നവജാതശിശുക്കൾ കൊല്ലപ്പെടുന്നത് കേൾക്കുമ്പോൾ 'അമ്മക്കിതെങ്ങനെ കഴിയുന്നു' എന്ന് ചോദിച്ച് പോകാത്തവരില്ല. അതിനുള്ള ഉത്തരങ്ങളിലൊന്നാണ് പോസ്‌റ്റ്‌പാർട്ടം ഡിപ്രഷൻ എന്ന അതിസാധാരണവും അതീവസങ്കീർണവുമായ മാനസികാവസ്‌ഥ.
പത്തു മാസത്തെ ഗർഭകാലം ഹോർമോണുകളുടെ ചാഞ്ചാട്ടങ്ങളാൽ സമ്പന്നമാണ്. അത് കഴിഞ്ഞ് കുഞ്ഞുവാവ വന്ന് കഴിയുമ്പോൾ സിനിമേലെ ചേച്ചി മാതൃത്വം മൂത്ത് കണ്ണ് നിറക്കുന്നു, മൂക്ക് ചീറ്റുന്നു, താരാട്ട് പാടുന്നു. എന്നാൽ യഥാർത്‌ഥ ജീവിതത്തിലോ...?
അവിടെ അമ്മ കുഞ്ഞിനോട് അടുക്കാനാവാതെ അന്ധാളിക്കുന്നു, തന്റെ ജീവിതം പോയെന്ന് കരുതുന്നു, കുഞ്ഞുവാവേടെ അച്‌ഛനോട് വെറുപ്പ് തോന്നുന്നു, ആത്മഹത്യാപ്രവണത പോലുമുണ്ടാകുന്നു. പുതിയ അമ്മയുടെ നെഞ്ചിൽ സഹിക്കാനാവാത്ത നോവുകൾ കോറിയിടുന്ന "പോസ്റ്റ്പാർട്ടം ബ്ലൂ" എന്ന അവസ്‌ഥ വളരെ സാധാരണമാണ്. ഇത് മൂർച്‌ഛിക്കുമ്പോൾ "പോസ്‌റ്റ്‌പാർട്ടം ഡിപ്രഷൻ" എന്ന രോഗാവസ്‌ഥയിലേക്ക് എത്തിച്ചേരും. പ്രസവം കഴിഞ്ഞ ഏഴിൽ ഒരു സ്‌ത്രീക്ക് ഉണ്ടാകുന്ന ഈ രോഗം വളരെ തീവ്രമാണ് - നമ്മളറിയേണ്ടതാണ്, മനസ്സിലാക്കേണ്ടതാണ്.
പ്രസവശേഷമുണ്ടാകുന്ന അകാരണമായ ദു:ഖം തികച്ചും സ്വാഭാവികമാണ്. ഏകദേശം രണ്ടാഴ്‌ചയോളം കഴിഞ്ഞാൽ തനിയേ മാറുന്ന ഒന്ന്. എന്നിരുന്നാലും, സ്വയം ഉപദ്രവിക്കാനോ കുഞ്ഞിനെ ഇല്ലാതാക്കാനോ ഉള്ള തോന്നലുകൾ, കടുത്ത മാനസികസംഘർഷം, സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കാതിരിക്കുക, അസ്വാഭാവികമായ പെരുമാറ്റങ്ങൾ, മാറിമറിയുന്ന ഉറക്കത്തിന്റെ താളം എന്നിവയോ അതല്ലെങ്കിൽ രണ്ടാഴ്‌ച കഴിഞ്ഞും മാറാത്ത കടുത്ത വിഷമമോ ഉണ്ടാവുകയുമാണെങ്കിൽ മനശാസ്‌ത്ര ചികിത്സ അനിവാര്യമാണ്. പോസ്‌റ്റ്‌പാർട്ടം ഡിപ്രഷന്റെ മരുന്നുകൾ തികച്ചും സുരക്ഷിതമാണ്, നൽകാതിരുന്നാൽ അപകടവുമാണ്.
പലപ്പോഴും 'നവജാതശിശുവിനെ അമ്മ തലക്കടിച്ച് കൊന്നു' എന്ന വാർത്തകൾ പലതും ഇതേ രോഗത്തിന്റെ കടുത്ത വകഭേദമായ 'പോസ്‌റ്റ്‌പാർട്ടം സൈക്കോസിസ്' എന്ന മാനസികാവസ്‌ഥയിലെത്തിയ അമ്മമാർക്ക് സംഭവിക്കുന്നതാവാം.
