ജോബി ബേബി
കേരളത്തിലെ വിവധ ജില്ലകളുടെ പല ഭാഗങ്ങളിലും ഇപ്പോൾ സ്ക്രബ് ടൈഫസ് (ചെള്ള് പനി)റിപ്പോർട്ട് ചെയ്ത സഹചര്യത്തിൽ പൊതുജനങ്ങൾ ഇതിനെപ്പറ്റി ബോധവാൻമാരായിരിക്കേണ്ടത് അത്യാവശ്യമാണ്.ഒറിൻഷ്യ സുത്സുഗാമുഷി എന്ന ബാക്ടീരിയയാണ് സ്ക്രബ് ടൈഫസിന് കാരണം.സുത്സുഗ(അസുഖം),മുഷി(പ്രാണി)എന്നീ ജാപ്പനീസ് പദങ്ങൾ ചേർത്താണ് ബാക്ടീരിയക്ക് പേരുണ്ടായത്.റിക്കെറ്റ്‌സിയ ബാക്ടീരിയാ വാഹകരായ ഇതിലേതെങ്കിലും ജീവിയുടെ ദംശനം ഏൽക്കുകയാണെങ്കിൽ, ആ വ്യക്തിയിലേക്ക് ബാക്ടീരിയ പകരുന്നു. കടിയേറ്റ ഭാഗത്ത് ചൊറിയുന്നതിലൂടെ ആ ഭാഗം കൂടുതൽ തുറക്കുകയും, ബാക്ടീരിയക്ക് കുടുതൽ ഉള്ളിലേക്ക് കടന്ന് രക്തധാരയിൽ പ്രവേശിക്കുവാൻ കഴിയുകയും ചെയ്യുന്നു. അവിടെ അത് പുനരുല്പാദനം നടത്തി വളരുന്നു. വ്യത്യസ്തമായ മൂന്ന് തരത്തിലുള്ള ടൈഫസ് രോഗം നിലവിലുണ്ട്. അവഃ എപ്പിഡെമിക് ടൈഫസ്, എൻഡെമിക് ടൈഫസ്, സ്‌ക്രബ് ടൈഫസ് എന്നിവയാണ്.
ടൈഫസിന്റെ കാരണങ്ങൾ
ജലദോഷംപോലെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ടൈഫസ് സാധാരണയായി കൈമാറ്റം ചെയ്യപ്പെടാറില്ല. മൂന്ന് വ്യത്യസ്ത തരത്തിലുള്ള ടൈഫസും, ഓരോ വിഭാഗത്തിലുള്ള ആർത്രൊപോഡിനാൽ കൈമാറ്റം ചെയ്യപ്പെടുന്ന വിഭിന്നങ്ങളായ മൂന്ന് ബാക്ടീരിയങ്ങൾ കാരണമായിട്ടാണ് ഉണ്ടാകുന്നത്.
എപ്പിഡെമിക്/പേനിലൂടെ പകരുന്ന ടൈഫസ്
പേനുകൾ വഹിക്കുന്ന റിക്കെറ്റ്‌സിയാ പ്രൊവാസെകീ എന്ന ബാക്ടീരിയ മുഖാന്തിരമാണ് ഇത്തരത്തിലുള്ള ടൈഫസ് ഉണ്ടാകുന്നത്. ചെള്ളിലൂടെയും ഇത് പകരാം. അമേരിക്ക ഉൾപ്പെടെ ലോകത്തെല്ലായിടവും ഇത് കാണപ്പെടുന്നു. എങ്കിലും പേനിന്റെ ഉപദ്രവം ഉണ്ടാകുന്നതിന് അനുയോജ്യമായ അവസ്ഥകൾ നിലകൊള്ളുന്ന ഉയർന്ന ജനസംഖ്യയും, ശോചനീയമായ ശുചിത്വ പരിതഃസ്ഥിതികളുമുള്ള പ്രദേശങ്ങളിലാണ് ഇവ പ്രത്യേകമായും കണ്ടുവരുന്നത്.
എൻഡെമിക് ടൈഫസ്
റിക്കെറ്റ്‌സിയാ ടൈഫി എന്ന ബാക്ടീരിയ കാരണമായി ഉണ്ടാകുന്ന ഈ ടൈഫസ് രോഗത്തിനെ മ്യൂറൈൻ ടൈഫസ് എന്നും പറയുന്നു. എലിച്ചെള്ളോ, പൂച്ചയുടെ മേലുള്ള ചെള്ളോ ആണ് ഇതിന്റെ വാഹകർ. ലോകവ്യാപകമായി ഈ ടൈഫസിനെ കാണുവാനാകും. എലികളുമായി വളരെ അടുത്ത സമ്പർക്കമുള്ള ആളുകൾക്കാണ് ഈ രോഗം പിടിപെടുന്നത്.
