1. പ്രാര്‍ത്ഥനാ ജീവിതത്തില്‍ പുരോഗമിക്കുക
അമ്മ ത്രേസ്യായുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ അടിത്തറ പ്രാര്‍ത്ഥനയ്ക്കു അമ്മ ത്രേസ്യാ കൊടുത്ത വലിയ പ്രാധാന്യമാണ്. നിരവധി വര്‍ഷങ്ങള്‍ അവള്‍ സമരപ്പെട്ടങ്കിലും ആദ്ധ്യാത്മിക ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത സത്യം പ്രാര്‍ത്ഥനയിലുള്ള സ്ഥിരോത്സഹമാണന്നു പഠിപ്പിക്കുന്നു. പ്രാര്‍ത്ഥന ഉപക്ഷിക്കാതിരിക്കാന്‍ നമ്മള്‍ നിശ്ചയദാര്‍ഢ്യമുള്ള തീരുമാനം എടുക്കണം. നാം ഒരിക്കലും പ്രാര്‍ത്ഥന ഉപേക്ഷിക്കരുതെന്ന് വിശുദ്ധ ത്രേസ്യാ നിര്‍ബന്ധിക്കുന്നു. ശ്വാസകോശത്തിനു വായു എത്രമാത്രം ആവശ്യമാണോ അതുപോലെ തന്നെ പ്രാര്‍ത്ഥന ആത്മാവിന്റെ ജീവന്‍ നിലനിര്‍ത്തുന്ന ജീവവായുവാണ് . ആരോഗ്യമുള്ള ശ്വാസകോശത്തിന് ശുദ്ധ വായു ആവശ്യമാണ്; ആരോഗ്യമുള്ള ആത്മാവ് ഉണ്ടാകണമെങ്കില്‍ പ്രാര്‍ത്ഥനയാകുന്ന ഓക്‌സിജന്‍ ആത്മാവിനു അത്യാവശ്യമാണ്.
2. പ്രാര്‍ത്ഥന ദൈവവുമായി സൗഹൃദത്തിലാവലാണ്
നീ സംസാരിക്കാന്‍ ആരംഭിക്കുന്നതിനു മുമ്പ് നീ സംസാരിക്കാന്‍ പോകുന്ന വിഷയത്തെ നിര്‍വചിക്കുക. ഇങ്ങനെ ചെയ്താല്‍ ധാരാളം സംശയങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. കത്തോലിക്കാ ചരിത്രത്തിലെ പ്രാര്‍ത്ഥനയുടെ ഏറ്റവും ക്ലാസിക്കല്‍ നിര്‍വചനം നല്‍കുന്നത് ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യായാണ് : ''എന്നെ സ്‌നേഹിക്കുന്നുവെന്ന് എനിക്കറിയാവുന്നവരുമായി ഒറ്റയ്ക്ക് കൂടുതല്‍ സമയം ചെലവഴിക്കുകയല്ലാതെ മറ്റൊന്നുമല്ല പ്രാര്‍ത്ഥന.'' അതായത് പ്രാര്‍ത്ഥനയെന്നാല്‍ ദൈവവുമായി ചങ്ങാത്തിലാവുക എന്നര്‍ത്ഥം. ദൈവത്തെ സ്വന്തമാക്കാനുള്ള എറ്റവും എളുപ്പമായ മാര്‍ഗ്ഗം അവനുമായി സൗഹൃദത്തിലാവുക എന്നതാണന്നു അമ്മ ത്രേസ്യായുടെ ജീവിതം പഠിപ്പിക്കുന്നു.
3. ക്രിസ്തുവിനോടുള്ള സ്‌നേഹം ജീവിതത്തിന്റെ ഭാഗമാക്കുക.
