Foto

കുടുംബവര്‍ഷാചരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മാര്‍ച്ച് 19-ന് കണ്ണമാലിയില്‍

കൊച്ചി: കത്തോലിക്കാ സഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി എന്നും ഉയര്‍ത്തിക്കാണിക്കുന്ന ഔസേപ്പിതാവിന്റെ വര്‍ഷത്തില്‍തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കുടുംബവര്‍ഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 19-ന് കണ്ണമാലിയില്‍ നടക്കും. 2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെയായിരിക്കും കുടുംബവര്‍ഷമായി ആചരിക്കപ്പെടുക. സ്‌നേഹത്തിന്റെ സാക്ഷികളായി കുടുംബങ്ങള്‍ മാറണം എന്ന മഹത്തായ ആഹ്വാനം കുടുംബവര്‍ഷ പ്രഖ്യാപനത്തിലൂടെ സഭ ലക്ഷ്യം വയ്ക്കുന്നു. കുടുംബദര്‍ശനം സഭയിലും സമൂഹത്തിലും ''ജീവന്റെ സമൃദ്ധിയും  സംരക്ഷണവും കുടുംബങ്ങളിലൂടെ'' എന്ന സന്ദേശം വ്യാപകമാക്കുവാന്‍ ശ്രമിക്കും.

കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ഔസേപ്പിതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ കൊച്ചി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് കരിയില്‍ നിര്‍വഹിക്കും. പ്രൊലൈഫ് ദിനത്തിനൊരുക്കമായി ആവിഷ്‌കരിച്ചിരിക്കുന്ന പ്രൊലൈഫ് വാരാചരണത്തിന്റെയും  പ്രേഷിത പ്രാര്‍ത്ഥനാ തീര്‍ത്ഥയാത്രയുടെയും ഉദ്ഘാടനം മാര്‍ച്ച് 19-ന് നടക്കും.

പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ നടന്ന കെസിബിസി പ്രൊലൈഫ് സംസ്ഥാന നേതൃസമ്മേളനം ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ചു. കോവിഡ് കാലഘട്ടത്തില്‍ ''ഒറ്റയ്ക്കല്ല ഒപ്പമുണ്ട്'' എന്ന പദ്ധതിയിലൂടെ വിവിധ സാമൂഹ്യ ജീവകാരുണ്യ സേവന ശൂശ്രൂഷകള്‍ നിര്‍വഹിക്കുവാന്‍ കഴിഞ്ഞത് യോഗം വിലയിരുത്തി. പ്രതിസന്ധികള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് കൗണ്‍സിലിംഗ് അടക്കമുള്ള പിന്തുണയും പ്രത്യാശയും നല്‍കുന്നതാണ്. മാസത്തിലൊരു ദിവസം കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കുമായി മാറ്റി വയ്ക്കും. ജീവന്റെ സുവിശേഷം എന്ന ചാക്രിയ ലേഖനം കുടുംബങ്ങളില്‍ എത്തിക്കും. കേരളത്തിലെ 5 മേഖലകളിലും, 32 രൂപതകളിലും പ്രൊലൈഫ് വാരാചരണവും, ദിനാഘോഷവും നടക്കും. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, വൈസ് പ്രസിഡന്റുമാരായ ജെയിംസ് ആഴ്ച്ചങ്ങാടന്‍, ഉമ്മച്ചന്‍ ചക്കുപുര, സെക്രട്ടറിമാരായ മാര്‍ട്ടിന്‍ ന്യൂനസ്, വര്‍ഗീസ് പി എല്‍ എന്നിവര്‍ പ്രസംഗിച്ചു.  

 

Foto

Comments

leave a reply

Related News