Foto

കുടുംബത്തെയും സമൂഹത്തെയും ദൈവരാജ്യ അനുഭവത്തിലേക്ക് വളർത്തിയെടുക്കുവാൻ വനിതകൾക്കു കഴിയണം: മാർ മാത്യു മൂലക്കാട്ട്

കോട്ടയം: കുടുംബത്തെയും സമൂഹത്തെയും ദൈവരാജ്യ അനുഭവത്തിലേക്കു കൂടുതൽ വളർത്തിയെടുക്കാൻ വനിതകൾക്കു കഴിയണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ അൽമായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ധ്യാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക സമൂഹത്തിലെ കുടുംബങ്ങളിലെ വെല്ലുവിളികളെ തിരിച്ചറിയുവാനും അതിജീവിക്കുവാനും അമ്മമാർക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ശതോത്തര രജത ജൂബിലി ആഘോഷിക്കുന്ന കല്ലറ സെന്റ് തോമസ് പള്ളിയിൽ കൈപ്പുഴ ഫൊറോനയുടെ ആതിഥേയത്വത്തിലാണ് ധ്യാനം സംഘടിപ്പിച്ചത്. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് ധ്യാനത്തിനു തുടക്കമായത്. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി  ചൊള്ളമ്പേൽ ആമുഖസന്ദേശം നല്കി. കോട്ടയം സെന്റ് ആന്റണീസ് തീർത്ഥാടനകേന്ദ്രം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ വചനചിന്തകൾ പങ്കുവച്ചു. ഉച്ചകഴിഞ്ഞ് ദിവ്യകാരുണ്യ ആരാധനയും പ്രദക്ഷിണവും നടത്തപ്പെട്ടു. പാസ്റ്ററൽ കോർഡിനേറ്റർ ഫാ. മാത്യു മണക്കാട്ട്, ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേൽ, കല്ലറ സെന്റ് തോമസ് പള്ളി വികാരി ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിൽജി സജി, ഫൊറോന പ്രസിഡന്റ് മിനി ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ യൂണിറ്റുചാപ്ലെയിൻമാർ, അതിരൂപതാ ഫൊറോന ഭാരവാഹികൾ എന്നിവർ  പരിപാടികൾക്കു  നേതൃത്വം നൽകി.   വിവിധ ഫൊറോനകളിൽ നിന്നായി ആയിരത്തോളം പേർ ധ്യാനത്തിൽ പങ്കെടുത്തു.

 

Comments

leave a reply

Related News