പ്രതിസന്ധി കടുത്ത
ഇടവേള തീര്‍ന്നു;
വീണ്ടും വലയിറക്കി
ഫിഷിംഗ് ബോട്ടുകള്‍
ട്രോളിങ് നിരോധനം കഴിഞ്ഞ് കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്കു
ഭേദപ്പെട്ട രീതിയില്‍ ചെമ്മീനും പൊടിമീനുകളും ലഭിച്ചതായി റിപ്പോര്‍ട്ട്
അമ്പത്തിരണ്ട് ദിവസത്തെ ട്രോളിങ് നിരോധനം അവസാനിച്ചതിന്റെ പിറ്റേന്നു കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കു ഭേദപ്പെട്ട രീതിയില്‍ മത്സ്യം ലഭിച്ചതായി റിപ്പോര്‍ട്ട്. 3- 7 ദിവസം കടലില്‍ തങ്ങാനുള്ള ഒരുക്കങ്ങളോടെയാണ് ഞായറാഴ്ച രാവിലെ മിക്ക ബോട്ടുകളും പോയിരിക്കുന്നത്. ചുരുക്കം ബോട്ടുകള്‍ മാത്രം തിരികെയെത്തി. കിലോ ഗ്രാമിന് ശരാശരി 450 രൂപ വരുന്ന ചെമ്മീനും വില കുറഞ്ഞ മുള്ളന്‍, കരിച്ചാടി ഉള്‍പ്പെടെയുള്ള പൊടിമീനുമാണു ലഭിച്ചത്.കൂടുതല്‍ മത്സ്യം എത്തിത്തുടങ്ങുന്നതോടെ വില താഴ്‌ന്നേക്കുമെന്ന് വിപണിവൃത്തങ്ങള്‍ പറയുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്താന്‍ വൈകുന്നതിനാല്‍ ബോട്ട് തൊഴിലാളികളില്‍ 70 ശതമാനവും പ്രദേശവാസികളാണ്.ഓരോ ബോട്ടിലും ഏകദേശം 15 - 20 മത്സ്യത്തൊഴിലാളികളാണുള്ളത്.എല്ലാ ഹാര്‍ബറുകളിലും സമിതികള്‍ രൂപീകരിക്കാനും കടലിലേക്ക് പോകുന്ന ഓരോ ബോട്ടിലും അനുയോജ്യമായ ആശയവിനിമയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാക്‌സിന്‍ കുത്തിവയ്പ് എടുത്തവര്‍ക്കോ സാധുവായ കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമേ മത്സ്യബന്ധനത്തിന് പോകാനോ ഹാര്‍ബറില്‍ പ്രവേശിക്കാനോ കഴിയൂ.അനുമതിയില്ലാതെ കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കു ശിക്ഷ ലഭിക്കും.
ലോക്ക് ഡൗണും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളും മൂലം വറുതിയിലായിരുന്ന തൊഴിലാളികള്‍ പ്രതീക്ഷയോടെയാണ് വള്ളവും ബോട്ടുകളും ഇറക്കിയത്.കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ട്രോളിംഗ് നിരോധനം മത്സ്യ തൊഴിലാളികളെ ഗുരുതരമായി ബാധിച്ചു.കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷമുണ്ടായ രണ്ട് ലോക്ക്ഡൗണുകള്‍ മൂലം വന്‍ പ്രതിസന്ധിയിലായ നിരവധി മത്സ്യ തൊഴിലാളി കുടുംബങ്ങള്‍, വീടുകള്‍ പണയപ്പെടുത്തിയാണ് ബോട്ടുകള്‍ നന്നാക്കിയത്.ബാങ്കില്‍ വലിയ വായ്പാ ബാധ്യതകളുണ്ട് അവരില്‍ പലര്‍ക്കും.ഹാര്‍ബറുകളിലെ ചുമട്ടു തൊഴില്‍ ചെയ്യുന്നവരും ഐസ് ഫാക്ടറി തൊഴിലാളികളും ചെറുകിട കച്ചവടക്കാരും പാക്കിംഗ് യൂണിറ്റ് ജീവനക്കാരും വാഹന ഡ്രൈവര്‍മാരും തുടങ്ങിയ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളാണ് ഉപജീവനമാര്‍ഗ്ഗം തേടുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹാര്‍ബറുകളുടെ പ്രവര്‍ത്തനം. കോവിഡ് വ്യാപനത്തിനു പുറമേ ഇന്ധന വില വര്‍ധനവും കയറ്റുമതിയിലെ പ്രതിസന്ധിയും ഫഷറീസ് മേഖലയെ വരിഞ്ഞുമുറുക്കിയ അവസ്ഥയിലാണ്. കേരളത്തില്‍ നിന്നും പിടിക്കുന്ന മല്‍സ്യങ്ങളുടെ 20 ശതമാനത്തിലധികവും ചൈനയിലേക്കായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. ഇന്ത്യയും ചൈനയുമായുള്ള ബന്ധത്തിലെ ഉലച്ചില്‍ മൂലം കയറ്റുമതിയില്‍ പ്രതിസന്ധി മുറുകി.മത്സ്യസമ്പത്ത് മുമ്പു തന്നെ കുറഞ്ഞിരുന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ നിരാശയിലായിരുന്നു.ഇന്ത്യയുടെ മല്‍സ്യ ബന്ധന മേഖലയിലേക്ക് അതിക്രമിച്ചു കയറുന്ന വിദേശ ട്രോളറുകളും വലിയ വെല്ലുവിളിയാണ്.
ബാബു കദളിക്കാട്
Comments