ഇന്ധന വിലയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം
സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
ജിഎസ്ടിയുടെ പരിധിയില്‍ ഇന്ധന വിലയെ കൊണ്ടുവരുമെന്നും അതോടെ ഇത്തിരിയെങ്കിലും വിലക്കുറവുണ്ടാകുമെന്നുമുള്ള ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്ത്. ഇങ്ങനെ ഒരു നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില കുറയേണ്ടത് ആവശ്യമാണെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നെങ്കിലും അതിനായി ചെറുവിരല്‍ അനക്കുന്നതിന്റെ പോലും സൂചനകള്‍ ഇപ്പോഴുമില്ലെന്ന് പുതിയ പ്രസ്താവനയോടെ വ്യക്തമായി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ താല്‍ക്കാലികമായി വില വര്‍ദ്ധനവ് മരവിപ്പിച്ചാലും അതിനു ശേഷം ഒട്ടും മയമില്ലാതെ പുനരാരംഭിക്കുമെന്ന് സാമ്പത്തിക രംഗത്തെ നിരീക്ഷകര്‍ പറയുന്നു.
2017 ജൂലൈ ഒന്നിനാണ് ജിഎസ്ടി നിലവില്‍ വന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി ചുമത്താതെ രാജ്യത്ത് ഒരൊറ്റ നികുതി എന്ന കാഴ്ചപ്പാടിലാണ് ജിഎസ്ടി കൊണ്ടുവന്നത്. ഏതൊക്കെ വസ്തുക്കള്‍ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഒടുവില്‍ ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം തുടങ്ങി അഞ്ചെണ്ണം ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമൂലം സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം മുന്നില്‍ കണ്ടായിരുന്നു ഈ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങളുടെ വാറ്റും പെട്രോളിനും ഡീസലിനും മറ്റും തുടരാനായിരുന്നു തീരുമാനം.
പെട്രോളും ഡീസലും പ്രകൃതിവാതകവുമെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം എന്ന നിര്‍ദേശം സര്‍ക്കാരിന്റെ മുന്നിലില്ല എന്ന് മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വില വര്‍ധനവ് വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സീതാരാമന്‍. പെട്രോളിനും ഡീസലിനും ജിഎസ്ടി ചുമത്തണമെങ്കില്‍ ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശ വേണം. കൗണ്‍സിലില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്യണം. എന്നിട്ടാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. എന്നാല്‍ നിലവില്‍ അത്തരം ശുപാര്‍ശകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി രേഖാമൂലം ലോക്‌സഭയെ അറിയിച്ചു.
അതേസമയം, കുതിച്ചുയരുന്ന ഇന്ധന വിലയെ വരുതിയില്‍ നിര്‍ത്താന്‍ പലരും നിര്‍ദേശിച്ചത് ഊര്‍ജ മേഖല ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണം എന്നായിരുന്നു. ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം, പ്രകൃതി വാതകം എന്നിവയൊന്നും ജിഎസ്ടിയുടെ പരിധിയില്‍ ഇല്ല. ഇവ ജിഎസ്ടി പരിധിയില്‍ വന്നാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം ചുമത്തുന്ന നികുതി ഒഴിവാക്കാമെന്നും അതുവഴി വില കുറയ്ക്കാമെന്നുമായിരുന്നു ചര്‍ച്ചകളില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്.
ആഗോള വിപണയില്‍ എണ്ണവില 20 ഡോളറിലെത്തിയ വേളയില്‍ സര്‍ക്കാര്‍ നികുതി ഉയര്‍ത്തുകയാണ് ചെയ്തത്. അതുമൂലം വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിച്ചില്ല. ഇപ്പോള്‍ കൊറോണ ഭീതി അകലുകയും വിപണികള്‍ സജീവമാകുകയും ചെയ്തതോടെ എണ്ണവില ഉയരാന്‍ തുടങ്ങി. ഈ വേളയില്‍ നികുതി കുറയ്ക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ പെട്രോളിനും ഡീസലിനും പ്രകൃതി വാതകത്തിനുമെല്ലാം വില കുത്തനെ കൂടി. അടുത്തിടെ പെട്രോളിന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ലിറ്ററിന് 100 രൂപ കടന്നത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് ഇന്ധനവില ജിഎസ്ടി പരിധിയില്‍ വരണം എന്ന ആവശ്യം കൂടുതല്‍ സജീവമായത്.