പ്രാര്‍ത്ഥനയില്‍ വളരുന്നനതിനുള്ള ഒരു സൂചന അമ്മ ത്രേസ്യാ നമുക്കു നല്‍കുന്നു. ക്രിസ്തുവിന്റെ മനുഷ്യത്വത്തെപ്പറ്റി ധ്യാനിച്ചു നിരവധി കൃപകളില്‍ വളരാന്‍ സഭയിലെ ഈ വനിതാ വേദപാരംഗത നമ്മളെ ഉപദേശിക്കുന്നു. മനുഷ്യനായി അവതരിച്ച ദൈവപുത്രനുമായി സമയം ചിലവിടുമ്പോള്‍ അതു പ്രാര്‍ത്ഥനാ ജീവിതത്തിലുള്ള വളര്‍ച്ചയല്ലാതെ മറ്റൊന്നുമല്ല അത്. 'ക്രിസ്തുവിനെപ്പറ്റിയുള്ള അടുത്ത അറിവ് അവനെ കൂടുതല്‍ തീക്ഷ്ണമായി സ്‌നേഹിക്കുവാനും അവനെ കൂടുതല്‍ അടുത്ത് അനുഗമിക്കാനും അവസരം നല്‍കും' എന്ന് വിശുദ്ധ ഇഗ്‌ഷ്യേസ് ലെയോള പഠിപ്പിക്കുന്നു. 'ഈശോയ്ക്ക് ഇപ്പോള്‍ നിങ്ങളുടേതല്ലാതെ ഈ ഭൂമിയില്‍ കരങ്ങളോ കാലുകളോ ഇല്ല. ക്രിസ്തു, അനുകമ്പയോടെ ഈ ലോകത്തെ നോക്കുന്ന കണ്ണുകള്‍ നിങ്ങളുടേതാണ്. നന്മ ചെയ്യാനായി ക്രിസ്തു സഞ്ചരിക്കുന്ന കാലുകള്‍ നിങ്ങളുടേതാണ്. ലോകത്തെ ആശീര്‍വ്വദിക്കാനായി ക്രിസ്തു ഉയര്‍ത്തുന്ന കരങ്ങള്‍ നിങ്ങളുടേതാണ്.'' എന്ന അമ്മ ത്രേസ്യായുടെ വാക്കുകള്‍ ജീവിതത്തിനു തെളിമ നല്‍കുന്നു.
4. ക്രിസ്തുവിനെ അവന്റെ സഹനങ്ങളില്‍ സ്‌നേഹിക്കുക.
ക്രിസ്തുവിന്റെ സഹനങ്ങളെ സ്‌നേഹിക്കുക അവയോടൊപ്പം സഹിക്കുക എന്നത് എല്ലാ വിശുദ്ധരുടെയും ജീവിതത്തിലെ ഒരു പൊതു ഘടകമായി മനസ്സിലാക്കാം. മനുഷ്യരോടുള്ള ക്രിസ്തുവിന്റെ സ്‌നേഹം മനസ്സിലാക്കണമെങ്കില്‍ അവന്റെ പീഡാനുഭവത്തെപ്പറ്റിയുള്ള ധ്യാനം നമ്മുടെ ജീവിതത്തില്‍ ഒരു ശീലമാക്കണം. വിശുദ്ധ പാദ്രേ പിയോ, സിയന്നായിലെ വി. കത്രീന വി. ഫൗസ്റ്റീന എന്നിവര്‍ നിരന്തരം ഈശോയുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചിരുന്നു. അമ്മ ത്രേസ്യ ഒരിക്കല്‍ ക്രിസ്തുവിന്റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചപ്പോള്‍ ക്രിസ്തു എന്ന ആത്മീയ നിര്‍വൃതിയിലേക്ക് അവളെ നയിച്ചു. ക്രിസ്തുവിന്റെ ശിരസ്സില്‍ കിരീടമണിഞ്ഞവനായ കണ്ട ത്രേസ്യാ അവനോടുള്ള സ്‌നേഹം തദവസരത്തില്‍ പരസ്യമായി ഏറ്റുപറഞ്ഞു. സഹിക്കുന്ന വ്യക്തി പ്രാര്‍ത്ഥിക്കുന്നില്ല എന്നു ഒരിക്കലും ചിന്തിക്കരുതെന്നും സഹിക്കുമ്പോള്‍ ഒരു വ്യക്തി അവന്റെ സഹനങ്ങള്‍ ദൈവത്തിനു സമര്‍പ്പിക്കുകയാണന്നും അമ്മ ത്രേസ്യാ ഓര്‍മ്മിപ്പിക്കുന്നു.