ആത്മഹത്യയെക്കുറിച്ചോ മറ്റോ ചെറിയൊരു സൂചന തരുന്ന അമ്മയെപ്പോലും അവഗണിക്കരുത്. 'എന്റെ അമ്മയെ എനിക്ക് തന്നൂടായിരുന്നോ' എന്ന് നമ്മുടെ മടിയിലുള്ള നരുന്ത് ജീവൻ നാളെ വളർന്ന് ചോദിക്കുക തന്നെ ചെയ്യും. അമ്മക്കും കുഞ്ഞിനും കൂട്ടാകുക. പോസ്‌റ്റ്‌പാർട്ടം ഡിപ്രഷൻ പൂർണമായും ചികിത്സിച്ച് മാറ്റാനാകും. വേണ്ടത്, വീട്ടുകാരുടേയും ബന്ധുക്കളുടേയും വിരുന്നുകാരുടേയും നാട്ടുകാരുടേയും ഒരു പണിയുമില്ലാത്തപ്പോൾ കുത്തിത്തിരിപ്പുണ്ടാക്കാൻ വരുന്ന അപ്പുറത്തെ വീട്ടിലെ കാരണവത്തിയുടേയുമെല്ലാം ഭാഗത്ത് നിന്നുള്ള സഹകരണമാണ്. 'അവരുടെ വാക്കുക്കൾ അവഗണിച്ചു കൂടേ' എന്ന് ചോദിച്ചാൽ തന്റേതല്ലാത്ത കാരണത്താൽ മനസ്സ് വിഷമിച്ചിരിക്കുന്ന അമ്മക്കത് എളുപ്പം സാധിക്കുന്ന ഒന്നാവണമെന്നില്ല.
ഇതോടൊപ്പം പറയേണ്ടതാണ് പ്രസവരക്ഷ എന്ന പേരിലുള്ള പീഡനങ്ങൾ, കുറേ അഭിപ്രായങ്ങൾ, ജീവിതപങ്കാളിയോടൊപ്പമുള്ള സമയം നിഷേധിക്കുന്നത്, വിനോദോപാധികൾ വിലക്കുന്നത്, കോമൺ സെൻസില്ലാത്ത വിരുന്നുകാർ തുടങ്ങി അമ്മക്കും കുഞ്ഞിനുമുണ്ടാകുന്ന നൂറായിരം സ്‌ട്രെസുകൾ. ഇവയോടൊന്നും ചേർന്ന് പോകാവുന്ന ഒരു മാനസികാവസ്‌ഥയിലാകണമെന്ന് പോലുമില്ല ആ അമ്മ. അവർക്കിച്ചിരെ സ്വൈര്യം കൊടുക്കാൻ കനിവുണ്ടാകണം.
ഇനി ഇതെല്ലാം പോട്ടെ. നിങ്ങൾ ജനിപ്പിച്ച കുഞ്ഞിനെ നിങ്ങൾക്ക് വേണ്ടെന്നിരിക്കട്ടെ. ആ ജീവനെടുക്കാൻ ഒരാൾക്കും അവകാശമില്ല. നിങ്ങൾക്ക് ആ കുഞ്ഞിനെ ഒരാളുമറിയാതെ നിങ്ങളുടെ ജില്ലയിലുള്ള അമ്മതൊട്ടിലിൽ നിക്ഷേപിക്കാം, അടുത്തുള്ള അനാഥാലയത്തിൽ ഏൽപ്പിക്കാം (അനാഥാലയങ്ങളുടെ ലിസ്‌റ്റിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യാം : http://swd.kerala.gov.in/.../Downloadables/OTHERS/25591.pdf), ചൈൽഡ് വെൽഫെയർ സെന്ററുകളിലോ, നിയമാനുസൃതം ദത്തെടുക്കാനോ കൊടുക്കാം.
നിങ്ങൾക്ക് വേണ്ടെങ്കിൽ ആ കുഞ്ഞ് എവിടെയെങ്കിലും സ്വസ്‌ഥമായി, സമാധാനമായി, സന്തോഷമായി ജീവിച്ചോട്ടെ.
അതുമൊരു ജീവനാണ്...
Comments