ഒപെക് രാജ്യങ്ങള്‍ എണ്ണയുല്‍പ്പാദനം കൂട്ടേണ്ടതില്ലെന്നു തീരുമാനിച്ചതോടെ ഇന്ത്യയടക്കമുള്ള ഉപയോക്തൃ രാജ്യങ്ങളില്‍ വൈകാതെ എണ്ണവില ഉയരുമെന്നു വിദഗ്ധര്‍ പറയുന്നുണ്ട്. തുടര്‍ച്ചയായി വില കൂട്ടിയില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന നിലപാടുമായി എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും സൂചനയുണ്ട്. ആവശ്യം കമ്പനികള്‍ ശക്തമാക്കിയതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
അടുത്തിടെ പാചകവാതക വിലയിലുണ്ടായ കുതിച്ചുകയറ്റം ഇതിനകം സാധാരണക്കാരന്റെ ബജറ്റ് തെറ്റിച്ചു കഴിഞ്ഞു. വിലക്കയറ്റം തുടര്‍ന്നാല്‍ പണപ്പെരുപ്പം ഉയരുന്നതിനും ഇതുവഴി വളര്‍ച്ചാ വേഗം കൈവിടാനും ഇടയാകും.എണ്ണയുല്‍പ്പാദനം നിലവിലെ സ്ഥിതിയില്‍ തുടരാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാണെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. എണ്ണവില നിശ്ചയിക്കാന്‍ രാജ്യാന്തര വിലയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവില്‍ രാജ്യത്ത് ഇന്ധനവില റെക്കോഡ് നിലവാരത്തിലാണ്.
ആഭ്യന്തര പാചക വാതക വില കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 2 മടങ്ങു വര്‍ദ്ധിച്ച് 819 രൂപയായെന്നും പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി വര്‍ദ്ധനവ് 459 ശതമാനത്തിലധികമായെന്നും ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയെ അറിയിച്ചു.2014 മാര്‍ച്ച് ഒന്നിന് പാചക വാതക ചില്ലറ വില്‍പ്പന വില 14.2 കിലോഗ്രാം സിലിണ്ടറിന് 410.5 രൂപയായിരുന്നു. ഈ മാസം ഇതേ സിലിണ്ടറിന് 819 ഡോളര്‍ വില വരും. സബ്സിഡി ഒഴിവാക്കിയിട്ടുമുണ്ട്.
നിലവില്‍ വില വര്‍ധനവ് തടയാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ പ്രതിരോധത്തിലാക്കുന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളും രംഗത്തെത്തി. തീരുവകള്‍ കുറയ്ക്കാന്‍ തയ്യാറാണെങ്കിലും ഇങ്ങനെ ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണം എന്നാണ് ആവശ്യം. കേരളത്തിന് പുറമേ ബിജെപി ഭരിക്കുന്ന കര്‍ണ്ണാടകയും, മധ്യപ്രദേശും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.ഇന്ധന വിലയിലെ കുതിപ്പ് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്നതായുള്ള ബിജെപിയുടെ തിരിച്ചറിവ് പല സംസ്ഥാനങ്ങളിലും നിന്നു പുറത്തുവരുന്നുണ്ട്.
ഇതിനിടെയും രാജ്യത്ത് ഇന്ധന വില ഗണ്യമായി വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് വ്യക്തമാക്കുന്നു എണ്ണക്കമ്പനികള്‍. എണ്ണവില 3 രൂപ മുതല്‍ 5 രൂപ വരെ എങ്കിലും ലിറ്ററിന് അടുത്ത 15 ദിവസം കൊണ്ട് വര്‍ധിപ്പിക്കാനാണ് എണ്ണ കമ്പനികളുടെ നിര്‍ദ്ദേശം.തെരഞ്ഞെടുപ്പ് കാലം കഴിയും വരെ ഇന്ധന വില വലിയ തോതില്‍ വര്‍ധിപ്പിയ്ക്കരുതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്. പക്ഷേ, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ച് ഉയരുന്നതിനാല്‍ അധിക ദിവസം ഈ നിബന്ധന തുടരാന്‍ സാധിക്കില്ലെന്ന് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു. സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതര്‍ ഈയിടെ ആക്രമണം നടത്തിയിരുന്നു. 21 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് ഇതോടെ അസംസ്‌കൃത എണ്ണവിലയെത്തി.
ബാബു കദളിക്കാട്
Comments