Foto

ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്താ: ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്താ: ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി     
 

കൊച്ചി: ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠനായിരുന്നു 103-മത്തെ വയസിൽ നമ്മിൽനിന്നു വേർപിരിഞ്ഞുപോയ ഫീലിപ്പോസ് മാർ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്താ. കരുത്താർന്ന സുവിശേഷപ്രസംഗങ്ങളിലൂടെ അദ്‌ദേഹം അനേകായിരങ്ങളെ ദൈവത്തിലേക്കും മനുഷ്യസേവനത്തിലേക്കും ആനയിച്ചു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹിക പ്രവർത്തനങ്ങൾ വഴി അനേകർക്കു സംരക്ഷണവും ആശ്വാസവും നൽകി. മാരാമൺ കൺവെൻഷൻ മാർതോമാസഭയുടെ മുഖമുദ്രയാക്കിക്കൊണ്ടു കേരളത്തിൽ സഭയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കി. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ഉന്നതരും സാധാരണക്കാരുമായ എല്ലാ മനുഷ്യർക്കും അദ്‌ദേഹം സ്വീകാര്യനായിത്തീർന്നു. നർമ്മംകലർന്ന സംഭാഷണങ്ങൾ അദ്‌ദേഹത്തിന്റെ സദസുകളെ സന്തോഷഭരിതമാക്കി. ഫലിതങ്ങളിലൂടെയുള്ള ജീവിതഗന്ധിയായ സന്ദേശങ്ങൾ ജനങ്ങൾക്കു ഹൃദയാവർജകമായി.

ഏല്ലാ വിഭാഗം ജനങ്ങളെയും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വലിയ മെത്രാപ്പോലീത്ത സഭൈക്യരംഗത്തും സജീവമായിരുന്നു. കത്തോലിക്കാസഭയിൽ നവീകരണത്തിന്റെ വഴി തുറന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി എക്യുമെനിക്കൽ പ്രതിനിധിയായി പങ്കെടുത്തിരുന്നു. വൈദികമേലദ്ധ്യക്ഷന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അദ്‌ദേഹം ഒരു മാതൃകയായിരുന്നു. മാർതോമാസഭയ്ക്ക് അദ്‌ദേഹം നൽകിയ ദിശാബോധം ഇതര സഭകൾക്കും മതസമൂഹങ്ങൾക്കും പ്രചോദനം നൽകുന്നതായിരുന്നു. കണ്ടറിഞ്ഞനാൾ മുതൽ അദ്‌ദേഹം എന്നെ സ്‌നേഹിച്ചു; ഞാൻ അദ്‌ദേഹത്തെയും. അദ്‌ദേഹത്തിൽ നിന്നും ലഭിച്ച പ്രചോദനങ്ങൾ എന്റെ ജീവിതത്തിനും സഭാശുശ്രൂഷയ്ക്കും പ്രചോദനം നൽകിയിട്ടുണ്ട്. അദ്‌ദേഹത്തിന് എന്റെ സ്‌നേഹം നിറഞ്ഞ ആദരാജ്ഞലികൾ.  

ജനഹൃദയങ്ങളിൽ ഫീലിപ്പോസ് മാർ ക്രിസോസ്റ്റോം തിരുമേനിക്ക് എന്നും സ്ഥാനമുണ്ടായിരിക്കും. കാരുണ്യവാനായ ദൈവം അദ്‌ദേഹത്തിനു നിത്യസൗഭാഗ്യം നൽകുമാറാകട്ടെ. വലിയ മെത്രാപ്പോലീത്തായുടെ നിര്യാണത്തിലുള്ള കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും കേരള ഇന്റർ ചർച്ച് കൗൺസിലിന്റെയും അനുശോചനം മലങ്കര മാർതോമ സുറിയാനി സഭാദ്ധ്യക്ഷൻ അഭിവന്ദ്യ തെയഡ്യോഷ്യസ് മാർതോമാ മെത്രാപ്പോലീത്തായോടും സഭാംഗങ്ങൾ എല്ലാവരോടും അറിയിക്കുന്നു. അദ്‌ദേഹത്തിന്റെ ജീവിതവും ശുശ്രൂഷകളും സഭാപ്രവർത്തകർക്കും സാമൂഹികസേവകർക്കും എന്നും പ്രകാശം പകരട്ടെ.

 

Foto

Comments

leave a reply

Related News