കെ.എം. റോയ് കേരള സമൂഹത്തിന് പ്രചോദനമായിരുന്ന മാധ്യമ പ്രവർത്തകൻ: കെസിബിസി
കൊച്ചി: മാധ്യമപ്രവർത്തകനും, ചിന്തകനും, സാംസ്‌കാരികനായകനും, ഗ്രന്ഥകർത്താവുമായിരുന്ന ശ്രീ കെ.എം. റോയിയുടെ നിര്യാണത്തിൽ കെസിബിസി അനുശോചനം അറിയിച്ചു . അഞ്ചു നൂറ്റാണ്ടുകളോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ മാധ്യമരംഗത്തെ സുദീർഘമായ ശുശ്രൂഷ കേരള സമൂഹത്തിന് പ്രചോദനമായിരുന്നു. മംഗളം പത്രം, മംഗളം വാരിക, ഇംഗ്ലീഷ് പത്രങ്ങളായ ദി ഹിന്ദു, ഇക്കണോമിക് ടൈംസ് തുടങ്ങിയവയുടെ എഡിറ്ററായും പത്രാധിപസമിതി അംഗമായും റിപ്പോർട്ടറായും പ്രവർത്തിച്ച അദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലും തന്റെ പ്രാഗത്ഭ്യം ഒരുപോലെ തെളിയിച്ചിട്ടുണ്ട്. രണ്ടായിരാമാണ്ടിൽ മാധ്യമ അവാർഡു നല്കി കെസിബിസി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. സമൂഹത്തിലെ ഇരുളും വെളിച്ചവും നിറഞ്ഞ പാതകൾ ധീരമായ രീതിയിൽ ചൂണ്ടിക്കാണിക്കുക എന്നത് കെ.എം. റോയിയുടെ ശൈലിയായിരുന്നു. നീതിക്കായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന അദ്ദേഹം സമൂഹത്തിലെ അശരണരും പീഡിതരുമായവരുടെ പക്ഷം ചേർന്ന്‌നിന്നുകൊണ്ടായിരുന്നു തന്റെ മാധ്യമരംഗത്തെ ശുശ്രൂഷ നടത്തിക്കൊണ്ടിരുന്നത്. തന്റെ ചിന്തോദീപകമായ രചനകളിലൂടെ കെ.എം. റോയി എന്നും അനുസ്മരിക്കപ്പെടും. അദ്ദേഹത്തിന് സർവശക്തനും കാരുണ്യവാനുമായ ദൈവം നിത്യശാന്തി നല്കട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
പിഒസി
Comments