സ്വതസിദ്ധമായ വാസനകളെ കണ്ടെത്തി അഭിരുചിക്കനുസരിച്ചുള്ള വിദ്യാഭ്യാസ മേഖലകള്‍ തെരഞ്ഞെടുക്കുവാന്‍ പുതുതലമുറയ്ക്ക്
കഴിയണം - മന്ത്രി വി.എന്‍ വാസവന്‍
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിച്ചു
കോട്ടയം: സ്വതസിദ്ധമായ വാസനകളെ കണ്ടെത്തി അഭിരുചിക്കനുസരിച്ചുള്ള വിദ്യാഭ്യാസ മേഖലകള്‍ തെരഞ്ഞെടുക്കുവാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിക്കുന്നതിനായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആദരിക്കല്‍ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉള്‍പ്പെടെയുള്ള സമകാലിന സമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധമുള്ളവരായി പുതുതലമുറ മാറണമെന്നും വായനയെന്ന ലഹരിയെ അനുദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വിജയങ്ങള്‍ മുന്നോട്ടുള്ള വഴിത്താരയില്‍ കുട്ടികള്‍ക്ക് എന്നും ശക്തതമായ പ്രചോദനമായി നിലകൊള്ളണമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജീവിത വിജയം നേടിയെടുക്കുവാന്‍ ആത്മാര്‍ത്ഥമായ പരിശ്രമത്തോടൊപ്പം ലഭ്യമാകുന്ന സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുവാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് കൈപ്പുഴ മേഖല കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ്, കടുത്തുരുത്തി മേഖല കോര്‍ഡിനേറ്റര്‍ ലൈല ഫിലിപ്പ്, ഉഴവൂര്‍ മേഖല ഗ്രാമതല സന്നദ്ധ പ്രവര്‍ത്തക റാണി ടോമി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളിലെ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് വിജയം കരസ്ഥമാക്കിയവരെയാണ് ആദരിച്ചത്.
ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ട് ഡയറക്ടര്‍
ഫോണ്‍: 9495538063
ഫോട്ടോ അടിക്കുറിപ്പ്: (ഫോട്ടോ 1) കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിക്കുന്നതിനായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവനോടും കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളോടൊപ്പം ഫോട്ടോയ്ക്ക് അണിനിരന്നപ്പോള്‍.
ഫോട്ടോ അടിക്കുറിപ്പ്: (ഫോട്ടോ 2) കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിക്കുന്നതിനായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആദരിക്കല്‍ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ബെന്‍സി മരിയ തങ്കച്ചന്‍, ഫാ. സുനില്‍ പെരുമാനൂര്‍, മാര്‍ മാത്യു മൂലക്കാട്ട്, ലൈല ഫിലിപ്പ്, ബെസ്സി ജോസ്, റാണി ടോമി, എസക്കിയേല്‍ സജി എന്നിവര്‍ സമീപം.

Comments