Foto

കല്‍ക്കരി ക്ഷാമം രൂക്ഷം; മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി പ്രതിസന്ധി

കല്‍ക്കരി ക്ഷാമം രൂക്ഷം;
മിക്ക സംസ്ഥാനങ്ങളിലും
 വൈദ്യുതി പ്രതിസന്ധി


മഹാരാഷ്ട്രയിലും പഞ്ചാബിലും താപ വൈദ്യുത പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമായിത്തുടങ്ങി


രാജ്യത്ത് കല്‍ക്കരി ക്ഷാമം അതിരൂക്ഷം. മഹാരാഷ്ട്രയിലെ പതിമൂന്ന് താപ വൈദ്യുത പ്ലാന്റുകളും പഞ്ചാബില്‍ മൂന്ന് താപവൈദ്യുത നിലയങ്ങളും ഇക്കാരണത്താല്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ എല്ലാ സംസ്ഥാനങ്ങളും വൈദ്യുതി പ്രതിസന്ധിയിലേക്കു നീങ്ങുന്നു. ദേശീയ വൈദ്യുത വിതരണ ശൃംഖല അതീവ സമ്മര്‍ദ്ദത്തിലായി.

അടിയന്തര സാഹചര്യത്തെ നേരിടാന്‍ ഹൈഡ്രോപവര്‍ യൂണിറ്റുകളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മഹാരാഷ്ട്ര വൈദ്യുത സ്റ്റേറ്റ് ഇലക്ട്രിസിറ്റ് കമ്മീഷന്‍ വ്യക്തമാക്കി.3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോള്‍ മഹാരാഷ്ട്ര നേരിടുന്നത്.  സംസ്ഥാനത്തെ ജനങ്ങള്‍ രാവിലെ 6 മുതല്‍ 10 വരേയും വൈകുന്നേരം 6 മുതല്‍ പത്ത് വരേയും വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

പഞ്ചാബും സമാന അവസ്ഥയിലാണ്. 5620 മെഗാവാട്ട് ആണ് പഞ്ചാബിലെ താപവൈദ്യുതി നിലയങ്ങളുടെ ആകെ ഉത്പാദനശേഷി. എന്നാല്‍ നിലവില്‍ 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്.കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് മൂന്ന് പ്ലാന്റുകളും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം.  ഏതാനും ദിവസങ്ങള്‍ക്കുളളില്‍ സംസ്ഥാനത്തെ കല്‍ക്കരി സ്റ്റോക്ക് തീരും. പഞ്ചാബിനുള്ള കല്‍ക്കരി വിതരണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദ്യുതി ക്ഷാമം നേരിടാന്‍ ഇപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാണ് പഞ്ചാബ് വൈദ്യുതി വാങ്ങുന്നത്. എന്നാല്‍ സര്‍ക്കാരിന് ഭീമമായ തുകയാണ് ഇതിനായി ചെലവഴിക്കേണ്ടി വരുന്നതെന്ന് പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ പറഞ്ഞു. വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരേ വലിയ പ്രതിഷേധവും  ഉയര്‍ന്നിട്ടുണ്ട്.

ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച ആശങ്ക ഉയര്‍ത്തിയിരുന്നു. രാജ്യതലസ്ഥാനം നേരിടാന്‍ പോകുന്ന വൈദ്യുതി പ്രതിസന്ധി ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു. ഊര്‍ജപ്രതിസന്ധി കേരളത്തെ ബാധിച്ചുകഴിഞ്ഞതായും ഇതിനെ നേരിടാന്‍ സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ ആയിരം മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടംകുളത്ത് നിന്ന് 30 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കല്‍ക്കരി ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് പവര്‍കട്ടിലേക്ക് പോകേണ്ടിവരുമെന്ന് പറയുന്നത്. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങള്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

ബിഹാര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും വൈദ്യുതി പ്രതിസന്ധി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സംസ്ഥാനങ്ങളില്‍ 14 മണിക്കൂര്‍വരെ പവര്‍കട്ട് ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കല്‍ക്കരി ക്ഷാമത്തിന് പിന്നില്‍ നാല് കാരണങ്ങളാണ് ഉള്ളതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയില്‍ ആയതിനാല്‍ വൈദ്യുതി ഉപയോഗം വര്‍ധിച്ചു, കല്‍ക്കരി ഖനികള്‍ ഉള്ള പ്രദേശങ്ങളിലെ കനത്ത മഴ, ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ വില കൂടി, പാട്ടക്കരാറുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലെയും കല്‍ക്കരി കമ്പനികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയാണ് കല്‍ക്കരി ക്ഷാമത്തിന് പിന്നില്‍ എന്നാണ് വിശദീകരണം.

കല്‍ക്കരി ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ  ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രൂക്ഷ വിമര്‍ശനമുന്നയിച്ചു. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിനിടെ കടുത്ത ഓക്സിജന്‍ ക്ഷാമം നേരിട്ടപ്പോഴും അത്തരത്തില്‍ ഒരു പ്രതിസന്ധിയേ ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതെന്ന് സിസോദിയ ചൂണ്ടിക്കാട്ടി. നിലവില്‍ കല്‍ക്കരിയുടെ അവസ്ഥയും അതുതന്നെ. കടുത്ത പ്രതിസന്ധിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ അനാവശ്യമായ ഭീതിയാണ് ചിലര്‍ സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ സിങ് നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും നിലവിലെ പ്രശ്നങ്ങള്‍ ദിവസങ്ങള്‍ക്കകം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി സിസോദിയ രംഗത്തെത്തിയത്. കേന്ദ്ര ഊര്‍ജമന്ത്രി നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് സിസോദിയ ആരോപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നതിനിടെയാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

വൈദ്യുതി ക്ഷാമത്തെപ്പറ്റി പശ്ചാത്തപിക്കുന്നതിനു പകരം പ്രതിരോധിക്കുകയും ഇതിനെതിരേ സജ്ജമാവുകയും വേണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദു പറഞ്ഞു. 30 ദിവസത്തേക്കുള്ള കല്‍ക്കരി മുന്‍കൂറായി സംഭരിക്കാതെ ഗാര്‍ഹിക ഉപഭോക്താക്കളെ പ്രയാസപ്പെടുത്തുന്ന സ്വകാര്യ തെര്‍മല്‍ പ്ലാന്റുകാരെ ശിക്ഷിക്കണം.  സോളാര്‍ പ്ലാന്റുകളിലേക്കും റൂഫ് ടോപ്പ് സോളാര്‍ ഗ്രിഡുകളിലേക്കും മാറേണ്ട സമയമാണിതെന്നും സിദ്ദു പറഞ്ഞു.

ബാബു കദളിക്കാട്

 

Video courtesy: DW TV

Foto

Comments

leave a reply