങളും യൂണിയന്‍ നേതാക്കളും അക്രമത്തെ അപലപിച്ചുവെങ്കിലും പ്രതിഷേധം പിന്‍വലിച്ചില്ല. പ്രതിഷേധ സ്ഥലങ്ങളായ സിങ്കു, ഖാസിപൂര്‍, തിക്രി എന്നിവിടങ്ങളിലെ സ്ഥിതി ക്രമാതീതമായി വഷളായി. ഡല്‍ഹിയിലും അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലും ഡ്രോണുകളുടെ സഹായത്തോടെ പോലീസിനെ വിന്യസിക്കുകയും പ്രതിഷേധത്തിലുള്ള കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ വിഫല ശ്രമം നടത്തുകയും ചെയ്തു വരുന്നു.
കിസാന്‍ സോഷ്യല്‍ ആര്‍മി അംഗം അനൂപ് ചനൗട്ട് ബിബിസി ഹിന്ദിയോട് പറഞ്ഞു: ഞങ്ങളുമായി ഒരു ഫോണ്‍ കോള്‍ മാത്രമാണ് അകലമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെന്നതുപോലെയാണ് അവര്‍ ബാരിക്കേഡ്് സ്്ഥാപിക്കുന്നത്. ഞങ്ങള്‍ സമാധാനപരമായി ഇരിക്കുകയാണ്. തല്‍ക്കാലം ഇരിപ്പിടത്തില്‍ തന്നെ തുടരും. പക്ഷേ പാര്‍ലമെന്റിനെ വളയാന്‍ മുന്നോട്ട് പോകുന്ന പക്ഷം ഈ ബാരിക്കേഡുകള്‍ ഞങ്ങളെ തടയാന്‍ പര്യാപ്തമാകില്ല.
Comments