5. പരിശുദ്ധാത്മാവ് ദൈവിക ഗുരുനാഥന്‍ ആണന്നു മറക്കാതിരിക്കുക
ഒരിക്കല്‍ അമ്മ ത്രേസ്യായ്ക്കു പ്രാര്‍ത്ഥനാ ജിവിതത്തില്‍ പ്രയാസങ്ങള്‍ നേരിട്ടപ്പോള്‍ ഒരു ഈശോ സഭാ വൈദീകന്റെ ഉപദേശം തേടുകയുണ്ടായി. അദ്ദേഹത്തിന്റെ ഉപദേശം ലളിതമായി മായിരുന്നു: ' പരിശുദ്ധാത്മാവിനോടു നിരന്തരം പ്രാര്‍ത്ഥിക്കുക ' ആ നിമിഷം മുതല്‍ ഈ വലിയ ഉപേദേശത്തെ അമ്മ ത്രേസ്യാ അക്ഷരം പ്രതി അനുസരിച്ചു. അത് വിശുദ്ധയുടെ ജീവിതത്തില്‍ നല്ല പരിവര്‍ത്തനം കൊണ്ടുവന്നു. വിശുദ്ധ പൗലോസ് റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ പരിശുദ്ധാത്മാവ് പ്രാര്‍ത്ഥനാ ജീവിതത്തില്‍ നമ്മളെ സഹായിക്കുന്നതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു: ' നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെസഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.' (റോമാ 8 : 26) . ഏറ്റവും നല്ല അധ്യാപകനും പ്രാര്‍ത്ഥനയുടെ ആന്തരിക നാഥനുമായ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങളെ നമുക്കും കാതോര്‍ക്കാം.
6. ആത്മീയ നിയന്താവിനു സ്ഥാനം നല്‍കുക
ആത്മീയ ജീവിതത്തില്‍ നിരന്തരമായ വളര്‍ച്ച കൈവരിക്കുന്നതിന് വിജ്ഞാനവും വിശുദ്ധിയുമുള്ള ആത്മീയ നിയന്താവ് വളരെ അത്യത്യാപേഷിതമാണ്. ആത്മീയ അന്ധകാരം നാമെല്ലാവരും ചിലപ്പോള്‍ അനുഭവിക്കുന്നതാണ്. ചില അവസരങ്ങളില്‍ പിശാച് പോലും പ്രകാശത്തിന്റെ മാലാഖയായി വേഷംകെട്ടുമ്പോള്‍ വിവേചനാ ശക്തിയുള്ള ഒരു ആത്മീയ നിയന്താവ് ഇല്ലങ്കില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വരും. തന്റെ ജീവിതകാല ഘട്ടത്തില്‍ അമ്മ ത്രേസ്യാ, ആവിലയിലെ നിരവധി ആത്മീയ നിയന്താക്കളെ സമീപിച്ചിരുന്നു. ഇവരില്‍ കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ (കര്‍മലീത്താ സഭ ), വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ (ഈശോ സഭ ), അല്‍കന്റാരയിലെ വിശുദ്ധ പീറ്റര്‍ (ഫ്രാന്‍സിസ്‌കന്‍ സഭ ) തുടങ്ങിയവര്‍ ഇന്നു കത്തോലിക്കാ സഭയില്‍ വിശുദ്ധരാണ്. നമ്മുടെ ജീവിതത്തിലും തക്ക സമയത്തു വിവേചനപരമായി തീരുമാനം എടുക്കാന്‍ വിശുദ്ധിയും വിജ്ഞാനവുമുള്ള ആത്മീയ നിയന്താവിന്റെ സാന്നിധ്യവും സഹായവും നമുക്കു സഹായകരമാകും.
