Foto

ഫ്രാൻസിസ് നൊറോണയുടെ ഊര് : കഥാവലോകനം

ഫ്രാൻസിസ് നൊറോണയുടെ ഊര് എന്ന കഥ ഈ ലക്കം മാതൃഭൂമിയിലുണ്ട്.

കഥ വായിച്ചപ്പോൾ എനിക്കു തോന്നിയ ചില കാര്യങ്ങൾ കുറിക്കട്ടെ.

ജന്തുജീവിതം പല മട്ടിൽ മലയാള കഥയിൽ ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്. ആഖ്യാന കേന്ദ്രത്തിൽ മനുഷ്യൻ നിൽക്കുകയും ജന്തുസ്വഭാവത്തെ വർണ്ണിക്കുകയുമാണ് ഒരു രീതി. മനുഷ്യൻ്റെ നന്ദിയില്ലായ്മയെ മൃഗപക്ഷം ചേർന്ന് വെള്ളപ്പൊക്കത്തിലും (എന്നാൽ ആഖ്യാന കേന്ദ്രം മനുഷ്യൻ / പുരുഷൻ തന്നെ) മനുഷ്യൻ്റെ മൃഗ സ്നേഹവും (ശബ്ദിക്കുന്ന കലപ്പ ) പിന്നെ മാണിക്യനും (ലളിതാംബിക അന്തർജനം) ശേഖൂട്ടിയും (ടി.പത്മനാഭൻ) വരെ... വിഷയമാക്കിയിട്ടുണ്ട്.

പ്രപഞ്ചമാകെ ചേർന്നിണങ്ങിയ കണ്ണിയുടെ ഭാഗമായി സർവ്വ ചരാചരങ്ങളെയും കാണുന്ന ബഷീറിയൻ ബോധം മറ്റൊരു വഴി.

മനുഷ്യജീവിതത്തെ ജന്തുപക്ഷത്തുനിന്ന് നോക്കുന്ന കഥകളുമുണ്ട്. (അതാ നോക്കൂ ഒരു പല്ലി- പ്രിയ എ.എസ്.) സക്കറിയയടക്കം പല കഥാകൃത്തുക്കളും ജന്തു പക്ഷത്തുനിന്ന് അന്യാപദേശ രീതിയിലടക്കം കഥ പറഞ്ഞിട്ടുണ്ട്.

ഫ്രാൻസിസിൻ്റെ കഥ വായിച്ചപ്പോൾ എത്ര സൂക്ഷ്മമായി ജന്തുജീവിതം ആവിഷ്ക്കരിച്ചിരിക്കുന്നുവെന്ന് തോന്നി. ഉടുമ്പ് ജീവിതം ആവിഷ്ക്കരിക്കുമ്പോൾ അതിന് ചേർന്നൊരു ഭാഷ അദ്ദേഹം രൂപപ്പെടുത്തിയിരിക്കുന്നു. ഉടുമ്പിൻ്റെ സ്വഭാവത്തിലൂടെ ,ഇഷ്ടങ്ങളിലൂടെ, ജീവിതാവസ്ഥയിലൂടെ, ഒടുവിൽ ചോരയൂറ്റപ്പെട്ട്... ചത്തുപോകുന്ന ഉടുമ്പവസ്ഥയിലൂടെ തന്നെയാണ് കഥ പുരോഗമിക്കുന്നത്. ഉടുമ്പ് കാണുന്ന മനുഷ്യ ജീവിതവും ദുരന്താന്മകമാണ്. ഉടുമ്പിൻ്റെ ശരീര ചോദനകളിലേയ്ക്കു പോലും എഴുത്തുകാരൻ്റെ കണ്ണെത്തുന്നു. അതിനിടയിൽ കടന്നു വരുന്ന മൂർഖനും നിരവധി ജലജീവികളും പെണ്ണുടുമ്പുമെല്ലാം കഥയെ ഏതെല്ലാം വിതാനങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നു. ഉടുമ്പിൻ്റെ അപരലോകം ആവിഷ്ക്കരിക്കുമ്പോൾ കഥാകൃത്ത് അതിന് പറ്റിയ പദങ്ങൾ തേടുന്നു. ഒരു വട്ടാനെപ്പോലും (ആളുകൾ ഉപയോഗിക്കാത്ത മീനാണ് വട്ടാൻ ) വെറുതെ വിടുന്നില്ല.

ഉടുമ്പു ജീവിതം കൃഷ്ണമണി മുട്ടിച്ചു കണ്ട് അതിൻ്റെ സ്ഥൂലസൂക്ഷ്മങ്ങളിൽ മനുഷ്യ ജീവിതത്തിൻ്റെ കൂടി നിസ്സഹായതയും ദുരന്താത്മകതയും കാല്പനികമായ വിധി തീർക്കലുകളില്ലാതെ കഥാകൃത്ത് ആഖ്യാനം ചെയ്യുന്നു. മികച്ച കഥ.

പ്രിയ കഥാകാരന്

അഭിനന്ദനങ്ങൾ

✍️ പ്രൊഫ. തോമസ് പനക്കളം  

Comments

leave a reply

Related News