ദൈവസ്‌നേഹവും കരുതലും കൈമുതലാക്കി ദൈവരാജ്യം ലക്ഷ്യമാക്കുന്നതോടൊപ്പം നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. തെക്കുംഭാഗജനതയ്ക്കായി 'ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി' എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാർപാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 114-ാം അതിരൂപതാതല ആഘോഷങ്ങൾ കോതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധിയിൽ വളരുവാനും ശുശ്രൂഷയുടെ ജീവിതശൈലി സ്വീകരിക്കുവാനും പ്രേഷിത ചൈതന്യത്തിൽ അനുദിനം വളരുവാനും വിളിക്കപ്പെട്ടവരാണു നാമോരോരുത്തുമെന്ന് അനുസ്മരിക്കണമെന്നും സമൂഹനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ എല്ലാവിഭാഗം ജനങ്ങൾക്കുമായി സഭ ചെയ്യുന്ന ശുശ്രൂഷകൾ നമ്മുടെ ഒരുമയുടെയും വിശ്വാസനിറവിന്റെയും നേർസാക്ഷ്യമാണെന്നും അഭിവന്ദ്യ പിതാവ് അനുസ്മരിച്ചു. അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപതാ പാസ്റ്ററൽ കോർഡിനേറ്റർ ഫാ. മാത്യു മണക്കാട്ട് അതിരൂപതയുടെ കഴിഞ്ഞ ഒരു വർഷത്തെ അജപാലന പ്രവർത്തനങ്ങളെക്കുറിച്ചും അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് പ്രേഷിത കുടിയേറ്റ സ്മാരകമായി അതിരൂപത കൊടുങ്ങല്ലൂരിൽ നിർമ്മിക്കുന്ന ഓർമ്മക്കൂടാരത്തെക്കുറിച്ചും അവതരണം നടത്തി. വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട അതിരൂപതാംഗങ്ങളെ ആദരിച്ചു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ തോമസ് ആനിമൂട്ടിൽ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി എബ്രാഹം പറമ്പേട്ട്, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ലിസി മുടക്കോടിൽ, കെ.സി.ഡബ്ല്യു. എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, കെ.സി.വൈ.എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സാബു കരിശ്ശേരിക്കൽ നന്ദി പറഞ്ഞു. അതിരൂപതാ പതാക ഉയർത്തലോടെയാണ് ആഘോഷങ്ങൾക്കു തുടക്കമായത്. പരമ്പരാഗത ക്‌നാനായ വേഷധാരികളായ കെ.സി.സി, കെ.സി.വൈ.എൽ അംഗങ്ങൾ ക്‌നാനായ പാരമ്പര്യമായ നടവിളികളോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടർന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയിൽ അതിരൂപതയിലെ വൈദികർ സഹകാർമ്മികരായി പങ്കെടുത്തു. തുടർന്ന് പുരുഷന്മാരുടെ മാർഗ്ഗംകളി പയ്യാവൂർ സെന്റ് ആൻസ് യൂണിറ്റിലെ കെ.സി.സി അംഗങ്ങൾ അവതരിപ്പിച്ചു. അതിരൂപതയിലെ വൈദികരും സമർപ്പിത പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പാരിഷ് കൗൺസിൽ അംഗങ്ങളും സമുദായസംഘടനാ ഭാരവാഹികളും ഇടവക പ്രതിനിധികളും ആഘോഷങ്ങളിൽ പങ്കെടുത്തു.
കോട്ടയം അതിരൂപതാ ദിനാഘോഷങ്ങൾ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു
ഫാ. മൈക്കിൾ വെട്ടിക്കാട്ട്
വികാരി ജനറാൾ
ഫോൺ: 9447365180
Comments