സ്‌ക്രബ് ടൈഫസ്
ഓറിയെന്റാ സുറ്റ്‌സുഗമൂഷി എന്ന ബാക്ടീരിയയാണ് ഈ ടൈഫസിന് കാരണമാകുന്നത്. നായുണ്ണി പോലെയുള്ള ചെള്ളുവർഗ്ഗ ജീവികളുടെ ലാർവാ അവസ്ഥയിലാണ് ഇത് കാണപ്പെടുന്നത്. ഏഷ്യ, ഓസ്‌ട്രേലിയ, പാപ്പുവാ ന്യൂ ഗിനിയ, പസഫിക് ദീപുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരം ടൈഫസാണ് ഏറ്റവും പൊതുവായി കാണപ്പെടുന്നത്. സുറ്റ്‌സുഗാമൂഷി രോഗം എന്നും ഇത് അറിയപ്പെടുന്നു.
പേൻ, ചെള്ള്, മാൻചെള്ള്, നായുണ്ണി തുടങ്ങിയ ജീവികൾ രോഗംബാധിച്ച ആളിനെയോ (എപ്പിഡെമിക് ടൈഫസ്), അതുമല്ലെങ്കിൽ രോഗംബാധിച്ച കരണ്ടുതിന്നുന്ന വർഗ്ഗത്തിൽപ്പെട്ട ജീവികളെയോ (മുകളിൽ പറഞ്ഞ ഏത് ടൈഫസുമാകാം) കടിക്കുന്നതിലൂടെ ബാക്ടീരിയാ വാഹകരായി മാറുന്നു.
ഇത്തരത്തിലുള്ള കീടങ്ങളുമായി സമ്പർക്കത്തിലാകുകയാണെങ്കിൽ (ഉദാഹരണത്തിന് പേൻ ബാധിച്ച കിടക്കവിരിപ്പിൽ കിടന്നുറങ്ങുക), രണ്ട് രീതിയിൽ ഒരാളിന് രോഗബാധയുണ്ടാകാം. അതായത് അവ കടിക്കുന്നത് കാരണമായി ത്വക്കിലൂടെ പകരുന്നു എന്നതിനുപുറമെ അവയുടെ വിസർജ്ജ്യങ്ങളിലൂടെ ബാക്ടീരിയ പകരുന്നു. പേനോ ചെള്ളോ കടിച്ച് രക്തം കുടിക്കുകയായിരുന്ന ഭാഗത്ത് ചൊറിയുന്നതിലൂടെ, അവയുടെ വിസർജ്ജ്യത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ബാക്ടീരിയ സൂക്ഷ്മ മുറിവുകളിലൂടെ ഒരാളിന്റെ രക്തധാരയിൽ പ്രവേശിക്കുന്നു.
രോഗലക്ഷണങ്ങൾ:-
പനിയും ശരീരത്തിൽ തിണർപ്പുകളുമാണ് പ്രാരംഭ ലക്ഷണങ്ങൾ.
പ്രാണി കടിച്ചു 10ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.
പനിക്കും കുളിരിനും പുറമേ തലവേദന,ശരീരവേദന,പേശിവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും.
രോഗം പുരോഗമിക്കുന്നതോടെ അവയവനാശം,രക്തസ്രാവം,മാനസീക പ്രശ്നങ്ങൾ തുടങ്ങിയവയും രോഗിയെ ബാധിക്കും.
പരിഹാര മാർഗ്ഗങ്ങൾ:-
സ്ക്രബ് ടൈഫസ് പിടിപെടാതിരിക്കാൻ കാടും പടലവുമുള്ള സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണം.
ശരീരം മുഴുവൻ മൂടുന്ന തരത്തിൽ കുട്ടികളെ വസ്ത്രം ധരിപ്പിക്കുന്നതും കൊതുക് വലകൾ ഉപയോഗിക്കുന്നതും സ്ക്രബ് ടൈഫസ് പരത്തുന്ന പ്രാണികളുടെ കടിയേൽക്കാതിരിക്കാൻ സഹായിക്കും.
പ്രാണികളെ അകറ്റുന്ന സ്പ്രേ വീടിന്റെ ചുറ്റുവട്ടത്ത് തളിക്കുന്നതും രോഗവ്യാപനം കുറയ്ക്കും.
ചികിത്സിക്കാതിരിക്കുകയാണെങ്കിൽ, ഗുരുതരമായ സങ്കീർണ്ണതകൾക്കും മരണത്തിനുവരെ കാരണമാകുവാൻ ടൈഫസിന് കഴിയും. ടൈഫസ് ഉണ്ടെന്നുള്ള സന്ദേഹം ഉണ്ടാകുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
Comments