7. മാനസാന്തരവും നവീകരണവും ജീവിതത്തിന്റെ ഭാഗമാക്കുക
അമ്മ ത്രേസ്യായുടെ ജീവിതത്തിലെ പ്രധാനമായ ഒരു ആകര്‍ഷണം മാനസാന്തരത്തിനും നവീകരണത്തിനുമായി അവള്‍ കൈ കൊണ്ട ധീരമായ നിലപാടുകള്‍ ആയിരുന്നു. കുരിശിലെ വിശുദ്ധ യോഹന്നാനോടൊപ്പം കര്‍മ്മലീത്താ സഭയെ നവീകരിക്കാന്‍ അമ്മ ത്രേസ്യാ ഉപകരണമായി. മറ്റുള്ളവരെ മാനസാന്തരപ്പെടുത്താനുള്ള മാര്‍ഗ്ഗം സ്വയം നവീകരണത്തിലാണ് ആരംഭിക്കുന്നത് എന്ന സത്യം അമ്മ ത്രേസ്യാ നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്നു. 'മാനസാന്തരപ്പെടുവിന്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു.''(മര്‍ക്കോ.1:15). എന്ന ഈശോയുടെ പരസ്യ ജീവിതത്തിലെ ആഹ്വാനം അമ്മ ത്രേസ്യാ തന്റെ നവീകരണ പ്രയത്‌നങ്ങളുടെ ഹൃദയമായി സ്വീകരിച്ചിരുന്നു.
8. ആത്മീയ ക്ലാസിക്കുകളുടെ രചിതാവ്
ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ രചനകള്‍ ആത്മീയ ക്ലാസിക്കുകളായ രചനകള്‍ ആണന്നു സംശയമില്ലാതെ തന്നെ പറയാന്‍ കഴിയും. അമ്മ ത്രേസ്യായുടെ രചനകളിലെ അടിസ്ഥാന വിഷയങ്ങളിലൊന്ന് പ്രാര്‍ത്ഥനയുടെ പ്രാധാന്യമാണ്, കൂടാതെ തന്റെ മണവാളനും സ്വര്‍ഗ്ഗീയ രാജകുമാരനുമായ ഈശോയുമായി ആത്മീയ സായൂജ്യത്തില്‍ എത്തുന്നതിനുള്ള വഴികളും അവളുടെ പ്രധാന വിഷയമായിരുന്നു. പ്രാര്‍ത്ഥനാാ ജീവിതത്തെ ഗൗരവ്വവമായി കണക്കിലെടുക്കുന്നവര്‍ നിര്‍ബദ്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥങ്ങളാണ് അമ്മ ത്രേസ്യായുടെ രചനകള്‍. സ്വയംകൃതചരിത്രം 'സുകൃതസരണി ആഭ്യന്തരഹര്‍മ്മ്യം എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്.
9. കുരിശ് സ്വര്‍ഗ്ഗത്തിലേക്കുള്ള പാലമാണന്നു തിരിച്ചറിയുക
കുരികള്‍ സ്വര്‍ഗ്ഗത്തിലേക്കു നമ്മെ നയിക്കുന്ന പാലങ്ങളാണ്. ഈശോ സുവിശേഷങ്ങളില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്: ' ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. ' (ലൂക്കാ 9 : 23). വിശുദ്ധരുടെ ജീവിതത്തിലെ മറ്റൊരു പൊതു ഘടകം അവരുടെ ജീവിതത്തിലെ കുരിശിന്റെ യാഥാര്‍ത്ഥ്യമാണ്. ''ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും നിരവധി ചെറിയ കുരിശുകള്‍ നല്‍കുകയും ചെയ്യട്ടെ!' വി. ലൂയിസ് ദേ മോണ്ട്‌ഫോര്‍ട്ട് തന്റെ സുഹൃത്തുക്കളെ ആശീര്‍വ്വദിച്ചിരുന്നത് ഇപ്രകാരമായിരുന്നു. .അമ്മ ത്രേസ്യായുടെ ഏറ്റവും അടുത്ത സുഹൃത്ത് ഈശോയുടെ കുരിശായിരുന്നു.
അവളുടെ ആരോഗ്യം മിക്കപ്പോഴും വളരെ ദുര്‍ബലമായിരുന്നു; വളരെ ചെറുപ്പത്തില്‍ തന്നെ മരണ വത്രത്തില്‍ അകപ്പെട്ടു . കൂടാതെ, കര്‍മ്മലീത്താ സഭയെ നവീകരിക്കാന്‍ പരിശ്രമിച്ചപ്പോള്‍ മഠങ്ങളിലെ പല കന്യാസ്ത്രീകളില്‍ നിന്നും നിരന്തരമായ ആക്രമണങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നു. സുഖപ്രദമായ ജീവിതശൈലി സ്വപ്നം കണ്ട ചില കര്‍മ്മലീത്താ വൈദീകരില്‍ നിന്നു അമ്മ ത്രേസ്യായ്ക്കു തടസ്സങ്ങള്‍ നേരിട്ടിരുന്നു. ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ നിരുത്സാഹിയും ഹൃദയം തകര്‍ന്നവളും ആകുന്നതിനു പകരം, അവള്‍ സന്തോഷത്തോടെ കര്‍ത്താവില്‍ കൂടുതല്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തു.
10. പരിശുദ്ധ കന്യകാമറിയത്തോടും വിശുദ്ധ യൗസേപ്പ് പിതാവിനോടുമുള്ള ഭക്തിയില്‍ വളരുക.
വിശുദ്ധ അമ്മ ത്രേസ്യായുടെ സന്യാസജീവിതത്തിലുടനീളം പരിശുദ്ധ കന്യകാമറിയത്തെ അളവറ്റു സ്‌നേഹിച്ചിരുന്നു. കര്‍മ്മല മാതാവിനോടു വിശുദ്ധയ്ക്കു സവിശേഷമായ ഭക്തി ഉണ്ടായിരുന്നു. കര്‍മ്മല ഉത്തരീയം അണിയുവാന്‍ അവള്‍ നിരന്തരം മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചിരുന്നു. വിശുദ്ധ യൗസേപ്പ് പിതാവിന്റെ ആദ്രതയിലും കരുതലുമുള്ള സ്‌നേഹത്തിലും അമ്മ ത്രേസ്യാ സ്വയം സുരക്ഷിതത്വം കണ്ടെത്തിയിരുന്നു. തന്റെ ജീവിതകാലത്തു മരണകരമായ ഒരു രോഗത്തില്‍ നിന്നു രക്ഷ നേടിയത് യൗസേപ്പിതാവിനോടുള്ള സ്വര്‍ഗ്ഗീയ മധ്യസ്ഥതയാലാണന്നു പരസ്യമായി വിശുദ്ധ ഏറ്റുപറഞ്ഞിട്ടുണ്ട്. അമ്മ ത്രേസ്യാ സ്ഥാപിച്ച മഠങ്ങള്‍ക്കു വിശുദ്ധ യൗസേപ്പിതാവിന്റെ പേരാണ് നല്‍കിയിരുന്നത്.
''വിശുദ്ധി എന്നത് കുറച്ചു പേര്‍ക്കു മാത്രമുള്ള ആനുകൂല്യമല്ല, അത് എല്ലാവരുടെയും കടമയാണ് ' എന്ന കല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തേരാസയുടെ വാക്കുകള്‍ ഈ ദിനത്തില്‍ നമുക്കു ഓര്‍മ്മിക്കാം. സ്വര്‍ഗ്ഗത്തിലേക്കുള്ള നമ്മുടെ യാത്രയില്‍ വിശുദ്ധ അമ്മ ത്രേസ്യാ നമുക്കു നിരന്തരം പ്രചോദനമാകട്ടെ. ഹൃദയത്തിന്റെ അഗാധതയില്‍ ക്രിസ്തുവുമായി നടത്തുന്ന സ്‌നേഹ സംഭാഷണങ്ങളാകട്ടെ നമ്മുടെ ജീവിതത്തിനു ശക്തിയും സൗന്ദര്യവും സമ്മാനിക്കേണ്ടത്.
Comments